മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലുമാണ് പുതിയ സിനിമ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള മോഷൻ പോസ്റ്ററും പുറത്തിറക്കി. ആസിഫ് അലിയും അന്ന ബെന്നും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദയ എന്ന പെണ്‍കുട്ടി, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും തീയറ്റർ ഓഫ് ഡ്രീംസ് പ്രൊഡക്ഷൻസിനും വേണ്ടി ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിയാണ് സിനിമയൊരുക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സിനിമയുടെ പ്രമേയമാകുന്നത് തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ്.
മാലിക്കിനായി ക്യാമറ കൈകാര്യം ചെയ്ത സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്- മഹേഷ് നാരായണൻ.
ആന്‍ അഗസ്റ്റിൻ സിനിമ നിർമ്മാണത്തിലേക്ക്; അഭിനയത്തിലും സജീവമാകാൻ താരം
നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നാണ് പോസ്റ്റ്.
ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.
2013 ലെ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. അർജുനൻ സാക്ഷി, ഡാ തടിയാ പോലുള്ള സിനിമകളിലെ ആൻ അഗസ്റ്റിന്റെ വേഷം ശ്രദ്ധേയമായിരുന്നു.
2015 ൽ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. 2014 ലായിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹം. ഇവർ വിവാഹമോചിതരായി എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Ben, Asif ali, Manju Warrier film, Prithviraj