#മീര മനുവടക്കുനോക്കിയന്ത്രത്തിലൂടെ പതിറ്റാണ്ടുകൾക്ക് മുൻപേ മലയാളിയുടെ ഹൃദയം കവർന്ന രണ്ടു കഥാപാത്രങ്ങൾ. ദിനേശനും ശോഭയും മടങ്ങി വരുന്നു എന്ന കാരണം തന്നെ ധാരാളമായിരുന്നു മലയാളികൾക്ക് ലവ്, ആക്ഷൻ, ഡ്രാമക്കായി കാത്തിരിക്കാൻ. പ്രഖ്യാപനം ഉണ്ടായത് മുതൽ റിലീസ് തിയതി വരെ തുടർന്ന കാത്തിരിപ്പ് വെറുതെ ആയില്ല എന്നുറപ്പു തന്നു കൊണ്ട് തുടങ്ങാം. സംശയരോഗിയായ മറ്റൊരു ദിനേശൻ പുതു തലമുറയിൽ ഉണ്ടായാൽ എങ്ങനെയുണ്ടാവും എന്ന ത്രെഡ് ഒഴികെ, അടിമുടി മാറിയ ദിനേശനും ശോഭയും ലവ്, ആക്ഷൻ, ഡ്രാമയിൽ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.
മടങ്ങി വരവ് ദിനേശന്റെയും ശോഭയുടെയും മാത്രമായി ചുരുങ്ങുന്നില്ല. നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ട് പണ്ടത്തേക്കാൾ മികച്ച കെമിസ്ട്രി ഫലിപ്പിച്ചെടുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇരുവരെയും മികച്ച ഫോമിൽ ഒരിക്കൽ കൂടി കഴിഞ്ഞു എന്ന് അറിയാൻ സാധിക്കുന്നത് തിയേറ്ററിലെ നിർത്താത്ത പൊട്ടിച്ചിരികളിലാണ്. നിർമ്മാതാവ് എന്ന സീരിയസ് വേഷത്തിലേക്ക് അജു ചുവടു വച്ചെങ്കിലും അത് പ്രതിഫലിക്കാത്ത വിധം അജുവിന് അനായാസേന വഴങ്ങുന്ന കോമിക് കഥാപാത്രമായി നായകനൊപ്പം തിളങ്ങാൻ സാധിക്കുന്നു. ദിനേശന്റെയും (നിവിൻ) ശോഭയുടെയും (നയൻതാര) പ്രണയ വഴികളിൽ പലതരത്തിൽ ഇടപെടുന്ന സുഹൃത്തു സാഗർ, ചിത്രത്തിലെ ഒഴിച്ച് കൂടാൻ കഴിയാത്ത കഥാപാത്രമാണ്.
![]()
പ്രേമം, ഒരു വടക്കൻ സെൽഫി ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ഒരുപാട് സ്നേഹിച്ച നിവിനെ വീണ്ടും മികച്ച ഫോമിൽ കാണാൻ കഴിഞ്ഞ ആശ്വാസം സിനിമ പ്രേക്ഷകർക്ക് ഉണ്ടാവും. കൃത്യ സമയത്ത്, പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ ഗോൾ അടിച്ചു കൊള്ളിക്കുക എന്ന കർത്തവ്യമാണ് ദിനേശനായ നിവിൻ ചെയ്യുന്നത്. ഒപ്പം അജു വർഗീസും ചേരുമ്പോൾ സ്ക്രിപ്റ്റ് എഴുതി ചെയ്യിപ്പിച്ചു എന്നറിയാത്ത വിധം പ്രേക്ഷകരെ രസിപ്പിക്കാൻ നിവിന് സാധിക്കുന്നു. പ്രേമത്തിലെ തീർത്തും ഉത്തരവാദിത്തമില്ലാത്ത ജോർജ്, മേരിയെയും മലർ മിസ്സിനെയും കയ്യിലെടുക്കാൻ കാണിക്കുന്ന അതെ ശുഷ്ക്കാന്തി ഇവിടെ ശോഭയുടെ മനസ്സിൽ കടന്നു കൂടാൻ ശ്രമിക്കുന്ന ദിനേശനും ഉണ്ട്. പ്രേമ കഥ പറയുന്ന ഒരു സമ്പൂർണ്ണ എന്റെർറ്റൈനെർ ചിത്രത്തിലെ നായകനായി നിവിൻ നിറഞ്ഞു നിൽക്കുന്നു.
ലേഡി സൂപ്പർസ്റ്റാർ നയൻതാര നീണ്ട ഇടവേളക്ക് ശേഷം മടങ്ങി വരുമ്പോൾ, ഇണങ്ങുന്ന കഥാപാത്രം തന്നെയാണ് ശോഭ. നയൻതാരയുടെ 'സ്ട്രോങ്ങ് വുമൺ' ഇമേജിന് എന്തുകൊണ്ടും യോജിച്ച രീതിയിലാണ് ശോഭയെ ചിത്രത്തിൽ ഉടനീളം കാണാനാവുക.
കുറച്ചു നേരത്തെ സ്ക്രീൻ സാന്നിധ്യം കൊണ്ട് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മല്ലിക സുകുമാരൻ എന്നിവർ തങ്ങളുടെ വേഷം മിഴിവുറ്റതാക്കി.
പ്രധാനമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചിറങ്ങുന്ന ഒരു ഓണച്ചിത്രത്തിലെ രുചിക്കൂട്ടുകൾ മനമറിഞ്ഞു വിളമ്പുന്ന സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ധ്യാൻ ശ്രീനിവാസൻ ലവ്, ആക്ഷൻ, ഡ്രാമയിൽ വിജയിച്ചിരിക്കുന്നു. കന്നി സംവിധാന സംരംഭം ധ്യാനിന് ഒരു മികച്ച തുടക്കം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.