National Cooperative Policy 2025 | സഹകരണത്തിലൂടെ സമൃദ്ധി ; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ സഹകരണ നയം

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിലൂടെ സമൃദ്ധി എന്ന ദർശനം സാക്ഷാത്ക്കരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് പുതിയ സഹകരണ നയമെന്ന് അമിത് ഷാ

News18
News18
കേന്ദ്ര സർക്കാർ പുതിയ സഹകരണ നയം പുറത്തിറക്കി. ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായാണ് ദേശീയ സഹകരണ നയം - 2025 പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിലൂടെ സമൃദ്ധി എന്ന ദർശനം സാക്ഷാത്ക്കരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് പുതിയ സഹകരണ നയമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങൾ, കാർഷികമേഖല, ഗ്രാമീണ വനിതകൾ, ദളിതർ, ആദിവാസികൾ എന്നിവരുടെ വികസനത്തിലാണ് പ്രധാനമായും ദേശീയ സഹകരണ നയം ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണത്തിലൂടെ സമൃദ്ധി എന്ന ദർശനത്തിലൂന്നി 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സഹകരണ നയത്തിന്റെ ലക്ഷ്യം. റിസർവ്വ് ബാങ്കുമായും നബാർഡുമായും കൂടിയാലോചിച്ച ശേഷമാണ് നയത്തിന് അന്തിമരൂപം നൽകിയത്.
സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവും ഉത്തരവാദിത്തപൂർണ്ണവുമായ ചെറുകിട സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു സഹകരണ സംഘമെങ്കിലും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക എന്നത് ദേശീയ സഹകരണ നയത്തിൽ വ്യക്തമാക്കുന്നു. സഹകരണ മേഖലയുടെ നിർദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അടിത്തറ ശാക്തീകരിക്കുക, ആകർഷകത്വം വളർത്തുക, സഹകരണ സംഘങ്ങളുടെ ഭാവി സജ്ജമാക്കുക, സഹകരണത്തിലൂടെയുള്ള വികസനത്തിനായി യുവതലമുറയെ സജ്ജമാക്കുക തുടങ്ങിയവയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.വിജയകരമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ ഒന്നിപ്പിച്ച് പുതിയ സഹകരണ സംരംഭങ്ങൾ രൂപീകരിക്കുകയും, പുതിയ മേഖലകളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതി വഴി ഈ സംഘങ്ങളുടെ ലാഭം ഗ്രാമീണ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലെ (PACS) അംഗങ്ങളിലേക്ക് എത്തിച്ചേരും. വിപുലവും ദൃഢവുമായ ഒരു സഹകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരം, ടാക്സി സേവനങ്ങൾ, ഇൻഷുറൻസ്, ഹരിതോർജ്ജം തുടങ്ങിയ മേഖലകൾക്കായും സഹകരണ മന്ത്രാലയം വിശദമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
advertisement
2034 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) സഹകരണ മേഖലയുടെ സംഭാവന മൂന്നിരട്ടിയാക്കുക എന്നതാണ് നയത്തിന്റെ മറ്റൊരു ലക്ഷ്യം. ഇതിനായി സഹകരണ മേഖലയിൽ അംഗങ്ങളല്ലാത്തവരോ നിഷ്‌ക്രിയരോ ആയ 50 കോടി പൗരന്മാരെ സജീവ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരേണ്ടി വരും. സഹകരണ സംഘങ്ങളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. നിലവിൽ 8.3 ലക്ഷം സംഘങ്ങളുണ്ട്. ഇത് 30 ശതമാനം വർദ്ധിപ്പിക്കും.ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു പ്രാഥമിക സഹകരണ സംഘമെങ്കിലും ഉണ്ടായിരിക്കണം. അത് പ്രാഥമിക കാർഷിക വായ്പാ സംഘം (PACS), പ്രാഥമിക ക്ഷീര സഹകരണ സംഘം, പ്രാഥമിക മത്സ്യബന്ധന സഹകരണ സംഘം, പ്രാഥമിക മൾട്ടിപർപ്പസ് PACS, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാഥമിക സംഘം ആകാവുന്നതാണ്. യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സംഘങ്ങൾ സഹായിക്കും. സുതാര്യത, സാമ്പത്തിക സ്ഥിരത, സ്ഥാപനപരമായ വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിന്, ഓരോ സംഘത്തെയും ശാക്തീകരിക്കും. ഇതിനായി ക്ലസ്റ്റർ, നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കും.
advertisement
സംസ്ഥാന സഹകരണ ബാങ്കുകൾ മുഖേന ഓരോ താലൂക്കിലും അഞ്ച് മാതൃകാ സഹകരണ ഗ്രാമങ്ങൾ സ്ഥാപിക്കും. വനിതകളുടെ പങ്കാളിത്തം ഈ സംരംഭങ്ങളിൽ ഉറപ്പാക്കും. രണ്ട് സമർപ്പിത സമിതികൾ മുഖേന ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമങ്ങളുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ ഗണ്യമായ പരിവർത്തനം സാധ്യമാക്കുന്നതിനും അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഏറ്റവും ചെറിയ സഹകരണ സംഘങ്ങളിൽ പോലും സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രധാന ഘടകങ്ങൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ കമ്പ്യൂട്ടർ വത്ക്കരണമാണ് ഇതിൽ പ്രധാനം. കൂടുതൽ സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും ഇത് വഴിയൊരുക്കും. മാറ്റങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കും. ഓരോ 10 വർഷം കൂടുമ്പോഴും ആവശ്യമായ നിയമ ഭേദഗതികൾ വരുത്തുന്നതിനുള്ള സംവിധാനവും നയത്തിൽ വരുത്തിയിട്ടുണ്ട്.
advertisement
രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെയും ഗ്രാമീണ, കാർഷിക ആവാസവ്യവസ്ഥയെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വിശ്വസനീയവും അവിഭാജ്യവുമായ ഘടകമാക്കുക എന്നതാണ് പുതിയ സഹകരണ നയത്തിന്റെ മറ്റൊരു ലക്ഷ്യം. സന്തുലിത സഹകരണ വികസനത്തിനുള്ള ഒരു രൂപരേഖ സംസ്ഥാനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ വനിതകൾ, യുവാക്കൾ, ദളിതർ, ആദിവാസികൾ തുടങ്ങിയവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷെഡ്യൂൾഡ് സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകൾക്ക് തുല്യമായി പരിഗണിക്കും.ആഗോളതലത്തിലും, അന്താരാഷ്ട്ര വിപണികളിലേക്കുമുള്ള പ്രവേശനം ഉറപ്പാക്കാൻ നാഷണൽ കോപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് സ്ഥാപിച്ചിട്ടുണ്ട്.സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യ മാനേജ്‌മെന്റ് എന്ന ആശയം അടിസ്ഥാനമാക്കി പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഒരു ഭരണമാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി വരും ദിവസങ്ങളിൽ എല്ലാത്തരം സഹകരണ സ്ഥാപനങ്ങൾക്കും സാങ്കേതികവിദ്യാധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാനാകും.
advertisement
മികച്ച വിദ്യാഭ്യാസം നേടിയ ശേഷം യുവാക്കൾ സഹകരണ സ്ഥാപനങ്ങളെ ഒരു തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുന്ന അന്തരീക്ഷം രാജ്യത്തെ സഹകരണ രംഗത്ത് കെട്ടിപ്പടുക്കുക എന്നതാണ് നയത്തിന്റെ മറ്റൊരു ലക്ഷ്യം. സഹകരണ മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും, അടുത്ത 25 വർഷത്തിനുള്ളിൽ മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന മറ്റെല്ലാ മേഖലകൾക്കും തുല്യമായ നിലയിൽ അതിനെ സ്ഥാപിക്കാനുമാണ് പുതിയ സഹകരണ നയം വിഭാവനം ചെയ്യുന്നത്.
45,000 പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS) സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. PACS ന്റെ കമ്പ്യൂട്ടർവത്ക്കരണവും പൂർത്തിയായിട്ടുണ്ട്. PACS ന് നൽകിയിട്ടുള്ള 25 പുതിയ പ്രവർത്തനങ്ങളിൽ ഓരോന്നിലും പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ഇതുവരെ 4,108 PACS കൾക്ക് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും, 393 PACS കൾ പെട്രോൾ, ഡീസൽ ചില്ലറ വില്പന കേന്ദ്രങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും, 100-ലധികം PACS കൾ പാചകവാതക വിതരണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും, "ഹർ ഘർ നൽ സേ ജൽ" (എല്ലാ വീട്ടിലേക്കും പൈപ്പ് വെള്ളം) പദ്ധതിയും പ്രധാനമന്ത്രി സൂര്യ ഘർ യോജനയും നടപ്പാക്കുന്നതിൽ PACSകൾ പങ്കു വഹിക്കുന്നുണ്ടെന്നും നയപ്രഖ്യാപന വേളയിൽ അമിതാ ഷാ പറഞ്ഞു.
advertisement
കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജാർ, ശ്രീ മുരളീധർ മൊഹോൾ, സഹകരണ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി, മുൻ കേന്ദ്ര മന്ത്രിയും പുതിയ സഹകരണ നയത്തിന്റെ കരട് രൂപീകരണ സമിതി ചെയർമാനുമായ ശ്രീ സുരേഷ് പ്രഭു അടക്കമുള്ള ഒട്ടേറ പ്രമുഖർ നയ പ്രഖ്യാപനത്തിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
National Cooperative Policy 2025 | സഹകരണത്തിലൂടെ സമൃദ്ധി ; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ സഹകരണ നയം
Next Article
advertisement
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
  • ഹുബ്ബള്ളി-കൊല്ലം വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ലഭ്യമാണ്.

  • നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടും.

  • ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും; 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകൾ ഉൾപ്പെടുന്നു.

View All
advertisement