'ഞാന്‍ ദുഷ്ടയാണ്, ഞാനാണ് ഇതൊക്കെ ചെയ്തത്'; ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ യുകെയിലെ സീരിയല്‍ കില്ലര്‍ നഴ്സ് കൊന്നതെന്തിന്?
- Published by:Arun krishna
- news18-malayalam
Last Updated:
അമിതമായി പാലുകുടിപ്പിച്ചും ഇന്‍സുലിന്‍ കുത്തിവെച്ചും വായു കുത്തിവെച്ചുമാണ് ഇവര്‍ കുഞ്ഞുങ്ങളെ കൊന്നത്.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലറായി മാറിയിരിക്കുകയാണ് ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്‌സ്. ബ്രിട്ടീഷ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത കാലയളവില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഇവര്‍ ഈ ക്രൂരകൃത്യങ്ങൾ ചെയ്തത്. നവജാത ശിശുക്കളായ അഞ്ച് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയുമാണ് ഇവര്‍ കൊന്നൊടുക്കിയത്. 2015-16 കാലയളവിലാണ് സംഭവം നടന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിയോനാറ്റോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളെയാണ് ഇവര്‍ തന്റെ ക്രൂരതയ്ക്കിരയാക്കിയത്. മറ്റ് നഴ്‌സുമാരും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും നഴ്‌സിംഗ് റൂമില്‍ നിന്ന് മാറുന്ന സമയത്താണ് ഇവര്‍ കുഞ്ഞുങ്ങളെ ആക്രമിച്ചത്. 2017ല്‍ യുകെ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് 2018ല്‍ ലൂസി ലെറ്റ്ബിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമിതമായി പാലുകുടിപ്പിച്ചും ഇന്‍സുലിന്‍ കുത്തിവെച്ചും വായു കുത്തിവെച്ചുമാണ് ഇവര്‍ കുഞ്ഞുങ്ങളെ കൊന്നത്.
advertisement
അതേസമയം ആജീവാനന്ത തടവാണ് ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ വനിതയായി ലൂസി ലെറ്റ്ബി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഇവര്‍ കൊന്നിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. ആറ് വര്‍ഷത്തോളമാണ് ഇവര്‍ കുഞ്ഞുങ്ങളുടെ നഴ്‌സായി ജോലി ചെയ്തത്.
എങ്ങനെയാണ് കുഞ്ഞുങ്ങളെ കൊന്നത്?
2010-16 കാലയളവില്‍ ലൂസി ലെറ്റ്ബി ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളില്‍ ജനിച്ച 4000ലധികം കുഞ്ഞുങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ പോലീസ് വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
advertisement
അതേസമയം ലൂസി തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച കാര്യം വെളിപ്പടുത്തി ഒരു അമ്മ രംഗത്തെത്തിയിരുന്നു. ലൂസിയുടെ ഒരു മോശം സംസാരത്തെപ്പറ്റി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അവര്‍ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ലൂസിയോടൊപ്പം ജോലി ചെയ്തിരുന്ന ലിസ്‌നി ആര്‍ട്ടേല്‍ എന്ന നഴ്‌സാണ് ഇവരെപ്പറ്റി വെളിപ്പെടുത്തലുകള്‍ നടത്തിയത്. തന്റെ മകനെപ്പറ്റി ലൂസി പറഞ്ഞ ചില കാര്യങ്ങളാണ് ലിസ്‌നി വെളിപ്പെടുത്തിയത്.
advertisement
” മാതാപിതാക്കള്‍ മക്കളില്‍ ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിക്കും. അതെനിക്ക് ഇഷ്ടമല്ല. എന്താണ് അടുത്ത നിമിഷം സംഭവിക്കുക എന്ന് നമുക്കാര്‍ക്കും അറിയില്ല,” എന്നായിരുന്നു ലൂസി പറഞ്ഞത്.
തൊട്ടടുത്ത ദിവസം മകന്റെ ആരോഗ്യനില വഷളായി. കുട്ടിയുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.തന്റെ ജോലി തന്നെ ആയുധമാക്കി കുഞ്ഞുങ്ങളെ ആക്രമിക്കുന്ന രീതിയാണ് ലൂസി പിന്തുടര്‍ന്നത് എന്ന് സീനിയര്‍ പ്രോസിക്യൂട്ടറായ പാസ്‌കല്‍ ജോണ്‍സ് പറഞ്ഞു.
ലൂസി ലെറ്റ്ബി നവജാതശിശുക്കളില്‍ വായു കുത്തിവെച്ചിരുന്നു. കുഞ്ഞുങ്ങളുടെ ഡയഫ്രം തകരാറിലാകാന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കുഞ്ഞിന്റെ തൊണ്ടയിലേക്ക് ട്യൂബുകള്‍ ഇറക്കിയും ഇവര്‍ കൊലനടത്തിയിരുന്നു. ഇന്‍സുലിന്‍ അമിത അളവില്‍ കുഞ്ഞുങ്ങളില്‍ കുത്തിവെച്ചും കൊല്ലാന്‍ ശ്രമിച്ചു.
advertisement
പതിനഞ്ച് ആഴ്ച നേരത്തെ ജനിച്ച ഒരു പെണ്‍കുഞ്ഞിനെയും ലൂസി കൊല്ലാന്‍ ശ്രമിച്ചിരുന്നു. 5 ശതമാനം അതിജീവന സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ കുഞ്ഞായിരുന്നു ഇത്. രണ്ട് തവണയാണ് ഈ കുഞ്ഞിനെ കൊല്ലാന്‍ ലെറ്റ്ബി ശ്രമിച്ചത്. കുഞ്ഞ് ജനിച്ച് നൂറ് ദിവസം പൂര്‍ത്തിയാക്കിയ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ കേക്കുമായെത്തി ആഘോഷിച്ചിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ലൂസി ലെറ്റ്ബി കുഞ്ഞിനെ കൊല്ലാനുള്ള തന്റെ ആദ്യശ്രമം നടത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇവര്‍ കുഞ്ഞിനെ കൊല്ലാന്‍ നോക്കി.
advertisement
2016 ജൂണില്‍ നിയോനാറ്റല്‍ യൂണിറ്റിലെ മൂന്ന് ഇരട്ട സഹോദരന്മാരില്‍ രണ്ട് പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ലൂസിയെ നിയോനേറ്റല്‍ കെയറില്‍ നിന്ന് നീക്കിയിരുന്നു. ക്ലറിക്കല്‍ വിഭാഗത്തിലേക്കാണ് ഇവരെ മാറ്റിയത്.
അതേസമയം 7 കുഞ്ഞുങ്ങളെ കൊന്ന കേസിലാണ് ലൂസി ഇപ്പോള്‍ വിചാരണ നേരിട്ടത്. ഈ കൊലപാതകങ്ങളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. 7 കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഇവര്‍ കുറ്റക്കാരിയാണ്.
advertisement
എന്തിനാണ് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നത്?
നഴ്‌സിംഗ് ഡ്യൂട്ടികളില്‍ നിന്ന് നീക്കം ചെയ്ത ലൂസി പിന്നീട് ക്ലറിക്കല്‍ ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊല നടത്തി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2018 ജൂലെയായിരുന്നു ലൂസിയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളമാണ് പോലീസ് ലൂസിയെ ചോദ്യം ചെയ്തത്. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന നിലപാടാണ് അന്ന് ലൂസി സ്വീകരിച്ചത്.
അതേസമയം ശിശുമരണങ്ങള്‍ അപ്രതീക്ഷിതവും നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ലൂസി ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ പറഞ്ഞിരുന്നു.ലൂസി ജോലിയ്ക്ക് കയറിയ സമയത്താണ് എല്ലാ കുഞ്ഞുങ്ങളും ആക്രമിക്കപ്പെട്ടത്. മാതാപിതാക്കള്‍ കുഞ്ഞിന്റെയടുത്ത് നിന്ന് മാറുന്ന സമയങ്ങളിലാണ് ഇവര്‍ കൊലപാതകം നടത്തിയിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കൂടാതെ തന്റെ ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കുടുംബങ്ങളുടെ കാര്യത്തില്‍ ലൂസി വലിയ താല്‍പ്പര്യം കാണിച്ചിരുന്നു. ലൂസി അവരെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ തെരയുകയും ചെയ്തിരുന്നു.ലൂസിയുടെ വീട്ടില്‍ നിന്നും ലഭിച്ച ചില കുറിപ്പുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നുയ
” ഞാനൊരു ദുഷ്ടയാണ്. ഞാനാണ് ഇതൊക്കെ ചെയ്തത്,” എന്നായിരുന്നു ആ കുറിപ്പിലെഴുതിയിരുന്നത്.
” ജീവിക്കാന്‍ എനിക്ക് അര്‍ഹതയില്ല. കുഞ്ഞുങ്ങളെ നോക്കാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് അവരെ ഇല്ലാതാക്കിയത്,” എന്നായിരുന്നു മറ്റൊരു കുറിപ്പിലെഴുതിയിരുന്നത്.
അതേസമയം താന്‍ കുഞ്ഞുങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ലൂസി ആവര്‍ത്തിച്ച് പറഞ്ഞു. എന്തായിരുന്നു കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന കാര്യം അവ്യക്തമാണ്.
2020 നവംബറില്‍ എട്ട് കൊലപാതകങ്ങളും 10 കൊലപാതക ശ്രമങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ താന്‍ ദൈവമാണെന്ന് സ്വയം വിശ്വസിക്കുന്നതില്‍ ലൂസി ആനന്ദം കണ്ടെത്തിയിരുനെന്ന് പ്രോസിക്യൂട്ടര്‍ നിക്ക് ജോണ്‍സണ്‍ കെസി പറഞ്ഞു. കുഞ്ഞുങ്ങളുടെ മരണവിവരം തന്റെ സഹപ്രവര്‍ത്തകരെ ആദ്യം അറിയിക്കുന്നതും ലൂസി തന്നെയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
” എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ലൂസിയ്ക്ക് നേരത്തെ അറിയാമായിരുന്നു. എല്ലാം തന്റെ നിയന്ത്രണത്തിലാക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതെല്ലാം അവര്‍ ആസ്വദിക്കുകയായിരുന്നു. ദൈവമാണെന്ന് സ്വയം കരുതി,” ജോണ്‍സണ്‍ കോടതിയിൽ പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 22, 2023 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
'ഞാന്‍ ദുഷ്ടയാണ്, ഞാനാണ് ഇതൊക്കെ ചെയ്തത്'; ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ യുകെയിലെ സീരിയല്‍ കില്ലര്‍ നഴ്സ് കൊന്നതെന്തിന്?