• HOME
 • »
 • NEWS
 • »
 • explained
 • »
 • Morris Coin cheating case | എന്താണ് മോറിസ് കോയിൻ തട്ടിപ്പ്? ഒരു വെബ്‌സൈറ്റ് മാത്രമുപയോഗിച്ച് 1,200 കോടിയുടെ തട്ടിപ്പ് നടത്തിയതെങ്ങനെ?

Morris Coin cheating case | എന്താണ് മോറിസ് കോയിൻ തട്ടിപ്പ്? ഒരു വെബ്‌സൈറ്റ് മാത്രമുപയോഗിച്ച് 1,200 കോടിയുടെ തട്ടിപ്പ് നടത്തിയതെങ്ങനെ?

2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കൂട്ടുപാടം പോലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്

 • Share this:
  രാജ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉള്‍പ്പടെയുള്ള പല അന്വേഷണ ഏജന്‍സികളും (Investigative Agency) ഇപ്പോള്‍ ഒരു മലയാളിയുടെ പിറകെയാണ്. ഉയര്‍ന്ന വരുമാനം നേടാമെന്ന് കാണിച്ച് ആയിരക്കണക്കിന് ആളുകളെ പറ്റിച്ച ഈ മലയാളി യുവാവ് 1,200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പാണ് (Cryptocurrency Fraud) നടത്തിയത്.

  മലപ്പുറം സ്വദേശിയായ നിഷാദ് കെ എന്ന 31-കാരനാണ് മോറിസ് കോയിന്‍ ഡോട്ട് കോം (morriscoin.com) എന്ന വെബ്‌സൈറ്റിലൂടെ ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് നടത്തിയത്. 'മോറിസ് കോയിന്‍' എന്ന, നിലവിലില്ലാത്ത ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസി മലയാളികള്‍ (എന്‍ആര്‍കെ) ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിഷാദ് ഭീമമായ തുക തട്ടിയെടുത്തത്. നിലവില്‍ യുവാവ് രാജ്യം വിട്ട് പശ്ചിമേഷ്യയില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് ലഭിക്കുന്ന വിവരം.

  ഇയാളും കൂട്ടാളികളും തട്ടിയെടുത്ത തുക തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റിലും മറ്റ് പദ്ധതികളിലും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിഷാദിന്റെയും ഇയാളുടെ ഇടപാടുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി.

  മോറിസ് കോയിന്‍ വെബ്‌സൈറ്റ് സൃഷ്ടിച്ച നിഷാദിനെ, ഇടപാടുകാര്‍ക്ക് ബന്ധപ്പെടാന്‍ വിലാസമോ ടെലിഫോണ്‍ നമ്പറോ ഒന്നും ഇല്ലായിരുന്നു. പക്ഷേ ആളുകള്‍ യുവാവിനെ വിശ്വസിച്ച്, മോറിസ് കോയിനും നിക്ഷേപിച്ച തുകയുടെ മൂന്ന് ശതമാനവും ദിവസേന റിട്ടേണായി ലഭിക്കുമെന്ന ഉറപ്പില്‍ പണം നിക്ഷേപിച്ചു.

  2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കൂട്ടുപാടം പോലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നിഷാദ് അറസ്റ്റിലാവുകയും കേസില്‍ ജാമ്യം നേടുകയും ചെയ്തു. ജാമ്യം ലഭിച്ച് ഒളിവില്‍ പോയ നിഷാദിനെ പിന്നീട് കണ്ടെത്താനായിട്ടില്ല. 2021 നവംബറില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് നിക്ഷേപം ശേഖരിച്ച നിഷാദിന്റെ ഇടനിലക്കാരായ ഏഴുപേരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നു.

  'മോറിസ് കോയിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ 300 ഡേയ്‌സ്' എന്ന പേരില്‍ ഒരു തട്ടിപ്പ് നിക്ഷേപ പദ്ധതി നടത്തിയതിനാണ് അന്ന് നിഷാദിനെതിരെയുള്ള കേസ്. ''അറസ്റ്റിലായ സമയത്ത്, തട്ടിപ്പ് ഇത്രയും വലുതായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അയാള്‍ പിന്നീട് ജാമ്യം നേടുകയും ഒളിവില്‍ പോവുകയും ചെയ്തു'', കണ്ണൂര്‍ എസിപി പി പി സദാനന്ദനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  പിടിയിലായവര്‍ പണം കൈപ്പറ്റാന്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു

  തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരില്‍ നിന്ന് പോലീസിന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നിഷാദിന്റെ ഏഴ് ഇടനിലക്കാരെ പിടികൂടിയിരുന്നു. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതില്‍ എസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് നിര്‍ണായക പങ്ക് വഹിച്ചത്.

  പിടിയിലായ നിഷാദിന്റെ ഇടനിലക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സദാനന്ദന്‍ പറഞ്ഞു. ഉജ്ജീവന്‍ ബാങ്കിന്റെ കേരളത്തിലെ ഗ്രാമീണ ശാഖകളിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

  ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം വകമാറ്റാന്‍ നിഷാദിനെ സഹായിച്ചത് പിടിയിലായ ഇടനിലക്കാരായിരുന്നു. ഇവര്‍ ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിന്ന് 90 കോടി മുതല്‍ 100 കോടി രൂപ വരെ ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി എസ്പി പറഞ്ഞു.

  തട്ടിപ്പില്‍ 1.05 ലക്ഷം രൂപ നഷ്ടപ്പെട്ട കളമശ്ശേരി സ്വദേശി സുഫില്‍ റിസ്വാന്‍, താന്‍ ജോലി ചെയ്യുന്ന യുഎഇയിലെ സുഹൃത്തുക്കളില്‍ നിന്നാണ് മോറിസ് കോയിനെ കുറിച്ച് അറിഞ്ഞതെന്നാണ് വെളിപ്പെടുത്തിയത്.

  ''നിക്ഷേപിച്ച തുകയുടെ മൂന്ന് ശതമാനം ഒരു മാസത്തേക്ക് ദിവസവും റിട്ടേണായി നല്‍കിയ ശേഷമാണ് അവര്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. തുടക്കത്തില്‍ 10,000 രൂപ പോലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ച ആളുകള്‍ ഈ പെട്ടെന്നുള്ള വരുമാനത്തില്‍/ലാഭത്തില്‍ ആകൃഷ്ടരായി ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ യുള്ള വരെ വലിയ തുക നിക്ഷേപിച്ചു,'' സുല്‍ഫില്‍ പറഞ്ഞു. യുഎഇയിലെ തന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഈ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടെന്നും അവരില്‍ പലരും നിശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പല ആളുകള്‍ക്കും ക്രിപ്‌റ്റോകറന്‍സിയെ സംബന്ധിച്ച് വലിയ വ്യക്തതയില്ലെന്ന് ക്രിപ്‌റ്റോകറന്‍സി കണ്‍സള്‍ട്ടന്റ് സിന്‍ജിത്ത് കെ നന്‍മിന്‍ഡ പറയുന്നു. ''ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം പത്ത് വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ആളുകള്‍ക്ക് അറിയാം. 2010ല്‍ 500 രൂപ വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന് ഇപ്പോള്‍ 30 ലക്ഷം രൂപയാണ് വില. ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാന്‍ എളുപ്പമാണ്. നിഷാദും അതുതന്നെ ചെയ്തു, അതിനെക്കുറിച്ച് വിവരമില്ലാത്തവര്‍ അതില്‍ വീണു,'' നന്‍മിന്‍ഡ പറഞ്ഞു.

  ''ബിറ്റ്‌കോയിന്‍, ചെയിന്‍ലിങ്ക് തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ ഒരു ചരക്ക് പോലെയാണ്. ഒരു ക്രിപ്‌റ്റോകറന്‍സി കൈവശം വച്ചാല്‍ മാത്രം പണം ലഭിക്കില്ല. അതില്‍ നിന്ന് പണം സമ്പാദിക്കാന്‍ നിങ്ങള്‍ അത് എക്സ്ചേഞ്ചുകളില്‍ ട്രേഡ് ചെയ്യേണ്ടതുണ്ട്. ഇത് സ്വര്‍ണ്ണം പോലെയാണ്. പണം ലഭിക്കാന്‍ നിങ്ങള്‍ നിലവിലെ വിപണി വിലയ്ക്ക് സ്വര്‍ണം വില്‍ക്കേണ്ടതുണ്ട്.

  ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുകളിലൊന്നും മോറിസ് കോയിന്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഒരു ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ആളുകള്‍ അതിനെ കുറിച്ച് സമഗ്രമായ ഗവേഷണം നടത്തണം. 'coinmarketcap.com'-ല്‍ ലോകത്ത് കുറഞ്ഞത് 8,000 ക്രിപ്‌റ്റോകറന്‍സികളെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയില്‍ ഏതാണ് യഥാര്‍ത്ഥമെന്ന് ഞങ്ങള്‍ക്ക് (ക്രിപ്‌റ്റോകറന്‍സി കണ്‍സള്‍ട്ടന്റ്) പറയാനാവില്ല. ഞങ്ങള്‍ക്ക് കുറച്ച് പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സികള്‍ മാത്രമേ അറിയൂ'', അദ്ദേഹം പറഞ്ഞു.

  ഇഡിയുടെ അന്വേഷണത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍

  - പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപമായി ലഭിച്ച പണം മറ്റ് മേഖലകളില്‍ നിക്ഷേപിക്കുന്നതിനായി നിഷാദ് ബന്ധപ്പെട്ടിരുന്ന ഷെല്‍ കമ്പനികളെ ഇഡി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിഷാദിന്റെയും കൂട്ടാളികളുടെയും 36.72 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

  - മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി ലോഞ്ച് ചെയ്യുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് 'ഇനിഷ്യല്‍ കോയിന്‍ ഓഫര്‍' എന്ന പേരില്‍ ശേഖരിച്ച പണം വഴിമാറ്റുന്നതിനായി ലോംഗ് റിച്ച് ഗ്ലോബല്‍, ലോംഗ് റിച്ച് ടെക്‌നോളജീസ്, മോറിസ് ട്രേഡിംഗ് സൊല്യൂഷന്‍സ് തുടങ്ങിയ ഷെല്‍ കമ്പനികള്‍ക്കും നിഷാദ് നേതൃത്വം ന്ല്‍കിയിരുന്നു.

  - ''സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി പ്രൊമോഷണല്‍ ഇവന്റുകള്‍ സംഘടിപ്പിച്ചും നിക്ഷേപകരെ ആകര്‍ഷിക്കുന്ന ശൈലിയിലുള്ള വെബ്‌സൈറ്റ് നിര്‍മ്മിച്ച് അത് പരിചയപ്പെടുത്തിക്കൊണ്ടും ഓരോ നിക്ഷേപകര്‍ക്കും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വഴി ഇ-വാലറ്റുകള്‍ നല്‍കിയും നിക്ഷേപകരെ ആകര്‍ഷിച്ച് അദ്ദേഹവും കൂട്ടാളികളും കോടിക്കണക്കിന് തുക തട്ടിയെടുത്തു'', ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

  - സ്ഥാവര വസ്തുക്കള്‍, മറ്റ് വിവിധ ക്രിപ്‌റ്റോകറന്‍സികള്‍, ആഡംബര കാറുകള്‍ എന്നിവ വാങ്ങുന്നതിനും ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അവധിക്കാലം ചെലവഴിക്കുന്നതിനുമാണ് നിഷാദ് ഈ പണം ഉപയോഗിച്ചത്.

  2020 സെപ്തംബര്‍ 2ന് ലോങ് റിച്ച് ടെക്നോളജീസ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ മോറിസ് കോയിന്റെ വളര്‍ച്ചയെക്കുറിച്ച് ഉയര്‍ന്ന അവകാശവാദങ്ങളായിരുന്നു നിഷാദ് കെ ഉന്നയിച്ചിരുന്നത്. ഈ ക്രിപ്റ്റോയില്‍ നിക്ഷേപിക്കുന്നതിന്റെ പല ഗുണഗണങ്ങള്‍ പറഞ്ഞതിന് ശേഷം മോറിസ് കോയിന്‍ യുഎസ് അധിഷ്ഠിത എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച മോറിസ് കോയിന്‍ കമ്പനി, ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യുന്നത് വലിയ നേട്ടമാണെന്നും അന്ന് പറഞ്ഞിരുന്നു.

  എന്താണ് മോറിസ് കോയിന്‍?

  - ആളുകളെ കബളിപ്പിക്കാന്‍ മോറിസ് കോയിന്‍ ഒരു മള്‍ട്ടി-ഫങ്ഷണല്‍ ക്രിപ്‌റ്റോകറന്‍സി ആയിട്ടാണ് അവതരിപ്പിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്ലോക്ക്ചെയിനില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ ക്രിപ്‌റ്റോകറന്‍സിയെന്നാണ് ഇതിനെ പരിചയപ്പെടുത്തിയത്.

  - മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സിയുടെ ലോഞ്ചിനായി ഇനീഷ്യല്‍ കോയിന്‍ ഓഫറിന്റെ മറവിലാണ് ആളുകളില്‍ നിന്ന് നിഷാദ് നിക്ഷേപം ശേഖരിച്ചത്.

  - നിക്ഷേപകര്‍ക്ക് നിക്ഷേപിച്ച തുകയുടെ 3% പ്രതിദിന റിട്ടേണായി വാഗ്ദാനം ചെയ്തു. 300 ദിവസത്തെ ലോക്ക്-ഇന്‍ കാലയളവിന് ശേഷം, നിക്ഷേപിച്ച മൂല്യത്തിന് അവര്‍ക്ക് മോറിസ് കോയിന്‍ നേടാനും അന്താരാഷ്ട്ര വിപണിയില്‍ നാണയം വില്‍ക്കാനും കഴിയുമെന്ന് വാഗ്ദ്ദാനം ചെയ്തു.

  National Road Safety Week 2022 | റോഡപകടങ്ങളുടെ പൊതുവായ കാരണങ്ങൾ എന്തൊക്കെ? അവ എങ്ങനെ ഒഴിവാക്കാം?

  എന്താണ് ക്രിപ്‌റ്റോകറന്‍സി?

  ക്രിപ്‌റ്റോകറന്‍സി ഒരു വിര്‍ച്വല്‍ കറന്‍സിയാണ്. സാധാരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി ക്രിപ്‌റ്റോ കറന്‍സി ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. അതായത് ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്‌റ്റ്വെയര്‍ കോഡാണ്.

  Pulse Oximeter | എന്താണ് പൾസ് ഓക്സിമീറ്റർ? Omicron വ്യാപനം രൂക്ഷമാകുമ്പോൾ വീട്ടിലിരുന്ന് ഓക്സിജൻ നില എങ്ങനെ പരിശോധിക്കാം?

  ക്രിപ്‌റ്റോകറന്‍സിയുടെ ഒരു യൂണിറ്റ് യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. ഇന്ന് നിലവിലുള്ളതില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇതുകൂടാതെ ഈഥര്‍, ഡോഗ്‌കോയിന്‍, ഷിബ ഇനു തുടങ്ങിയവ അറിയപ്പെടുന്ന ക്രിപ്റ്റോകറന്‍സികളാണ്. ഇന്ന് ലോകത്ത് 8,000ലധികം ക്രിപ്റ്റോകറന്‍സികള്‍ ലഭ്യമാണ്.
  Published by:Jayashankar AV
  First published: