King of Kotha review | മാസിന്റെ ബോസ്, കയ്യടിക്കടാ; കൊത്ത കേറി കൊത്തും, കൊളുത്തും

Last Updated:

പണ്ടും കണ്ടതല്ലേ ഇതുപോലത്തെ മാസ് മസാല പടങ്ങൾ എന്ന ചോദ്യം ആരംഭിക്കുന്നിടത്തു നിന്നും തുടങ്ങി കൊട്ടിക്കലാശിക്കുന്ന 'കിംഗ് ഓഫ് കൊത്ത'

കിംഗ് ഓഫ് കൊത്ത
കിംഗ് ഓഫ് കൊത്ത
King of Kotha review | ‘ഇത് കൊത്തയാണ്, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി’ കിരീടവും ചെങ്കോലും ഇല്ലാത്ത രാജാവായി കൊത്തയിൽ വാഴുന്ന കൊത്തയുടെ സ്വന്തം രാജുവിന്റെ (ദുൽഖർ സൽമാൻ) ശാസനം ഇപ്രകാരം. അടിയും, ഇടിയും, വെട്ടും, കുത്തും, കുടിപ്പകയും കൊണ്ടുനടക്കുന്ന ഗുണ്ടകൾ അരങ്ങുതകർക്കുന്നെങ്കിലും, രാജുവിന്റെ നിഴലിൽ ജനങ്ങൾ ഭയപ്പാടില്ലാതെ ജീവിച്ചുപോന്നു. രാജു നാടുവിട്ട് പോകുകയും, അയാളുടെ മുൻ സന്തത സഹചാരി കണ്ണൻ ഭായ് (ഷബീർ കല്ലറയ്‌ക്കൽ) കൊത്തയുടെ ഏകാധിപതിയായി മാറുകയും ചെയ്യുന്നതോടെ കഥ മാറുന്നു, യുവാക്കളുടെ സിരകളിൽ മയക്കുമരുന്ന് നുരഞ്ഞു പൊങ്ങുന്ന ശാപം പേറിയ മണ്ണായി, ആരും മറുവാക്ക് പറയാൻ മുതിരാത്ത നാടായി കൊത്ത പരിണമിച്ചു. കണ്ണനെ തളച്ചാൽ മാത്രമേ ഇനി കൊത്തയ്ക്ക് മോചനമുള്ളൂ. അതിനായി ആര് വരും?
ഒരു മാസ് മസാല പടത്തിനു വേണ്ടി എല്ലാമായില്ലേ എന്ന് ഇത്രയും കേട്ടപാടെ ആരും ചോദിച്ചു പോകും. പണ്ടും കണ്ടതല്ലേ ഇതൊക്കെ, എന്തിനാ വീണ്ടും? ഈ ചിന്തകൾ തലയിലൂടെ പാഞ്ഞ് തുടങ്ങുന്നിടത്ത്‌ അഭിലാഷ് ജോഷി- ദുൽഖർ ഗാങ്ങിന്റെ പൂണ്ടുവിളയാട്ടം ആരംഭിച്ചു എന്ന് കരുതിക്കോ. വരാൻ പോകുന്നത് പൂരവും, വെടിക്കെട്ടും, കുടമാറ്റവും ഒന്നിച്ചെഴുന്നള്ളുന്ന ഒരു കമ്പ്ലീറ്റ് ദുൽഖർ ഷോയും.
മാസും ക്‌ളാസും അതിനപ്പുറവും ചമച്ച മുൻകാല പ്രതിഭകളുടെ രണ്ടാം തലമുറ ഒന്നിക്കുന്നതിനാൽ അവർക്ക് മേൽ പ്രതീക്ഷകളുടെ അമിതഭാരം തുടക്കം മുതലേ ഉണ്ടായി. എന്നാൽ പിന്നെ തങ്ങളായിട്ട് കുറയ്‌ക്കേണ്ട എന്ന മട്ടിൽ അവർ അരയും തലയും മുറുക്കിക്കെട്ടി ഇറങ്ങുകയും ചെയ്തു.
advertisement
ചങ്ക് ബഡികളായി അടിപിടി പരിപാടികൾ നടത്തിപ്പോന്ന രാജുവും കണ്ണനും തമ്മിൽ തെറ്റുന്നിടത്ത്‌ കഥ തുടങ്ങുന്നു. അത്രയും പറയാൻ സ്‌ക്രീനിൽ നിക്ഷേപിച്ചത് സിനിമയുടെ ഒരു മുഴുപകുതിയാണ്. വലിച്ചുനീട്ടി നശിപ്പിച്ചു എന്ന് ഒരാൾപോലും കുറ്റം കണ്ടുപിടിക്കാത്ത വിധം പഴുതടച്ചുള്ള മേക്കിങ്, കൂടെ അത്രയും ദൂരം കണ്ണിമ തെറ്റാതെ പ്രേക്ഷകരെ പിടിച്ചിരുത്തി കാണിക്കുന്ന മായാജാലവും ചേർന്നതാണ് സിനിമയുടെ ആദ്യ പകുതി.
1996ന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ കാണുന്ന പ്രേക്ഷകന് രാജുവിനെയും കണ്ണനെയും അരച്ചുകലക്കി പഠിപ്പിക്കാൻ സർക്കിൾ ഇൻസ്‌പെക്ടർ ഷാഹുൽ ഹസൻ ആയി പ്രസന്നയും, പോലീസ് ഉദ്യോഗസ്ഥൻ ടോണിയായി ഗോകുൽ സുരേഷും തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്യുന്നു. തലമുറകളെ നശിപ്പിക്കുന്ന കണ്ണന് മൂക്കുകയറിടുക എന്ന ഉദ്യമം കൂടിയുണ്ട് ഷാഹുലിന്‌. അതിനായി നിഴൽ പോലെ കൂടെ നടക്കുന്ന ഗോകുൽ സുരേഷ്, പുത്തൻ ലുക്കിൽ പലയിടങ്ങളിലും സുരേഷ് ഗോപിയെ ഓർക്കാൻ അവസരം നൽകുന്നു.
advertisement
മൂന്ന് മണിക്കൂറിൽ സ്റ്റണ്ടും ഫൈറ്റും വേണ്ടതിലധികം ആവശ്യമായതിനാൽ, ആ മേഖലയിൽ സിനിമ മികച്ച രീതിയിൽ നിക്ഷേപം നടത്തി. ഇവിടെ ദുൽഖർ ആണ് കപ്പലിന്റെ കപ്പിത്താൻ എന്നിരിക്കെ, ആവർത്തനവും വിരസതയും കയറിക്കൂടാതിരിക്കാൻ അത്യന്തം ശ്രദ്ധ നൽകിയിരിക്കുന്നു.
സര്‍പ്പട്ട പരമ്പരൈയെ ഇടിച്ചു നിരത്തിയ ഷബീർ കല്ലറയ്‌ക്കലിന്,
ഇവിടം മുതൽ അനുയോജ്യമായ അവസരങ്ങൾ വന്നുചേർന്നാൽ തിരിഞ്ഞുനോക്കേണ്ട കാര്യമില്ല. ഒരുകാലത്തുണ്ടായിരുന്നത് പോലെ പല്ലിറുമ്മി, തീക്കട്ട കണ്ണുള്ള, ആജാനുബാഹുവായ വില്ലന്മാർക്ക് വെല്ലുവിളിയാണ് കൊത്തയുടെ ‘ഡോൺ’ കണ്ണൻ ഭായ്. വില്ലൻ സ്വഭാവത്തിൽ അഭിനയവും, മാനറിസവും, ശരീരഭാഷയും ഒത്തിണക്കിയുള്ള പ്രകടനം നായകനോളം മികച്ചതായി. നായകനുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനെ ഒരു മുഴുനീള ചിത്രത്തിൽ കൈകാര്യം ചെയ്യേണ്ട പൂർണ ഉത്തരവാദിത്തം ഷബീറിനെ ഏൽപ്പിച്ചതിൽ തെല്ലും അതിശയോക്തിയില്ല.
advertisement
കൂട്ടത്തിൽ കോമഡി വില്ലനായ ‘ഗാന്ധിഗ്രാം രഞ്ജിത്ത്’ എന്ന ചെമ്പൻ വിനോദ് കഥാപാത്രം ഹാസ്യത്തിന് വലിയ സ്കോപ്പ് ഇല്ലാത്ത മേഖലയിൽ ശ്രീകൃഷ്ണപുരത്തെ ‘ഇന്ദുമതി ഇംഗ്ലീഷ്മതിക്ക്’ പിറക്കാതെ പോയ സഹോദരനെന്നമട്ടിൽ ഇംഗ്ലീഷ് ഡയലോഗുകൾ നിരത്തി പ്രേക്ഷകരെ ചിരിപ്പിക്കും. കുറച്ചു സീനുകളിൽ മാത്രം വന്നുപോകുന്ന ഷമ്മി തിലകന്റെ കൊത്ത രവിയും ക്യാരക്റ്റർ വേഷമെന്ന നിലയിൽ ശ്രദ്ധപിടിച്ചുപറ്റി.
സ്ത്രീകഥാപാത്രങ്ങളിൽ സജിത മഠത്തിൽ, ശാന്തി കൃഷ്ണ എന്നിവരുടെ അമ്മ വേഷങ്ങൾ നിലവാരം പുലർത്തുക മാത്രമല്ല, പ്രകടനത്തിന്റെ കാര്യത്തിലും മുന്നിട്ടു നിന്നു. ആലപ്പാട്ട്‌ മറിയം നിർത്തിയിടത്തു നിന്നുള്ള തുടക്കമെന്നോണം നൈല ഉഷ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിൽ തിരികെയെത്തി. കണ്ണന്റെ ഭാര്യ മഞ്ജുവായി, പകയുടെ കനലെരിയുന്ന മനസുമായി ജീവിക്കുന്ന പെണ്ണിന്റെ വേഷം നൈല ഭംഗിയാക്കി. പെണ്ണിനും മണ്ണിനും വേണ്ടി തല്ലിത്തീർക്കാൻ ഇറങ്ങുന്ന ആണുങ്ങൾക്ക് തീപ്പൊരിയായി മാറുന്ന പെണ്ണായി മഞ്ജു ശ്രദ്ധപിടിച്ചുപറ്റി. പ്രേക്ഷകർ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് താരയായി ഐശ്വര്യ ലക്ഷ്മിയുടെ വരവ്.
advertisement
ഇനി ഒ.ടി.ടിയിൽ വരുമ്പോൾ കാണാം എന്ന് കരുതിയിരിക്കുന്ന പ്രേക്ഷകനെ വീട്ടിൽ നിന്നും വലിച്ചിറക്കി ടിക്കറ്റ് എടുപ്പിച്ചു തിയേറ്ററിലേക്ക് കയറ്റിവിടുന്നതാണ് സിനിമയുടെ സാങ്കേതിക നിലവാരം. ഒരു കംപ്യൂട്ടറിനോ, മൊബൈൽ ഫോൺ സ്‌ക്രീനിനോ, ടി.വിക്കോ ഒരിക്കലും നല്കാനാവാത്ത ദൃശ്യാനുഭവം തീർക്കുന്നതാണ് സിനിമയുടെ സൗണ്ട് എഫ്ഫക്റ്റ്, പശ്ചാത്തല സംഗീതം, സംഗീതം മേഖലകൾക്ക് ചുറ്റും ജെയ്ക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ തീർത്ത ഉരുക്കുമതിൽ. ക്യാമറ, എഡിറ്റിംഗ്, രംഗപടം എന്നിങ്ങനെ ഓരോ മേഖലയും അത്യന്തം ജാഗ്രത പുലർത്തിയുള്ള നിർമിതികളാണ്. സ്ക്രീനിനു മുന്നിലും പിന്നിലുമുള്ളവരെ സംവിധായകൻ നല്ലതുപോലെ പണിയെടുപ്പിച്ചു എന്നർത്ഥം.
advertisement
അത്യാവശ്യം മാസ് പടങ്ങൾ കണ്ടാൽ വിസിലടി- കയ്യടി ശീലമുള്ള പ്രേക്ഷർ ആണെങ്കിൽ ഒരു കാര്യം കൂടി. അതിനാവശ്യമുള്ള ഊർജം ഉണ്ടെന്ന് തിയേറ്ററിലേക്ക് പോകും മുൻപേ ഉറപ്പുവരുത്തുക. മൂന്ന് മണിക്കൂറിൽ റെസ്റ്റില്ലാതെ കയ്യടിച്ചു തളരാനുള്ള സാധ്യത ആദ്യഷോ കഴിഞ്ഞപ്പോഴേ പ്രകടമായി തുടങ്ങിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
King of Kotha review | മാസിന്റെ ബോസ്, കയ്യടിക്കടാ; കൊത്ത കേറി കൊത്തും, കൊളുത്തും
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement