തിരുവനന്തപുരം: തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ. അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്ന് വാർത്താ കുറിപ്പിൽ അടൂർ ഗോപാലകൃഷ്‌ണൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്.
വൈരമുത്തുവിന് പുരസ്കാരം പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. മീ ടൂ ആരോപണം ഉയർന്ന വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
You may also like:#MeToo ആരോപിതൻ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധം ശക്തം![]()
ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‍കാരമെന്നും എഴുത്തിലെ മികവാണ് മാനദണ്ഡമെന്നുമായിരുന്നു വിവാദങ്ങളോട് അടൂർ ഗോപലാകൃഷ്ണന്റെ പ്രതികരണം. ഈ പ്രസ്താവനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടി എഴുത്തുകാരി കെആർ മീര ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായിക ഗീതു മോഹൻദാസ്, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ വൈരമുത്തുവിന് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതിനെതിരെ രംഗത്തെത്തി.
വൈരമുത്തുവിനെതിരെ മീടു ആരോപണവുമായി ഗായിക ചിന്മയി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. "വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും" എന്നാണ് ചിന്മയി പരിഹാസരൂപേണ ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.