തിരുവനന്തപുരം: ലൗ ജിഹാദും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട ട്രെയ്‌ലര്‍ വന്നതിനു പിന്നാലെ കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ സിനിമയ്ക്ക് പ്രദര്‍ശാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കേരളത്തില്‍ നിന്ന് 32,000 യുവതികളെ സിറിയയില്‍ എത്തിച്ചു എന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നതെന്നും ഇതുവഴി കേരളത്തെ അപമാനിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിറിയയിലേക്ക് കടത്തിയ 32,000 യുവതികളുടെ വിവരങ്ങൾ നല്‍കുന്നവർക്ക് ഒരു കോടി സമ്മാനം പ്രഖ്യാപിച്ച് യൂത്ത് ലീഗ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ സിനിമയുടെ ട്രെയിറിൽ 32,000 മലയാളികളെ സിറിയയിൽ എത്തിച്ചുവെന്ന് പറയുന്നതിന്റെ തെളിവ് നൽകുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയും എത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനാമായി നല്‍കുന്ന പണം മലദ്വാര്‍ ഗോള്‍ഡ് വഴിയോ, ഹവാല, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാല്‍ ഇഡി, കസ്റ്റംസ് തുടങ്ങിയവര്‍ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നല്‍കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ലീഗുകാരാ .. ഹിന്ദു ഐക്യവേദി നൽകാം ഒരു കോടി രൂപ .
കേരളത്തിൽനിന്ന് 32000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടു പോയി എന്ന് കേരള സ്റ്റോറി സിനിമയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? സിനിമ നിർമ്മാതാക്കൾ പുറത്ത് വിട്ട ഒഫീഷ്യൽ ടീസറിലോ ട്രെയിലറിലോ അങ്ങനെ പറയുന്നുണ്ടോ? ഉണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്ക് ഒരു കോടി രൂപ ഇനാം ഞങ്ങൾ പ്രഖ്യാപിക്കുന്നു. തെളിവുമായി ഹിന്ദു ഐക്യവേദി ആഫീസ് കയറിയിറങ്ങണ്ടതില്ല, എനിക്ക് നേരിട്ടോ അല്ലാതേയോ തന്നാൽ മതി. പണം സ്വന്തമാക്കാം. ഈ പണം മലദ്വാർ ഗോൾഡ് വഴി യോ , ഹവാല , കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണ്. അതിന് കഴിയില്ലെങ്കിൽ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പി നിങ്ങൾ കള്ളം പറയുന്നു എന്ന പതിവ് വായ്ത്താരി അവസാനിപ്പിച്ച് പൊതു സമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.
മതം മാറി ഐ എസിൽ ചേർന്നതിന്റെ തെളിവുമായി വരുന്നവർക്ക് നിങ്ങൾ പ്രഖ്യാപിച്ച ഒരു കോടി രൂപ ഇനാം തിരുവനന്തപുരത്തെ നിമിഷ ( ഫാത്തിമ ) എറണാകുളത്തെ സോണിയ സെബാസ്റ്റ്യൻ (ആയിഷ) മെർലിൻ ജേക്കബ് (മറിയാ ) എന്നിവരുടെ കുടുംബത്തിന് നൽകാൻ ലീഗുകാർക്ക് ദയവുണ്ടാകണം. (ശരിയായ രീതിയിൽ ഉണ്ടാക്കിയ പണമാണെങ്കിൽ മാത്രം).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.