തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കളത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തില്‍ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്. നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങള്‍ക്ക് കൃത്യമായി മനസിലാവുന്നുണ്ട്. ഈശോ സിനിമയ്ക്കെതിരെ വിശ്വാസികള്‍ പ്രതികരിച്ചപ്പോള്‍ നിങ്ങള്‍ക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. കക്കുകളി എന്ന നാടകത്തില്‍ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും അത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. ജോസഫ് മാഷിന്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലും ആവിഷ്ക്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ഭീകരവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്ന സിപിഎമ്മില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുരേന്ദ്രന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
ഭീകരവാദത്തെയും ലൗജിഹാദിനെയും കുറിച്ച് സംസാരിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കളത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ആവിഷ്ക്കാരത്തിന്റെ അപ്പോസ്തലന്മാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും പറയുന്നു . സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തില്‍ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്. നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങള്‍ക്ക് കൃത്യമായി മനസിലാവുന്നുണ്ട്.
മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഈശോ സിനിമയ്ക്കെതിരെ വിശ്വാസികള്‍ പ്രതികരിച്ചപ്പോള്‍ നിങ്ങള്‍ക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. കക്കുകളി എന്ന നാടകത്തില്‍ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങള്‍ക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. മീശ നോവലിന്റെ കാര്യത്തിലും എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ കാര്യത്തിലും നിങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചു. എന്നാല്‍ ജോസഫ് മാഷിന്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലും ആവിഷ്ക്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ജോസഫ് മാഷിനെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അന്നതെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയായിരുന്നു.
ഭീകരവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നുമില്ല. കേരളത്തില്‍ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ല. അങ്ങനെയാണെങ്കിലും മുന്‍ മുഖ്യമന്ത്രിയും താങ്കളുടെ നേതാവുമായ വിഎസ് അച്ച്യുതാനന്ദന് അല്ലേ ഏറ്റവും വലിയ കേരള വിരുദ്ധന്‍? താങ്കളുടെ സ്വന്തക്കാരനായിരുന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയല്ലേ കേരളത്തില്‍ ഭീകരവാദ ശക്തികളുടെ സാന്നിധ്യം ശക്തമാണെന്ന് പറഞ്ഞത്? എന്തു പറഞ്ഞാലും ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് തള്ളിയിട്ട് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല മിസ്റ്റര്‍ പിണറായി വിജയന്. രാജ്യത്ത് തീവ്രവാദ ആക്രമണം നടത്താന്‍ ജിഹാദികള്‍ ട്രെയിന്‍ കയറി കേരളത്തില്‍ വരുന്ന അവസ്ഥയുണ്ടാക്കിയത് താങ്കളുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം ഇത്തരം സെലക്ടീവ് പ്രതികരണങ്ങള്‍ കൊണ്ട് കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.