• HOME
 • »
 • NEWS
 • »
 • film
 • »
 • NATIONAL AWARD WINNING ACTOR SALIM KUMAR COMPLETES 25 YEARS IN TINSEL WORLD

Salim Kumar's 25 Year In Cinema| 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്

ഇന്നലെ അദ്ദേഹത്തിന്റെ 25ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25ാം വാർഷികവും. ‌

സലിംകുമാർ

സലിംകുമാർ

 • Share this:
  നടൻ സലിംകുമാർ സിനിമയിലും വിവാഹജീവിതത്തിലും കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ 25ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25ാം വാർഷികവും. ‌1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം ആണ് സലിംകുമാറിന്റെ ആദ്യ ചിത്രം. ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളില്‍ ലഭിച്ചു. മൂന്ന് തമിഴ് സിനിമകളിലും ഒരു ഒറിയ സിനിമയിലും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനവും ചെയ്തു.

  വിവാഹപിറ്റേന്ന് സിനിമയിൽ...

  1996 സെപ്റ്റംബർ 14ന് ആയിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭാര്യ സുനിത. പിറ്റേന്ന് രാവിലെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. സിദ്ധീഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. അതിലേക്കു സലിംകുമാറിനെ നിർദേശിച്ചത‌് നാദിർഷയാണ്. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമ സലിംകുമാറിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. കോമഡി ട്രാക്ക് വിട്ട് അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായും ഒക്കെ ആരാധകരെ ഞെട്ടിച്ചു സലിംകുമാർ. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും സ്വഭാവ നടനായെത്തി.

  ജീവിതം

  1969 ഒക്ടോബർ 9ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനനം. വടക്കൻ പറവൂരിലുള്ള ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലിം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ് എൻ എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മൂന്നു തവണ വിജയിയായിരുന്നു.

  മിമിക്രി

  സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു.
  നാലു വർഷത്തോളം കൊച്ചിൻ ആരതി തിയേറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

  രാഷ്ട്രീയം

  മറ്റു സിനിമാക്കാരെ പോലെ രാഷ്ട്രീയം ഒളിച്ചുവെക്കാറില്ല സലിംകുമാർ. താൻ ഒരു കോൺഗ്രസുകാരനാണെന്നും തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചില്ല. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജിൽ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവം. കാശൊന്നും കിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പു ഘട്ടങ്ങളിൽ അനൗൺസ്മെന്റ് ഹരമായിരുന്നു. മഹാരാജാസിൽ എത്തിയതോടെ പതിയെ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി. അക്കാലത്തു വിദ്യാർഥി മാത്രമായിരുന്നില്ല. കുടുംബനാഥന്റെ ചുമതല കൂടി ഉണ്ടായിരുന്നു. കല ജീവിതമാർഗമായിരുന്നു.

  അപ്രിയ സത്യങ്ങൾ മറച്ചുവെക്കില്ല

  നിലപാട് പരസ്യമായി പറയുന്നതിൽ സലിംകുമാർ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. അമ്മ സംഘടനയ്ക്കകത്തെ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കും. രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ചയായി വേണ്ടി വന്നാല്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കും. സിനിമാ അവാര്‍ഡ് തീരുമാനത്തിലെ നിതീകേടിനെതിരെ കോടതിയെ സമീപിക്കും. ഇങ്ങനെ അനീതി കണ്ടാല്‍ അടങ്ങിയിരിക്കുന്ന ആളല്ല. ഈ 25 വര്‍ഷത്തിനുള്ളില്‍ മുഖം നോക്കാതെ നിലപാട് പറയുന്നതില്‍ സലിംകുമാർ ഒരുവിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

  Also Read- 'സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് 25 വയസ്സ്'; വിവാഹവാര്‍ഷിക ദിനത്തില്‍ സലീം കുമാര്‍

  മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ശേഷം മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ വിയോജിപ്പുകളോടെയാണ് അത് സ്വീകരിച്ചത്. ഹാസ്യനടന് അവാര്‍ഡ് നല്‍കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ‘നവരസങ്ങളാണ് അഭിനയത്തിലുള്ളത്, എല്ലാം ഒത്തിണങ്ങിയവനാണ് നല്ല നടന്‍. അങ്ങനെയൊരു അവാര്‍ഡ് കൊടുക്കുന്നുമുണ്ട്. അതിനിടയിലാണ് മികച്ച ഹാസ്യ നടുള്ള അവാര്‍ഡ് കൊടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ബാക്കി രസങ്ങൾക്കും അവാര്‍ഡ് കൊടുക്കണം. മികച്ച ശൃംഗാരപ്പന്‍, കരുണപ്പന്‍, രൗദ്രപ്പന്‍ തുടങ്ങിയ പേരുകളിട്ട് നവരസങ്ങൾക്ക് അവാര്‍ഡ് കൊടുക്കണം. ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരമായി കരുതണ്ട എന്ന് കരുതി മാത്രമാണ് അന്നത്തെ പുരസ്‌കാരം സ്വീകരിച്ചത്.'

  പുരസ്കാരങ്ങൾ

  2010 - മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (ആദാമിന്റെ മകൻ അബു)
  2012 - മികച്ച ഹാസ്യനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - അയാളും ഞാനും തമ്മിൽ
  2010 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ആദാമിന്റെ മകൻ അബു)
  2005 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (അച്ഛനുറങ്ങാത്ത വീട്)

  കോവിഡ് കാലമായതിനാൽ സിനിമയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈ ദിനത്തിൽ വലിയ ആഘോഷങ്ങളൊന്നുമില്ല. ലാഫിങ് വില്ല എന്ന സ്വന്തം വീട്ടിൽ സുനിതയ്ക്കും മക്കളായ ചന്തുവിനും ആരോമലിനുമൊപ്പം തന്നെയാണ് ഈ ദിനവും സലിംകുമാർ. അടുത്ത ദിവസം മുതൽ സിനിമയുടെ തിരക്കുകളിലേക്കു മാറും. മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലുമാണ്.
  Published by:Rajesh V
  First published:
  )}