• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: എന്താണ് ബ്ലാക്ക് ഫംഗസ്? രോഗം ഇന്ത്യയിൽ വലിയ ഭീഷണിയായി മാറുന്നത് എന്തുകൊണ്ട്?

Explained: എന്താണ് ബ്ലാക്ക് ഫംഗസ്? രോഗം ഇന്ത്യയിൽ വലിയ ഭീഷണിയായി മാറുന്നത് എന്തുകൊണ്ട്?

കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരകയറുന്നതിനിടയിലാണ് രോഗികളുടെ ദുരിതം വർദ്ധിപ്പിക്കുന്ന തരത്തിൽ ഈ പുതിയ ഫംഗസ് ബാധയുടെ ആക്രമണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊറോണ വൈറസ് രണ്ടാം തരംഗം അതിരൂക്ഷമായാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത്. ഇതിനിടയിലാണ് കൂനിൻമേൽ കുരു പോലെ ബ്ലാക്ക് ഫംഗസ് എന്നൊരു അണുബാധയും ആളുകളെ ബാധിക്കാൻ തുടങ്ങിയത്. ഇന്ത്യയിലെ ആയിരക്കണക്കിന് കൊറോണ വൈറസ് രോഗികളിലാണ് മാരകമായതും ആക്രമണാകാരിയുമായ ഈ ഫംഗസ് അണുബാധയുണ്ടായത്. കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരകയറുന്നതിനിടയിലാണ് രോഗികളുടെ ദുരിതം വർദ്ധിപ്പിക്കുന്ന തരത്തിൽ ഈ പുതിയ ഫംഗസ് ബാധയുടെ ആക്രമണം.

  എന്താണ് ബ്ലാക്ക് ഫംഗസ്
  'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, മണ്ണിൽ കാണപ്പെടുന്ന ഒരു പൂപ്പൽ, ചീഞ്ഞ ഇലകൾ പോലുള്ള ജൈവവസ്തുക്കൾ എന്നിവ മൂലമാണ് ഉണ്ടാകുന്നതെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അഭിപ്രായപ്പെടുന്നു. ഫംഗസിൻ്റെ അണുക്കൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് പലതരം ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയർ ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ മലിനജലം അടങ്ങിയ ഓക്സിജൻ ടാങ്കുകൾ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.

  ബ്ലാക്ക് ഫംഗസ് എത്രത്തോളം അപകടകാരിയാണ്?
  വളരെയധികം ആക്രമണകാരിയായ ഒരു ഫംഗസാണ് 'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്. ശരീരത്തിലെ ഫംഗസ് ബാധിച്ച് കോശങ്ങൾ നീക്കം ചെയ്യുന്നതിന്, രോഗ ബാധ ആദ്യമേ കണ്ടുപിടിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ ഫംഗസ് തലച്ചോറിലേക്ക് എത്തുന്നത് തടയാൻ ശസ്ത്രക്രിയ വിദഗ്ധർക്ക് ചിലപ്പോൾ രോഗികളുടെ മൂക്ക്, കണ്ണുകൾ അല്ലെങ്കിൽ താടിയെല്ല് വരെ നീക്കം ചെയ്യേണ്ടി വരും.
  സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്ന കണക്കനുസരിച്ച് ഫംഗസ് ബാധിക്കുന്നവരുടെ ശരാശരി മരണനിരക്ക് 54 ശതമാനമാണ്.

  രോഗം ബാധിച്ചുകഴിഞ്ഞാൽ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരിക്കും. എങ്കിലും ഇതൊരു പകർച്ചവ്യാധിയല്ലെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. ഇന്ത്യയിൽ സാധാരണയായി പ്രതിവർഷം ഏതാനും ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണയായി ശരീരത്തിൻ്റെ പ്രതിരോധം ഫംഗസിനെ പുറന്തള്ളുന്നു. രോഗപ്രതിരോധ ശേഷി വളരെ ദുർബലമായവരെ മാത്രമാണ് ഫംഗസ് ബാധിക്കുകയുള്ളൂ. ഉദാഹരണത്തിന് അവയവമാറ്റ ശസ്ത്രക്രിയ അല്ലെങ്കിൽ കാൻസർ രോഗികൾ തുടങ്ങിയവർക്ക് ബ്ലാക്ക്ഫംഗസ് ഒരു മാരക രോഗമാണ്.

  കൊറോണ വൈറസ് രോഗികൾ അപകടത്തിലാകുന്നത് എന്തുകൊണ്ട്?
  കൊറോണ വൈറസ് ബാധയും മറ്റ് അവസ്ഥകളും കാരണം, "സൈറ്റോകൈൻ സ്റ്റോം" എന്നറിയപ്പെടുന്ന അപകടകരമായ ഒരു പ്രതിഭാസം സംഭവിക്കുന്നു. അവിടെ രോഗപ്രതിരോധം വളരെയധികം കൂട്ടുകയും അവയവങ്ങൾക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിന് ഡോക്ടർമാർ സ്റ്റിറോയിഡുകൾ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും ശരീരത്തിൻ്റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഫംഗസുകൾ വളരുന്നതിന് കാരണമാകുന്നു.

  മറ്റ് ഘടകങ്ങൾ എന്തെല്ലം?
  പ്രമേഹരോഗികളിലും അപകടസാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ തോത് ഉയർന്നതാണ്. ചില ആശുപത്രികളും ഡോക്ടർമാരും സ്റ്റിറോയിഡുകൾ അമിതമായി നിർദ്ദേശിക്കുന്നുണ്ട്. മറ്റു ചില ആളുകൾ വൈദ്യോപദേശമില്ലാതെ തന്നെ ഇവ ഉപയോഗിക്കുന്നു. ആളുകൾ സ്റ്റിറോയിഡുകൾ, അമിതമായും അനുചിതമായും ഉപയോഗിക്കാൻ തുടങ്ങിയെന്ന് പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയിലെ പ്രൊഫസർ കെ. ശ്രീനാഥ് റെഡ്ഡി പറഞ്ഞു.

  നിലവിൽ എത്ര കേസുകൾ ഉണ്ട്?
  ഇന്ത്യയിൽ കുറഞ്ഞത് 7,250 കേസുകളെങ്കിലും ഉണ്ടെന്ന് സർക്കാർ, കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഇപ്പോൾ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ 1,200 ഓളം രോഗികളാണുള്ളത്. നിലവിൽ ഒമ്പത് സംസ്ഥാനങ്ങൾ ഇപ്പോൾ അണുബാധയെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി നഗരങ്ങളിൽ പ്രത്യേക ആശുപത്രികളും വാർഡുകളും രോഗത്തെ പ്രതിരോധിക്കുന്നതിനായി തുറന്നിട്ടുണ്ട്. ബ്ലാക്ക്ഫംഗസ് കാരണം ദേശീയതലത്തിൽ എത്രപേർ മരിച്ചുവെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞത് 219 മരണം നടന്നിട്ടുണ്ടാകുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

  ബ്ലാക്ക് ഫംഗസ് ചികിത്സ
  അണുബാധയെ ചികിത്സിക്കുന്നതിനുള്ള ആംഫോട്ടെറിസിൻ ബി എന്ന പ്രധാന ആൻ്റി ഫംഗസ് മരുന്നിന് കടുത്ത ക്ഷാമമാണ് നിലവിൽ നേരിടുന്നത്. 'ലോകത്തിൻ്റെ ഫാർമസി' എന്ന് ഒരിക്കൽ വിളിച്ചിരുന്ന രാജ്യത്തെ സർക്കാരും മരുന്ന് കമ്പനികളും ഉൽ‌പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് മരുന്നുകളായ റെംഡെസിവിർ, പ്ലാസ്മ എന്നിവ പോലും ആവശ്യമായ അളവിൽ വിതരണം ചെയ്യുന്നതിൽ സർക്കാർ നേരത്തെ പരാജയപ്പെട്ടുവെന്ന് ആരോഗ്യ പ്രവർത്തകയായ അമുല്യ നിധി പറഞ്ഞു. ബ്ലാക്ക് ഫംഗസിൻ്റെ കാര്യത്തിലും സർക്കാർ ഇതേ തെറ്റ് ആവർത്തിച്ചിരിക്കുകയാണ്. ആദ്യത്തെ (ഫംഗസ്) കേസിനെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ സർക്കാർ പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും. ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾക്കായി ആളുകൾ യാചിക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകാൻ പടില്ലായിരുന്നുവെന്നും അമുല്യ നിധി കൂട്ടിച്ചേർത്തു.

  Also Read ബാർജ് ദുരന്തം: മുന്നറിയിപ്പ് ലഭിച്ചിട്ടും മടങ്ങിയില്ല, ദുരന്തം ക്യാപ്റ്റന് സംഭവിച്ച വീഴ്ചയെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി

  ബ്ലാക്ക് ഫംഗസ് കേരളത്തിൽ
  ഫംഗസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളവും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കണമെന്നും കൊവിഡ‍് വന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും നേത്രരോഗ വിദഗ്ധൻ ഡോ അതുൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ നാല് ഡോക്ടർമാർ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അതിൽത്തന്നെ രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരിൽ 83 പേർ പ്രമേഹ രോഗികളായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

  Also Read ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി

  ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് കൺവീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേർന്ന് സ്ഥിതി വിലയിരുത്തും. നിലവിൽ ബ്ലാക്ക്ഫംഗസ് രോഗബാധിതരായി സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു.
  വിവിധ ജില്ലകളിൽ നിന്നുള്ള ഒൻപത് പേരാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗ ബാധിതകർ കൂടിയാൽ പ്രത്യേക വാർഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
  Published by:Aneesh Anirudhan
  First published: