സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ‘എല്ലാവരും എന്റെ ആദ്യ ഹിന്ദി ആൽബത്തിന് സപ്പോർട്ട് നൽകണം’, ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
‘പെഹ്‌ലാ പ്യാർ’ എന്ന പേരിൽ മുൻപ് അനൗൺസ് ചെയ്ത ആൽബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരിൽ വീണ്ടും അനൗൺസ് ചെയ്തത്. സീ മ്യൂസിക്കിനു വേണ്ടിയാണ് ആൽബം ഒരുക്കിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘വസ്ഥേ’ പാടിയ നിഖിൽ ഡിസൂസ്സയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന് ഒരു ബില്യൺ യുട്യൂബ് കാഴ്ചക്കാരുണ്ട്.
വസ്ഥേ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖിൽ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദഗി’ എന്ന പാട്ടിന് ഉണ്ട്. ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ, അജ്മൽ ഖാൻ എന്നിവരാണ് ആൽബത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീത സംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമ്മിക്കുന്നത്. ആൽബം ഉടൻ തന്നെ സീ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണി വേഷമിടുന്ന
'പവർ സ്റ്റാർ' എന്ന ചിത്രമാണ് ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യുന്നത്.
വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു. വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നൽകുന്ന ഉറപ്പ്.
സംവിധായകൻ ഇതിനോടകം ബിസിനസ് രംഗത്തും ചുവടുറപ്പിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ നോൺ - വെജ് സൂപ്പർ മാർക്കറ്റുമായാണ് സംവിധായകൻ ഒമർ ലുലു ബിസിനസുകാരന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത്. 'കുക്ക് ഫാക്ടർ' എന്ന് പേരിട്ടിരിക്കുന്ന സംരംഭം കൊച്ചിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.