'തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു; 'ശുഭരാത്രി' കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാനാകില്ല'
Last Updated:
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്
വ്യാസൻ കെ പി സംവിധാനം ചെയ്ത ദിലീപിന്റെ പുതിയ ചിത്രമായ ശുഭരാത്രിയെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശുഭരാത്രി കണ്ണീരോടെ അല്ലാതെ കണ്ടുതീർക്കാനാകില്ലെന്നും ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാക്കൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നുവെന്നും സാദിഖ് കുറിക്കുന്നു. ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്നാണ് കേരളത്തിലെ തീവ്ര രാഷ്ട്രീയ ഇസ്ലാം സംഘടനകളുടെ അവകാശ വാദം സിനിമയിലും ആവർത്തിക്കുന്നുവെന്ന വിമർശനവും സാദിഖ് കുറിക്കുന്നുണ്ട്.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം
വ്യാസൻ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാ കൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു.
സിദ്ദീഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ നൻമകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രവാചകന്റെ പേര് കഥാപാത്രത്തിന് മന:പൂർവ്വം കൊടുത്തതാകാം.
advertisement
സൗഹൃദം, കുടുംബം, ദാമ്പത്യം, ബന്ധുത്വം തുടങ്ങി മനുഷ്യൻ ഇടപെടുന്ന ബന്ധങ്ങളെ അവയുടെ ആഴത്തിൽ തന്നെ പറഞ്ഞു വെയ്ക്കുന്നു ശുഭരാത്രി.
ഇതൊരു ദിലീപ് ചിത്രമല്ല. സിദ്ദീഖ് ചിത്രമാണ്. മുഹമ്മദ് എന്ന നന്മയുടെ പൂമരമായി സിദ്ദീഖ് ജീവിക്കുന്നു. സാഹചര്യം കൊണ്ട് മോഷ്ടാ വേകേണ്ടി വരുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെ ദിലീപ് അവിസ്മരണീയമാക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെ വാർത്താ കട്ടിംഗുകളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് ശുഭരാത്രിയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) നടത്തിയ ക്രൂരതകൾ വാർത്തകളിൽ വന്നു പോകുന്നു. കേരളത്തിൽ നിന്ന് ഐ.എസിൽ ചേക്കേറിയ വരെ കുറിച്ചുള്ള സൂചനകളും ആ വാർത്താ കട്ടിംഗുകളുടെ കൊളാഷിലുണ്ട്.
advertisement
ഇരുപത് വർഷം മുമ്പ് നടന്ന ഒരു പിടിച്ചുപറി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അത് ഫ്ലാഷ് ബാക്കിനുള്ള ഒരു സൂചന മാത്രം.
പള്ളിയിൽ നിന്ന് ഉയരുന്ന ഒരു മരണ വിളംബരത്തോടെയാണ് സിനിമയിൽ വർത്തമാന ജീവിതം തുടങ്ങുന്നത്. ഐ.എസിൽ ചേരാൻ കുടുംബ സമേതം സിറിയയിലേക്ക് പോയ തീയവാദിയായ ഒരു മുസ്ലിം ചെറുപ്പക്കാരൻ അവിടെ കൊല്ലപ്പെടുന്നു. ആ മരണമാണ് പള്ളിയിൽ നിന്ന് വിളംബരം ചെയ്യുന്നത്. പിന്നീട് സിനിമ സംസാരിക്കുന്നത് ഇസ്ലാമിന്റെ പക്ഷത്തുനിന്നാണ്. ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്നാണ് കേരളത്തിലെ തീവ്ര രാഷ്ട്രീയ ഇസ്ലാം സംഘടനകൾ അവകാശപ്പെടുന്നത്. ആ അവകാശ വാദം ആവർത്തിക്കുകയാണ് ശുഭരാത്രി. അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് ശുഭരാത്രി രാഷ്ട്രീയമായി പരാജയപ്പെടുന്നത്. കള്ളനാകേണ്ടി വരുന്ന കഥാപാത്രത്തിന് കൃഷ്ണൻ എന്നു പേരിടുമ്പോഴും ഏഴാം ക്ലാസിൽ തോറ്റ് ഗതികെട്ട് ജീവിക്കുന്ന മുഹമ്മദിന്റെ പഴയ സഹപാഠിയ്ക്ക് ഒരു അമുസ്ലിം നാമം നൽകുമ്പോഴും സിനിമയുടെ രാഷ്ട്രീയം സംശയിക്കപ്പെടുന്നുണ്ട്. മുസ്ലിമിന്റെ നൻമ ഒരു പടി ഉയരത്തിൽ നിൽക്കണമെങ്കിൽ ത്രാസ് അങ്ങിനെ പിടിക്കേണ്ടതുണ്ട്.
advertisement
കൃഷ്ണന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ കന്യാസ്ത്രീകൾ കൂടി എത്തുമ്പോൾ ടി.എ. റസാഖ് ഉപേക്ഷിച്ചു പോയ കൃത്രിമ മതേതരത്വത്തിന്റെ ഒരു തരം വൃത്തികേടും അനുഭവപ്പെടുന്നുണ്ട്.
;സുഡാനി ഫ്രം നൈജീരിയ, വൈറസ് പോലുള്ള സിനിമകളിൽ ആരംഭിച്ച ഈ പൊളിറ്റിക്കൽ ഇസ്ലാം ന്യായീകരണ കാഴ്ചകൾക്ക് സംവിധായകൻ എവിടെയോ വശപ്പെട്ടു പോയിട്ടുണ്ട്. അനുഷ്ഠാനങ്ങളിൽ മാത്രം മതം കൊണ്ടു നടന്നിരുന്ന കാലത്ത് മുസ്ലിംകൾ ഒരു ഫോബിയക്കും വിധേയരായിരുന്നില്ല. പിന്നീട് മൗദൂദിസവും സലഫിസവും ഇറക്കുമതി ചെയ്തവരാണ് മുസ്ലിം മനസ്സുകളെ വഴിതെറ്റിച്ചതും രാഷ്ട്രീയ ഇസ്ലാം, ശുദ്ധ ഇസ്ലാം തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ നയിച്ചതും. അവരുടെ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വർത്തമാന കാലത്ത് അതിന് ആക്കം കൂട്ടുന്നുണ്ട്.
advertisement
ഏതെങ്കിലും സംഘടനകളുമായി സിറിയയിൽ കൊല്ലപ്പെട്ട ചെറുപ്പക്കാരന് ബന്ധമുണ്ടായിരുന്നോ എന്ന് പോലീസ് ചോദിക്കുമ്പോൾ, അധ്യാപകനും " നല്ല " മുസ്ലിമുമായ അയാളുടെ ബാപ്പ അവൻ ഇടക്കാലത്ത് വായിച്ച ചില പുസ്തകങ്ങളെ കുറിച്ച് പറയുന്നുണ്ട്. കേരളത്തിൽ ഐ.എസ്സിന്റെ സാന്നിധ്യമുണ്ടെന്നും അതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും പ്രസിദ്ധീകരണങ്ങളുമുണ്ടെന്നും തുറന്നു പറയാൻ സിനിമ ധൈര്യം കാണിക്കുന്നു.
ഇത്രയും പറഞ്ഞത് സിനിമയുടെ രാഷ്ടീയമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജീവിവിച്ചിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ശുഭരാത്രി കുടുംബ സമേതം കാണാവുന്ന സിനിമയാണ്. കണ്ണു നനയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാകില്ല.
advertisement
ആ ഇസ്ലാം ഞങ്ങടെ ഇസ്ലാമല്ലെന്ന് കേരളത്തിൽ പോസ്റ്ററൊട്ടിക്കുന്ന കുമ്പളങ്ങാ കള്ളൻമാരുണ്ട്. സിനിമയിൽ പേരില്ലാത്ത ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തിൽ കേരളം പോലെ ഒരു നാട്ടിൽ നിന്നു ആളുകൾ എങ്ങിനെ ഐഎസിൽ ചേക്കേറുന്നുവെന്ന് ചോദിക്കുന്നുണ്ട്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയാണ് സിനിമയും ജീവിതവും തിരിച്ചറിയേണ്ടത്.
നൻമ മതത്തിന്റേതല്ല, മനുഷ്യന്റേതാണ്.
എൻബി: ഒരിടത്ത് സലാം പറയുന്നതിന്റെ പ്രോട്ടോകോൾ തെറ്റിച്ചതൊഴിച്ചാൽ ഇസ്ലാമിക സംജ്ഞകൾ കൃത്യമായി പ്രയോഗിക്കുന്നതിൽ വ്യാസന്റെ ഗൃഹപാഠം വിജയിച്ചിരിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 08, 2019 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു; 'ശുഭരാത്രി' കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാനാകില്ല'









