12th Man review | ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'
12th Man review | ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'
12th Man review | 12th മാൻ റിവ്യൂ | വീണ്ടുമൊരു ക്രൈം ത്രില്ലർ ചിത്രവുമായി മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് കൈകോർക്കുമ്പോൾ പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം?
12th Man review | പഠനകാലം മുതൽ ആരംഭിച്ച സൗഹൃദം ജോലിയും വിവാഹ ജീവിതവും ആയതിൽ പിന്നെയും കാത്തുസൂക്ഷിക്കുന്ന ഏഴ് സുഹൃത്തുക്കൾ. അവരുടെ പങ്കാളികളും ഒപ്പം ചേരുന്ന മനോഹരമായ സൗഹൃദ കൂട്ടായ്മയിലേക്ക് '12th മാൻ' (12th Man) കടന്നു ചെല്ലുന്നു. കാഴ്ചക്കാർക്ക് പോലും അസൂയ തോന്നുന്ന തരത്തിൽ ജീവിക്കുന്ന, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സുഹൃദ് സംഘം. കൂട്ടത്തിൽ ഒരാൾ വിവാഹിതനാകുന്നതിനു ദിവസങ്ങൾക്കു മുൻപ് ബാച്ചിലർ പാർട്ടിക്കായി ഈ പന്ത്രണ്ടംഗ സംഘം ഇടുക്കിയിലെ റിസോർട്ടിൽ ഒത്തുചേരുന്നു. ഇവർക്കിടയിൽ 'മുഴുക്കുടിയൻ' ചന്ദ്രശേഖർ എന്ന മോഹൻലാൽ (Mohanlal) കഥാപാത്രം കൂടി കടന്നു വരുന്നു. അതുവരെയുള്ള അവരുടെ ജീവിതം ഗെറ്റ്-ടുഗെദറിൽ അപ്രതീക്ഷിതമാം വണ്ണം മാറിമറിയുന്നു. ഇഴയടുപ്പമേറിയ സൗഹൃദങ്ങൾ കുമിളപൊട്ടുന്ന വേഗത്തിൽ അറ്റുപോകുന്നു; അതെങ്ങനെ സംഭവിക്കുന്നു?
ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം, അതും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനായി വീണ്ടുമൊരു ക്രൈം ത്രില്ലർ ചിത്രവുമായി മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട് കൈകോർക്കുമ്പോൾ പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം?
ദൃശ്യത്തിനുശേഷം ജീത്തു ജോസഫ് എന്ന പേരിന്റെ മേൽ പ്രേക്ഷകരുടെ ആകാംക്ഷ എത്രത്തോളമുണ്ടെന്നതിനു ആമുഖം ആവശ്യമില്ല. ഒരുപക്ഷെ, അഭിനേതാക്കളെക്കാളും സംവിധായകനെ വിലയിരുത്തപ്പെടുന്ന തരത്തിലെ ചിത്രങ്ങളായി ജീത്തു ജോസഫ് സിനിമകൾ മാറിക്കഴിഞ്ഞു.
രണ്ടര മണിക്കൂറിനു മേലെ ഒരു സുഹൃദ് സംഘത്തിനൊപ്പം, അതും സിനിമയുടെ ഏറിയ പങ്കും ഒരു റിസോർട്ട് കേന്ദ്രീകരിച്ചു കൂടിയാവുമ്പോൾ, 12th മാൻ അനവധി കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. ഇത്തരം സാഹചര്യത്തിൽ, പ്രേക്ഷകർക്ക് വിരസത അനുഭവപ്പെടാനോ, സൂപ്പർസ്റ്റാറിനും ഒരേ തലത്തിൽ നിലനിൽക്കുന്ന അര ഡസൻ കഥാപാത്രങ്ങൾക്കും ലഭിക്കേണ്ട പ്രാധാന്യം കുറയാതിരിക്കാനോ, കഥയുടെ വീര്യം ചോരാതെയുമിരിക്കാനുള്ള ശ്രദ്ധ ഈ സിനിമയിലുണ്ട്.
'കുറ്റവാളിയാര്?' എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തലാണ് സിനിമയുടെ ഏറിയ പങ്കും. ആദ്യ പകുതിയിൽ ഇതിലെ കൂട്ടുകാരുടെ എസ്റ്റാബ്ലിഷ്‌മെന്റിന് എടുക്കുന്ന സമയം അൽപ്പം കൂടുതലാണെന്നതൊഴിച്ചാൽ, പിന്നീടങ്ങോട്ട് കണ്ടിരിക്കാവുന്ന ട്വിസ്റ്റുകളും സസ്‌പെൻസും കൊണ്ട് സിനിമ ഭംഗിയായി കെട്ടിപ്പടുത്തിരിക്കുന്നു.
അവക്കിടയിൽ സംഭവിക്കുന്ന ക്രൈം അന്വേഷിക്കുന്നത് തുടക്കത്തിൽ തന്നെ കെട്ടിയടച്ച ചുറ്റുപാട് ആരംഭിക്കുന്നിടത്ത് സങ്കീർണ്ണമാവുന്നു. അപ്പോഴേക്കും പശ്ചാത്തലം വീണ്ടും ചുരുങ്ങേണ്ട സാഹചര്യം ഉടലെടുക്കുന്നു. എത്രയോ ചിത്രങ്ങളിൽ കുടിയനായി ആറാടിയ മോഹന്‍ലാൽ അനായാസമായാണ് മുഖ്യ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവത്തിലേക്ക് കടക്കുന്നത്.
കോർട്ട് റൂം ഡ്രാമ കണ്ടു ശീലിച്ചു തുടങ്ങിയ മലയാളി പ്രേക്ഷകർക്ക്, കോടതി അല്ലാതെയുള്ള മറ്റൊരു ഇടത്തിൽ നിന്നുകൊണ്ട് കഥ പറയുന്ന ശൈലി '12th മാനിൽ' കണ്ടെത്താം. ലോക സിനിമയിൽ ഹൊറർ, മിസ്റ്ററി ചിത്രങ്ങൾക്ക് ഏറെ പശ്ചാത്തലമായ 'കൺഫൈൻഡ് സ്‌പെയ്‌സ്' ആണ് '12th മാൻ' ആഖ്യാനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ദുരൂഹത ഉള്ളതിനാൽ ഈ ജോണർ എന്തുകൊണ്ടും അനുയോജ്യമാണ് താനും.
'കുറ്റവാളി ആര്' എന്ന പ്രധാന ചോദ്യത്തിനൊപ്പം തന്നെ, കൂട്ടാളി ആരെന്ന സംശയത്തിന് ഇവിടെ വിവരസാങ്കേതികവിദ്യയെ വേണം ചൂണ്ടിക്കാട്ടാൻ. ലോക്ക് മാറ്റി എവിടെയെങ്കിലും വച്ചിട്ട് പോയാൽ, നിങ്ങളുടെ കയ്യിലും പോക്കറ്റിലും ബാഗിലുമൊക്കെയായി കൊണ്ടുനടക്കുന്ന സ്മാർട്ട് ഫോൺ എത്രത്തോളം വലിയ ബോംബ് ആണ് എന്നതിന്റെ ദൃഷ്‌ടാന്തം കൂടിയാണ് ഈ കഥ.
മറ്റൊരാളുടെ തിരക്കഥയിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ത്രില്ലറും, രണ്ടാമത്തെ സിനിമയുമാണ് '12th മാൻ'. കൃഷ്ണകുമാർ എന്ന പുതിയ തിരക്കഥാകൃത്ത് അതിസൂക്ഷ്മതക്ക് എത്രത്തോളം പ്രാധാന്യം നൽകി അവതരിപ്പിച്ചിരിക്കുന്നു എന്നത് അഭിനന്ദനമർഹിക്കുന്നു, ഒരു ക്രൈം സ്റ്റോറി ആയാൽ, അൽപ്പം ശ്രദ്ധക്കുറവിനു പോലും വലിയ സിനിമയ്ക്ക് വലിയ വില നൽകേണ്ടിവരും. ഇദ്ദേഹത്തെ മലയാള സിനിമയ്ക്ക് അടയാളപ്പെടുത്താൻ ഉതകുന്ന സൃഷ്‌ടിയാണ് '12thമാൻ'.
കഥ, ക്യാമറ, പശ്ചാത്തല സംഗീതം, ആർട് ഡയറക്ഷൻ, എഡിറ്റിംഗ് വിഭാഗങ്ങളും മികച്ച സംഭാവന നൽകിയിരിക്കുന്നു.
ഫോൺ കോളുകളിലൂടെയുള്ള ശബ്ദ സാന്നിദ്ധ്യമായി അജു വർഗീസ്, മല്ലിക സുകുമാരൻ, മുരളി ഗോപി, കോട്ടയം പ്രദീപ് എന്നിവരും അണിചേരുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ.
Published by:Meera Manu
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.