ക്‌ളാസ്സ് മുറിയിലേക്ക് പുതിയ മാഷ് കടന്നുവരുന്നതും ബ്ലാക്ക് ബോർഡിൽ കൂട്ടത്തിലെ വിരുതന്റെ കുസൃതി. ചോക്ക് കൊണ്ട് വരച്ച കുരങ്ങന്റെ ചിത്രം! അതുകാണുന്ന വിനയചന്ദ്രൻ മാഷ് ക്ഷോഭിച്ചില്ല, പകരം ഇത്ര മാത്രം പറഞ്ഞു. "ഞാൻ പത്തു വരെ എണ്ണും, അതിനുള്ളിൽ ബോർഡിൽ ഇത് വരച്ചയാൾ എഴുന്നേറ്റു നിൽക്കണം. സത്യം പറയാതെ ആരും ക്ലാസ് വിട്ട് പുറത്തുപോകില്ല." ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം ബോർഡിൽ ഒന്ന് മുതൽ ഒൻപതു വരെ എഴുതി. പത്ത് എഴുതുന്നതിനു തൊട്ടു മുൻപ് ഒന്ന് തിരിഞ്ഞുനോക്കി.
കുസൃതി ഒപ്പിച്ചയാൾ, അതാ വലതുകൈ നീട്ടി അടികൊള്ളാൻ റെഡിയായി നിൽക്കുന്നു. അടി പ്രതീക്ഷിച്ച് കുറ്റബോധത്തോടു കൂടി നിന്ന വിദ്യാർത്ഥിയുടെ കയ്യിലേക്ക് വിനയചന്ദ്രൻ മാഷ് നൽകിയത് ഒരു ചായക്കൂടാണ്. ശിക്ഷിക്കാനല്ല, മറിച്ച് അഭിനന്ദിക്കാനാണ് വിനയചന്ദ്രൻ മാഷ് ആ വരക്കാരനെ അന്വേഷിച്ചതും. അത്ഭുതം മാറാത്ത അവന്റെ കണ്ണുകൾ മാഷെ അമ്പരപ്പോടുകൂടി നോക്കി.
'മാണിക്യക്കല്ല്' എന്ന സിനിമയിൽ പൃഥ്വിരാജും വിദ്യാർത്ഥിയുടെ വേഷം ചെയ്ത ബാലു വർഗീസുമുള്ള രംഗമാണിത്.
ഇന്ന് നടന്ന സംഭവങ്ങൾ ആ കഥാപാത്രത്തെ പൃഥ്വിരാജ് ജീവിതത്തിലും ആവർത്തിക്കുന്നതായി ഓർമ്മപ്പെടുത്തിയ ട്രോൾ ആണ് ചിത്രത്തിൽ.
കഴിഞ്ഞ ദിവസം ഒരു മിമിക്രി കലാകാരൻ ക്ലബ്ഹൗസിൽ പൃഥ്വിരാജിന്റെ പേരും ശബ്ദവും അനുകരിച്ച് ഒരു റൂം തുറന്ന് ചർച്ച നടത്തിയിരുന്നു. പൃഥ്വിരാജ് ആരാധകൻ ആണെന്ന് പറഞ്ഞെങ്കിലും കാര്യം കൈവിട്ടു പോയി. പങ്കെടുത്തവർ തന്നെ അതിനെതിരെ ശബ്ദമുയർത്തുകയും പൃഥ്വിരാജ് വ്യാജ അക്കൗണ്ടിനും ചർച്ചക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി പോസ്റ്റ് ഇടുകയും ചെയ്തു.
എന്നാൽ സംഭവത്തെ തുടർന്ന് ആ കലാകാരൻ ദുരനുഭവങ്ങൾ നേരിടാൻ തുടങ്ങിയിരുന്നു. ആരെയും പറ്റിക്കാൻ വേണ്ടി ചെയ്തതല്ല, പൃഥ്വിരാജ് ക്ലബ്ഹൗസിൽ വന്നാൽ എങ്ങനെ സംസാരിക്കും എന്ന് തരത്തിൽ ചെയ്തതാണെന്ന് അയാൾ ഏറ്റുപറഞ്ഞു. പൃഥ്വിരാജ് ആ കുറിപ്പ് സഹിതം ക്ഷമിച്ചതായി പറഞ്ഞുകൊണ്ട് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ഇട്ടു.
ഒരുവേള 2500ൽ പരം ആളുകൾ ആ ചർച്ചയിൽ പങ്കെടുക്കുകയും സിനിമയിലും അതിന് പുറത്തു നിന്നും പലരും തന്നെ വിളിച്ച് പലരും അന്വേഷിക്കാനും ആരംഭിച്ചപ്പോഴാണ് നടന്ന കാര്യത്തിന് ഒരു അന്ത്യം വേണമെന്ന ചിന്തയിൽ നിന്നും പൃഥ്വിരാജ് പ്രതികരിച്ചത്.
സിനിമയ്ക്ക് പോലും ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച മിമിക്രി ഒരു നല്ല കലയാണെന്ന് പറഞ്ഞ പൃഥ്വി, ആ കലാകാരനോട് വലിയ സ്വപ്‌നങ്ങൾ കാണാനും, കഠിനാധ്വാനം ചെയ്യാനും, പഠനപ്രക്രിയ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന ഉപദേശം നൽകുകയും ചെയ്തു.
സംഭവം സൈബർ സെൽ പരാതിയായി മാറ്റാതെ കലാകാരന്റെ കഴിവിന് പ്രോത്സാഹനം നൽകി ജീവിതത്തിലും താൻ വിനയചന്ദ്രൻ തന്നെയാണ് എന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണ്.
ക്ലബ്ഹൗസിൽ ഇതുവരെയും പൃഥ്വിരാജ് അംഗമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Clubhouse, Clubhouse app, Prithviraj