• HOME
 • »
 • NEWS
 • »
 • film
 • »
 • Nanpakal Nerathu Mayakkam review | മമ്മൂട്ടിയുടെ മികച്ച പ്രകടനം കണ്ണു തുറന്നു കാണണം; നൻപകൽ നേരത്ത് മയക്കം

Nanpakal Nerathu Mayakkam review | മമ്മൂട്ടിയുടെ മികച്ച പ്രകടനം കണ്ണു തുറന്നു കാണണം; നൻപകൽ നേരത്ത് മയക്കം

Nanpakal Nerathu Mayakkam review | നൻപകൽ നേരത്ത് മയക്കം: ഒരു ലിജോ ജോസ് പെല്ലിശ്ശേരി മാസ്റ്റർപീസ്

നൻപകൽ നേരത്ത് മയക്കം

നൻപകൽ നേരത്ത് മയക്കം

 • Share this:

  നായകനും, സിറ്റി ഓഫ് ഗോഡും മുതൽ കണ്ടുതുടങ്ങിയ ചലച്ചിത്ര സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയെ ആമേനും അങ്കമാലി ഡയറീസും മുതലുള്ള കാലഘട്ടത്തിലാണ് മലയാളി പ്രേക്ഷകർ ഇരുത്തി നിരീക്ഷിക്കാൻ തുടങ്ങിയത്. ചലച്ചിത്ര മേളകളുടെയും പുരസ്കാരങ്ങളുടെയും സ്വന്തം സംവിധായകൻ എന്ന നിലയിലെത്തിയതും, എൽ.ജെ.പി. പടങ്ങൾ കാണണമെങ്കിൽ ആസ്വാദകൻ ബുദ്ധിജീവിയായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നായി കാര്യങ്ങൾ. കഥ, തിരക്കഥ, സംഭാഷണം അഭിനേതാക്കൾ/താരങ്ങൾ എന്നതിലുപരി ചലച്ചിത്ര സങ്കേതങ്ങൾ വഴി വേണമായിരുന്നു എൽ.ജെ.പി സിനിമകളിൽ പ്രവേശിക്കാൻ. ആരംഭത്തിലെ പൊളി പടങ്ങളുടെയും, പിന്നീടുണ്ടായ ബു.ജി. പടങ്ങളുടെയും ഫോർമാറ്റ് ഭേദിച്ച് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയുമായി എൽ.ജെ.പി. വരികയായി, മമ്മൂട്ടിക്കൊപ്പം; ‘നൻപകൽ നേരത്ത് മയക്കവുമായി’.

  പേരിൽ ഒരു ഉച്ചയുറക്കം ഉണ്ടെങ്കിലും, കണ്ണുതുറന്നു പിടിച്ചു കണ്ടിരുന്നുപോകുന്ന ഒന്നേമുക്കാൽ മണിക്കൂറിന്റെ സിനിമാ കാഴ്ചയിലേക്കാണ് പ്രേക്ഷകർ മിഴുതുറക്കുക.

  കേരളത്തിലെ ഇടത്തരം ക്രിസ്തീയ പശ്ചാത്തലങ്ങളിൽ കേന്ദ്രീകരിച്ച, അധികം കേട്ടുകേൾവിയില്ലാത്ത കഥകൾ പറയാറുള്ള എൽ.ജെ.പിയുടെ ഈ യാത്ര മുവാറ്റുപുഴയിൽ നിന്നും വേളാങ്കണ്ണിക്ക്‌ തീർത്ഥാടനത്തിന് പോകുന്ന ജെയിംസും (മമ്മൂട്ടി) ഭാര്യയും മകനും, അവരുടെ നാട്ടുകാരും ബന്ധുക്കളും ചേരുന്നതാണ്. ശേഷം ഇവർക്കൊപ്പം മറ്റൊരു നാട്ടിലെ തീർത്തും വിഭിന്നരായ മനുഷ്യരും കൂടുന്നു. യാത്രകഴിഞ്ഞു മടങ്ങും വഴി വണ്ടിയിലിരുന്ന് ഒന്നുറങ്ങി ഉണരുമ്പോൾ, ജെയിംസ് പിന്നെ അയാളല്ല. തന്റെ ഭൂതകാലം മറന്നു പോകുന്ന, മറ്റൊരു ഭാഷ സംസാരിക്കുന്ന, വേറൊരു നാട്ടിലെ അപരിചിതമായ കുടുംബത്തിന്റെ നാഥനാണ്.

  ജെയിംസിന്റെ വിചിത്രമായ പെരുമാറ്റവും, തന്മൂലം ചുറ്റുമുള്ളവർക്ക് ഉണ്ടാവുന്ന അസ്വസ്ഥതയും, അമ്പരപ്പും അത്യന്തം വൈകാരികമായി ഒപ്പിയെടുക്കുന്ന, കറയറ്റ തിരക്കഥയുടെ പിൻബലമുള്ള ആഖ്യാനമാണ് ഇനി പ്രേക്ഷകർക്ക് മുൻപിൽ. പറയാൻ വേണ്ടി കെട്ടിച്ചമച്ചതോ, അല്ലാത്തതോ ആയ ഹാസ്യമില്ലെങ്കിലും, പലയിടങ്ങളിലും ചിരിയുടെ മേമ്പൊടി ചേർത്ത് സിനിമ ആസ്വദിക്കാം. സിനിമയുടെ ഒഴുക്കിനൊപ്പം ആസ്വാദനവും സഞ്ചരിക്കുകയായി.

  രണ്ടു കുടുംബങ്ങളെ ബാധിക്കുന്ന അനിശ്ചിതത്വം തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. ഷോട്ടിൽ നിന്നും ഷോട്ടിലേക്കുള്ള പ്രയാണത്തിൽ ഉദ്വേഗം നിറഞ്ഞിരിക്കുന്നു. തിരുക്കുറലിൽ തുടങ്ങിയുള്ള തത്വചിന്ത എളുപ്പം ദഹിക്കുമാറ് സിനിമയിൽ കൃത്യമായ അളവിനും പാകത്തിനും ചേർത്തിട്ടുണ്ട്.

  ഒച്ചപ്പാടില്ലാതെ കണ്ടു പരിചയമില്ലാത്ത എൽ.ജെ.പിയെ, അങ്കമാലിയിൽ നിന്നും മുവാറ്റുപുഴ വഴി വേളാങ്കണ്ണിക്ക്‌ വരുമ്പോൾ, തീർത്തും ശാന്തമായി ഒഴുകുന്ന പുഴപോലെ കണ്ടിരിക്കാം. ഇടയ്ക്കിടെയുള്ള ഓളം വെട്ടലുകൾ പോലും ഹൃദ്യം. എസ്. ഹരീഷിന്റെ തിരക്കഥ എല്ലാത്തിനും പൊലിമ കൂട്ടിയിട്ടുണ്ട്.

  ‘അവാർഡ് പടമെന്നൊന്നുണ്ടോ’ എന്ന് നായകൻ മമ്മൂട്ടി ചോദിച്ച സാഹചര്യം മനസ്സിലാകണമെങ്കിൽ ‘നൻപകൽ നേരത്ത് മയക്കം’ കണ്ടു നോക്കുക. കമേഴ്‌സ്യൽ, ആർട്ട് ഹൗസ് എന്നിങ്ങനെ തരംതിരിക്കാൻ സാധിക്കാതെ ഒരു വിഭാഗം ഉടലെടുത്തത്, അതിൽ നിന്നും പിറക്കുന്ന സിനിമകൾ കാണുന്നതാവും മലയാള സിനിമാസ്വാദനത്തിന്റെ ഭാവി എന്ന് ഇവിടെ മുതൽ രേഖപ്പെടുത്തി തുടങ്ങാം.

  തന്റെ ഫ്രയിമിൽ ഒരു സൂപ്പർസ്റ്റാർ വരുമ്പോൾ, അദ്ദേഹത്തിന്റെ സിനിമാ സപര്യയും താരമൂല്യവും എത്രത്തോളമുണ്ടെന്ന് മനസിലാക്കി തന്നെയാണ് ചിത്രത്തിന്റെ ഓരോ കണികയും വിളക്കിച്ചേർത്തിട്ടുള്ളത്. തുടക്കം മുതൽ ഇന്ന് വരെയുള്ള മമ്മൂട്ടിയെ കണ്ടവർക്ക് തനിയാവർത്തനത്തിലെ ബാലൻ മാസ്റ്റർക്കോ, മൃഗയയിലെ വാറുണ്ണിയുടെയോ, വാത്സല്യത്തിലെ മേലേടത്തു രാഘവന്റേയോ ഒപ്പം ചേർത്ത് വെക്കാവുന്ന കഥാപാത്രമാവും ജെയിംസ് അഥവാ സുന്ദരം. ഒരു മമ്മൂട്ടി ചിത്രം കാണാൻ ടിക്കറ്റ് എടുക്കുന്നവർക്കും പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയാൽ അത്ഭുതമില്ല.

  അഭിനയത്തിലേക്ക് കടന്നാൽ മമ്മൂട്ടി, അശോകൻ, രാജേഷ് ശർമ്മ തുടങ്ങിയ പരിചിതമുഖങ്ങൾക്കൊപ്പം കിടപിടിക്കുന്നവരാണ് ഇവിടുത്തെ പേരറിയുന്നവരും അറിയാത്തവരുമായ അഭിനേതാക്കൾ. അഭിനയമല്ല, ബിഹേവിംഗ് ആണ് സിനിമയെന്ന വസ്തുതയെ ഊട്ടിയുറപ്പിക്കുന്ന വിധമാണ്
  ‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തിലെ ഓരോ കഥാപാത്രവും.

  സിനിമ നടക്കുന്ന കാലഘട്ടം തുടക്കത്തിൽ അവ്യക്തമെങ്കിലും 2010കളുടെ തുടക്കമാണ് പശ്ചാത്തലമെന്നു പിന്നീട് മനസിലാക്കാം. അക്കാലത്തും കേബിൾ ടി.വി.പോലും കടന്നു വരാത്ത, റേഡിയോയും ടി.വിയും ഒക്കെയായി പ്രകൃതിയോടിണങ്ങി, മറ്റു കടന്നുകയറ്റങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്കിറങ്ങിയുള്ള കഥപറച്ചിൽ മുഷിയാതെ കണ്ടിരിക്കാം.

  ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്റ്റർപീസ് എന്ന് ഈ സിനിമയെ വിളിക്കുന്നതിൽ തെറ്റില്ല. എൽ.ജെ.പി. കുടുംബപ്രേക്ഷകരുടെ സംവിധായകനായി മാറിയ ട്രാൻസ്ഫോർമേഷൻ പോയിന്റ് കൂടിയാണ് ‘നൻപകൽ നേരത്ത് മയക്കം’.

  Published by:Meera Manu
  First published: