ആലപ്പുഴ വരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സ്റ്റേജിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) വീഡിയോ ഫൂട്ടേജ് അടക്കമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിനീത് നൽകിയ വിശദീകരണത്തിൽ അനിയന്ത്രിതമായ തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായതാണെന്നും, ഏറെ തൃപ്തി നൽകിയ ഒരു ഗാനമേള ആയിരുന്നു എന്നും ഇനിയും ക്ഷണിച്ചാൽ ആ ക്ഷേത്രത്തിൽ ഗാനമേളയ്ക്ക് പോകുമെന്നും വ്യക്തമാക്കിയിരുന്നു.
Also read: ‘ഏറ്റവും ആസ്വദിച്ചു പാടിയ വേദി; അൽപദൂരം ഓടേണ്ടിവന്നു; ഇനിയും വിളിച്ചാൽ വരും’; വിനീത് ശ്രീനിവാസൻ
ഇപ്പോൾ വിനീത് ശ്രീനിവാസനെ സംബന്ധിക്കുന്ന മറ്റൊരു കാര്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ബെല്ലും ബ്രേക്കും’ എന്ന സിനിമയ്ക്ക് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഈയിടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ‘മലയാളത്തിലെ ആദ്യത്തെ തേപ്പ് പാട്ട്…’ ‘ഇനി ഓരോ തേപ്പും ഒരു ആഘോഷമാകും…’ എന്നിങ്ങനെയുള്ള ക്യാപ്ഷനുകളോടു കൂടി പുറത്തിറങ്ങിയ ആ ഗാനം ഇതിനോടകം തന്നെ നാലര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
തേച്ചു പോയ കാമുകിയോർത്ത് നായകൻ മദ്യപിച്ചുകൊണ്ട് പാടുന്ന ഈ ഗാനം അല്പം സന്തോഷവും കുസൃതിയും നിറഞ്ഞ ശബ്ദത്തിലാണ് വിനീത് പാടിയിരിക്കുന്നത്. അഡ്വ: ശ്രീരഞ്ജിനി രചിച്ച ‘ചെന്താര ചന്തമെഴും പെൺകോടി ഇന്നു ചിന്തയിൽ നീ ചെങ്കനൽ തരി’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ. ശൂരനാട് ആണ്.
റാസ് മൂവീസിന്റെ ബാനറിൽ പി.സി. സുധീർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ബെല്ലും ബ്രേക്കും’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.