ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലാണോ? ആണ് എങ്കിൽ ആരായിരിക്കും യുദ്ധം പ്രഖ്യാപിക്കുക?

Last Updated:

യുദ്ധ സമാനമായ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പുരോഗമിക്കുന്നത്

News18
News18
ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പാകിസ്ഥാന്റെ സാഹസികത തരിപ്പണമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങളും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പാക്കിസ്ഥാന്റെ ഓരോ മിസൈലുകളും ലക്ഷ്യം തൊടുന്നതിനു ദീര്‍ഘദൂരം മുന്‍പ് തന്നെ ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിയുന്നു.
നാടകീയ സൈനിക നീക്കത്തിലൂടെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ജമ്മുവിലെയും പത്താന്‍കോട്ടിലെയും ഉദംപൂരിലെയും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇന്ത്യന്‍ സായുധ സേനയുടെ ഫലപ്രദമായ ഇടപ്പെടലിലൂടെ പാകിസ്ഥാന്റെ ഓരോ ആക്രമണങ്ങള്‍ക്കും ഇന്ത്യ തിരിച്ചടി നല്‍കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു.
പാകിസ്ഥാന്റെ നടപടികള്‍ക്കുള്ള പ്രതികാരമായി പാകിസ്ഥാന്റെ തലയില്‍ തന്നെ ഇന്ത്യ അടി കൊടുത്തു. ഇസ്ലാമാബാദിലും ലാഹോറിലും സിയാല്‍കോട്ടിലും ഇന്ത്യ ആക്രമണം നടത്തി. പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിലും പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും നിരവധി മേഖലകളില്‍ സൈന്യം ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
advertisement
സൈനിക ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കികൊണ്ട് നിര്‍ദേശങ്ങള്‍ നല്‍കി. അതേസമയം, പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ മറുപടി നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ തികച്ചും യുദ്ധ സമാനമായ സാഹചര്യമാണുള്ളത്. സാധാരണക്കാർ താമസിക്കുന്ന ഇന്ത്യയുടെ ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നു. വീടുകൾ ആക്രമിക്കുന്നു.
advertisement
ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ആക്രമണം നടത്തിയപ്പോള്‍ 26 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതിന് 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ ശക്തമായ മറുപടി നല്‍കി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. ഇതേതുടര്‍ന്നാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നത്.
വ്യാഴാഴ്ച രാത്രിയില്‍ പാകിസ്ഥാന്റെ സാഹസികതയ്ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ കനത്ത പ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്കുനേരെ പാകിസ്ഥാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ഭൂമി തൊടും മുമ്പേ ഇന്ത്യന്‍ സൈന്യം തരിപ്പണമാക്കി. പാകിസ്ഥാന്റെ പ്രകോപനവും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയും രണ്ട് ആണവ അയല്‍ക്കാര്‍ തമ്മില്‍ യുദ്ധത്തിലാണോ? എന്ന ചോദ്യം ഉയര്‍ത്തുന്നു.
advertisement
ആണവായുധം കൈവശമുണ്ടെന്നാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തികൊണ്ട് എക്കാലവും പാകിസ്ഥാന്‍ പറഞ്ഞിരുന്നത്. അത് ഞങ്ങള്‍ക്കുമുണ്ടെന്ന് ഇന്ത്യയും ആവര്‍ത്തിച്ചിരുന്നു. യുദ്ധ സമാനമായ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പുരോഗമിക്കുന്നത്.
യുദ്ധമാണെങ്കില്‍, എങ്ങനെയായിരിക്കും ഇന്ത്യയില്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുന്നത്?
ഇന്ത്യയില്‍ യുദ്ധം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനാ വ്യവസ്ഥകള്‍, പാര്‍ലമെന്ററി മോല്‍നോട്ടം, എക്‌സിക്യൂട്ടീവ് അധികാരം എന്നിവയുടെ സംയോജനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. എതിര്‍ ശക്തികളില്‍ നിന്നും ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില രാജ്യങ്ങളില്‍ ഔപചാരിക നിയമനിര്‍മ്മാണം നടത്താറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്ഥമായ രീതിയാണ് ഇന്ത്യക്കുള്ളത്.
advertisement
ഇന്ത്യയില്‍ ആരാണ് യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുക?
ഇന്ത്യയില്‍ രാഷ്ട്രപതിക്കാണ് യുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള അധികാരം. പക്ഷേ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിമാരുടെ സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള അധികാരം രാഷ്ട്രപതി വിനിയോഗിക്കുക.
മറ്റ് ചില രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ ഔപചാരികമായി യുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വ്യക്തമായി വിശദീകരിക്കുന്നില്ല. എന്നിരുന്നാലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 352 യുദ്ധസാഹചര്യവുമായി അടുത്ത് നില്‍ക്കുന്നു. ആര്‍ട്ടിക്കിള്‍ 352 പ്രകാരമാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. യുദ്ധ സമാനമായ സാഹചര്യവുമായി അടുത്ത് നില്‍ക്കുന്ന ഭരണഘടനാ സംവിധാനമാണിത്.
advertisement
യുദ്ധ പ്രഖ്യാപനത്തിൽ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്?
ഇന്ത്യയുടെ രാഷ്ട്രപതി
സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ എന്ന നിലയില്‍ (ആര്‍ട്ടിക്കിള്‍ 53(2)) യുദ്ധം പ്രഖ്യാപിക്കാനോ സമാധാനം സ്ഥാപിക്കാനോ ഉള്ള ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കാണ്. എന്നിരുന്നാലും കേന്ദ്ര ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ അധികാരം പ്രയോഗിക്കുക.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 53 പ്രകാരം കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. അതേസമയം, ആര്‍ട്ടിക്കിള്‍ 74 പ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിമാരുടെ സമിതിയുടെ ഉപദേശവും നിര്‍ദേശവും അനുസൃതമായാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ രാഷ്ട്രപതി നടത്തുന്ന ഏതൊരു സമാധാന-യുദ്ധ പ്രഖ്യാപനങ്ങളും കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമായിരിക്കും.
advertisement
കേന്ദ്ര മന്ത്രിസഭ
പ്രയോഗികമായി യുദ്ധത്തിന് പോകാനോ സമാധാനം പ്രഖ്യാപിക്കാനോ ഉള്ള തീരുമാനം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭ എടുക്കുന്നു. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്നിവ ഈ പ്രക്രിയയില്‍ മന്ത്രിസഭയ്ക്ക് നിര്‍ണായക ഉപദേശം നല്‍കുന്നു. യുദ്ധം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തില്‍ എത്തുന്നതിനു മുമ്പ് സൈനിക മേധാവികളില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും നയതന്ത്ര മാര്‍ഗങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് അഭിപ്രായം തേടാം.
രാഷ്ട്രപതിയോട് യുദ്ധ പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്യുന്ന മന്ത്രിസഭാ സമിതിയെ നയിക്കുന്നത് പ്രധാനമന്ത്രിയാണ്. 1978-ലെ 44-ാം ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര മന്ത്രിസഭയുടെ രേഖാമൂലമുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളു. ഇത് യുദ്ധ സാഹചര്യത്തിലും ബാധകമാണ്.
പാര്‍ലമെന്റ്
ഭരണഘടനാപരമായി യുദ്ധം പ്രഖ്യാപിക്കാനോ മുന്‍കൂട്ടി അംഗീകരിക്കാനോ പാര്‍ലമെന്റിന് അധികാരമില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളുടെ മേല്‍നോട്ടത്തിലും ധനസഹായത്തിലും പാര്‍ലമെന്റിന് നിര്‍ണായക പങ്കുണ്ട്. പ്രതിരോധ ബജറ്റിന് മേല്‍നോട്ടം വഹിക്കുന്നത് പാര്‍ലമെന്റാണ്. സൈനിക നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്താനും പാര്‍ലമെന്റിന് അധികാരമുണ്ട്.
ദീര്‍ഘകാല സൈനിക ഇടപെടലുകള്‍ ആവശ്യമെങ്കില്‍ ഇക്കാര്യം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിക്കുകയും രാഷ്ട്രീയ സമവായം തേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരം രാഷ്ട്രപതിയാണ് യുദ്ധം പ്രഖ്യാപിക്കുന്നതെങ്കിലും പിന്നീട് ലോക്‌സഭയിലും രാജ്യസഭയിലും അംഗീകാരത്തിനായി ഈ നിർദേശം സമര്‍പ്പിക്കണം.
നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?
നടപടിക്രമങ്ങള്‍ അനുസരിച്ച് ഒരു ഔപചാരിക യുദ്ധ പ്രഖ്യാപനം നടത്തണമെങ്കില്‍ സാഹചര്യം വിലയിരുത്തിയ ശേഷം കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതിക്ക് രേഖാമൂലമുള്ള ശുപാര്‍ശ നല്‍കും. മന്ത്രിസഭയില്‍ നിന്ന് രേഖാമൂലമുള്ള ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍, 'യുദ്ധം' അല്ലെങ്കില്‍ 'ബാഹ്യ ആക്രമണം' എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും. ഈ പ്രഖ്യാപനം മുഴുവന്‍ രാജ്യത്തിനോ അല്ലെങ്കിൽ രാജ്യത്തെ ഒരു പ്രദേശത്തിനോ വേണ്ടിയുള്ളതാകാം.
അടിയന്തരാവസ്ഥ പ്രഖ്യാപനം പാര്‍ലമെന്റിന്റെ ഓരോ സഭയ്ക്കും മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. പ്രത്യേക ഭൂരിപക്ഷത്തോടെ (ആ സഭയിലെ മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷവും ആ സഭയിലെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ കുറയാത്ത അംഗങ്ങളുടെ ഭൂരിപക്ഷവും) ഇരുസഭകളും പാസാക്കിയ പ്രമേയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരു മാസത്തിനുശേഷം അത് അസാധുവാകും.
പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് പ്രാബല്യത്തില്‍ തുടരും. സമാനമായ പ്രമേയങ്ങളിലൂടെ തുടര്‍ച്ചയായ പാര്‍ലമെന്ററി അംഗീകാരത്തോടെ ആറ് മാസത്തേക്ക് കൂടി ഇത് നീട്ടാവുന്നതാണ്. അവസാനമായി, തുടര്‍ന്നുള്ള ഒരു പ്രഖ്യാപനത്തിലൂടെ രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപനം പിന്‍വലിക്കാന്‍ കഴിയും. കൂടാതെ, അടിയന്തരാവസ്ഥ തുടരുന്നതിനെ എതിര്‍ക്കുന്ന പ്രമേയം ലോക്‌സഭ പാസാക്കിയാല്‍ രാഷ്ട്രപതി അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ഭരണഘടനയുടെ 44-ാം ഭേദഗതി അനുശാസിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയില്‍ 'യുദ്ധപ്രഖ്യാപനം' എന്നതിന് മാത്രമായി ഒരു പ്രത്യേക ആര്‍ട്ടിക്കിളോ നടപടിക്രമമോ ഇല്ല. ആര്‍ട്ടിക്കിള്‍ 352 പ്രകാരമുള്ള ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ യുദ്ധമോ ബാഹ്യ ആക്രമണമോ ഉള്ള സാഹചര്യങ്ങളില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്.
1965ലും 1971ലും കാര്‍ഗില്‍ യുദ്ധത്തിലും എന്ത് സംഭവിച്ചു?
ഇന്ത്യയുടെ സൈനിക സംഘട്ടനങ്ങളിലൊന്നും പരമ്പരാഗത അര്‍ത്ഥത്തില്‍ ഒരു ഔപചാരിക യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നില്ല.
1947-48ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം (ഒന്നാം കശ്മീര്‍ യുദ്ധം):
ഗോത്ര സായുധ സംഘങ്ങളും പാകിസ്ഥാന്‍ സൈന്യവും കശ്മീര്‍ ആക്രമിച്ചതോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. കശ്മീര്‍ മഹാരാജാവ് ഇന്ത്യയോട് ചേര്‍ന്നതിന് ശേഷം ഇന്ത്യ പ്രതികരിച്ചു. അന്ന് ഇരുവശത്തുനിന്നും ഔപചാരികമായി യുദ്ധ പ്രഖ്യാപനം ഉണ്ടായിരുന്നില്ല.
1962ലെ ഇന്ത്യ-ചൈന യുദ്ധം:
ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്ക സ്ഥലത്ത് ചൈന നടത്തിയ ആക്രമണത്തോടെയാണ് ഈ യുദ്ധം ആരംഭിക്കുന്നത്. ഇന്ത്യയോ ചൈനയോ ഈ സമയത്ത് ഔദ്യോഗികമായി യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ പിന്നീട് ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഏകദേശം ഒരുമാസത്തിന് ശേഷം ആക്രമണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം:
അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും കശ്മീരിലെ പാകിസ്ഥാന്റെ 'ഓപ്പറേഷന്‍ ഗ്രാന്‍ഡ് സ്ലാമും' മൂലമാണ് ഈ യുദ്ധം രൂക്ഷമായത്. അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യ തിരിച്ചടിച്ചു. വീണ്ടും വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മുമ്പും ഒരു ഔപചാരിക യുദ്ധ പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലോടെയും 'താഷ്‌കന്റ്' പ്രഖ്യാപനത്തോടെയും സംഘര്‍ഷം അവസാനിച്ചു. ഈ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും 1966-ല്‍ ഒപ്പുവെച്ച സമാധാന ഉടമ്പടിയാണ് 'താഷ്‌കന്റ്'.
1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം (ബംഗ്ലാദേശ് വിമോചന യുദ്ധം):
കിഴക്കന്‍ പാകിസ്ഥാനിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) രാഷ്ട്രീയ പ്രതിസന്ധിയും മാനുഷിക പ്രതിസന്ധിയും മൂലമാണ് ഈ യുദ്ധം ഉടലെടുത്തത്. അഭയാര്‍ത്ഥികളുടെ വലിയൊരു പ്രവാഹത്തെത്തുടര്‍ന്ന് ബംഗാളി വിമോചന പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യ ഇടപെട്ടു. സംഘര്‍ഷം വ്യാപകമായിരുന്നെങ്കിലും ഇന്ത്യയുടെ സൈനിക ഇടപെടലിന് മുമ്പ് ഔദ്യോഗികമായി യുദ്ധ പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ വ്യോമതാവളങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം ആരംഭിച്ചു. ഇത് ഇന്ത്യയെ പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധം:
കാര്‍ഗില്‍ മേഖലയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ സൈനികരും തീവ്രവാദികളും നുഴഞ്ഞുകയറിയതോടെയാണ് ഈ സംഘര്‍ഷം ആരംഭിച്ചത്. ഇന്ത്യ 'ഓപ്പറേഷന്‍ വിജയ്' എന്ന പോരാട്ടത്തിലൂടെയാണ് ഇതിനെതിരെ പാക്കിസ്ഥാനോട് പ്രതികരിച്ചത്. ഇത് ഒരു പരിമിതമായ സംഘര്‍ഷമായിരുന്നു. ഈ സമയത്തും ഇരു പക്ഷവും ഔദ്യോഗികമായി യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലാണോ? ആണ് എങ്കിൽ ആരായിരിക്കും യുദ്ധം പ്രഖ്യാപിക്കുക?
Next Article
advertisement
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
'ഒരു മുഴം കയർ കൊടുത്തിട്ടുണ്ട്; പോയി തൂങ്ങി ചാവട്ടെ'; രാജ്മോഹൻ ഉണ്ണിത്താന് ബിജെപി നേതാവ് അശ്വിനിയുടെ മറുപടി
  • രാജ്മോഹൻ ഉണ്ണിത്താന്റെ എയിംസ് വാഗ്ദാനത്തിന് അശ്വിനി കനത്ത മറുപടി നൽകി.

  • എയിംസ് വിഷയത്തിൽ കോൺ​ഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ വാക് പോര്.

  • കാസർ​ഗോഡ് എയിംസ് വേണമെന്ന നിലപാട് അശ്വിനി വീണ്ടും ഉറപ്പിച്ചു.

View All
advertisement