മലയാളികളുടെ 'ഹൃദയഗീതങ്ങളുടെ കവി' ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81ാം പിറന്നാൾ. കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. മലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടാണ് ശ്രീകുമാരൻ തമ്പി എഴുതി ചേർത്തത്.
ഏകദേശം മൂവായിരത്തിലധികം ഗാനങ്ങൾ മലയാള ചലച്ചിത്രരംഗത്ത് ശ്രീകുമാരൻ തമ്പിയുടെ സംഭാവനയാണ്. 1966-ൽ പുറത്തിറങ്ങിയ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ലോകത്ത് ശ്രീകുമാരൻ തമ്പിയുടെ അരങ്ങേറ്റം. കൂടാതെ, മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഗാനരചനയ്കക്കും സംവിധാനത്തിനും പുറമേ, തിരക്കഥാ രചനയിലും സജീവമായിരുന്നു അദ്ദേഹം. എഴുപത്തിയെട്ട് സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് ശ്രീകുമാരൻ തമ്പി.
പ്രണയഗാനങ്ങൾ എഴുതുന്നതിലെ അസാമാന്യമായ വൈഭവമാണ് ‘ഹൃദയഗീതങ്ങളുടെ കവി’എന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.
Also Read-
Indrans | 'തുന്നി'യൊരുക്കിയ ജീവിതം; മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് ഇന്ന് 65-ാം ജന്മദിനം
67 ൽ പുറത്തിറങ്ങിയ ചിത്രമേളയിലെ ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് രചിച്ച ഓരോ ഗാനങ്ങളും മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി. ഗാനരചനയിൽ നിന്നും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമൊക്കെയായി മാറിയ ശ്രീകുമാരൻ തമ്പിയുടെ 'മോഹിനിയാട്ടം' എന്ന സിനിമയാണ് മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായി കരുതപ്പെടുന്നത്. 1976 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‌റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് ശ്രീകുമാരൻ തമ്പി തന്നെയായിരുന്നു. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയായിരുന്നു അദ്ദേഹം. ലക്ഷ്മിയായിരുന്നു ചിത്രത്തിലെ മോഹിനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എഞ്ചിനീയറിങ് ബിരുദ്ധധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട് അസിസ്‌റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവെച്ചാണ് കലാരംഗത്ത് സജീവമാകുന്നത്. നടനും ഗായകനുമായിരുന്ന വൈക്കം എംപി മണിയുടെ മകൾ രാജേശ്വരിയാണ് ഭാര്യ. കവിത, രാജകുമാരൻ എന്നീ രണ്ടുമക്കളായിരുന്നു. സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
സിനിമയ്ക്ക് പുറമേ, ആറ് ടെലിവിഷൻ പരമ്പരകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ, നാല് കവിതാസമാഹരങ്ങളും രണ്ട് നോവലുകളും അദ്ദേഹം രചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾക്കു നൽകപ്പെടുന്ന ജെ സി ഡാനിയേൽ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
വാക്കുകളില്‍ സുഗന്ധം നിറച്ച് മലയാളികളെ ആസ്വാദനത്തിന്റെ അനുഭൂതി അറിയിച്ച കവിക്ക് ഒരായിരം ജന്മദിനാശംസകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.