തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര മുഖ്യ വേഷത്തിലെത്തുന്ന നെത്രികാൻ എന്ന സിനിമയിലെ മനോഹരമായ ഗാനം വൈറലാകുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ഗാനം 'ഇതുവും കടന്തു പോകും' ആണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ശ്രദ്ധേയമാകുന്നത്. സിദ് ശ്രീറാം ആലപിച്ച ഈ ഗാനം എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. ഈ മഹാമാരി കാലത്ത് പ്രതീക്ഷയുടെ കിരണങ്ങൾ മനസിൽ നിറയ്ക്കുന്ന ഗാനമാണിത്. കേൾക്കുന്നവരിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ കഴിയുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്.
ഇതിനകം തന്നെ ട്വിറ്ററിൽ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് 'ഇധുവും കടന്തു പോഗും' ഗാനത്തിന് ലഭിക്കുന്നത്. ഈ ഗാനം അതിവേഗം ഹിറ്റായതോടെ നെട്രികാൻ എന്ന സിനിമ റിലീസാകുന്നതിന് മുമ്പ് അടുത്തതായി എന്താണ് പുറത്തിറങ്ങുകയെന്ന കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
അവൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് റാവു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് വിഘ്‌നേഷ് ശിവന്റെ റൌഡി പിക്ചേഴ്സാണ്. നയൻതാരയുടെ കാമുകനാണ് വിഘ്നേഷ് ശിവൻ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്. അജ്മൽ അമീർ, സരൺ, ഇന്ദുജ, മണികന്ദൻ എന്നിവരും നെത്രികാനിലുണ്ട്. അതേസമയം, കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാകുമെന്നാണ് സൂചന. അതേസമയം ഇതേക്കുറിച്ച് നിർമ്മാതാക്കൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Also Read-
ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡി സൂപ്പർസ്റ്റാർ; സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് നയൻതാരയുടെ കൂട്ടുകാരൻ
പത്തനംതിട്ട തിരുവല്ലയിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബി എ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയശേഷമാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തുന്നത്. ആദ്യം ചാനലിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ഏറെ കൈയടി നേടിയിരുന്നു.
അതിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനൊപ്പമാണ് നയൻതാര അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലാണ് അവർ എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലും, കമൽ സംവിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. തമിഴകത്തിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ടതാണ് നയൻതാരയുടെ കരിയറിൽ ബ്രേക്ക് ആയത്. പിന്നീട് രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഇതോടെ തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര വളരുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.