സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം പറയുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് അരുണ്‍ പറഞ്ഞു. സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അരുണ്‍ വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. കേസില്‍ പുനര്‍വിചാരണ നടക്കുന്ന സമയമായതിനാല്‍ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക.
പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അവകാശികള്‍' എന്ന ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളില്‍ എത്തും.
വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെയും മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി, പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Walayar case, Walayar issue, Walayar rape, Walayar rape case