സിനിമാ ഗാനങ്ങളിൽ പ്രണയം പൊഴിച്ചു; ഭക്തിഗാനങ്ങളിലൂടെ ദൈവത്തെ തൊട്ടു; എസ് രമേശൻ നായരുടെ തൂലികയിൽ വിരിഞ്ഞ പാട്ടുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമകളില്‍ പ്രണയം പൊഴിക്കുന്ന ഗാനങ്ങൾ എഴുതിയപ്പോഴും ഭക്തിഗാനങ്ങളിലൂടെ ദൈവത്തെ തൊട്ട എഴുത്തുകാരൻ. അനേകം ചലച്ചിത്രഗാനങ്ങളിലൂടെ കയ്യൊപ്പിട്ടപ്പോഴും ഭക്തിമാര്‍ഗമായിരുന്നു എസ് രമേശന്‍ നായരെ വേറിട്ടു നിര്‍ത്തിയത്.
ഭാഷാ കേരളത്തിന്റെ ചരിത്രം തന്നെയാണ് എസ് രമേശൻ നായരുടെ ജീവിതവും. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിച്ചിപ്പോൾ തമിഴ്‌നാട്ടിൽ പെട്ടുപോയ ആൾ. അവിടെ നിന്നു മലയാളം പഠിക്കാനുള്ള മോഹംകൊണ്ട് കേരളത്തിലേക്കു വന്നതാണ്. സംസ്ഥാന വിഭജനത്തെ തുടർന്ന് തമിഴ്‌നാട്ടിലായിരുന്നു രമേശൻ നായരുടെ കുടുംബം. ബിരുദംവരെ നാഗർകോവിലിൽ. അവിടെ നിന്നു മലയാളം പഠിക്കാൻ മാത്രമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ. അങ്ങനെ ഉണ്ടായതാണ് മലയാളത്തിന്റെ ഈ പാട്ടുകളുടെ പൂക്കാലം.
പാട്ടുകൾകൊണ്ടും എഴുത്തുകൾകൊണ്ടുമല്ലാതെ അധികം സംസാരിക്കാത്തയാളാണ് രമേശൻ നായർ. അഭിമുഖങ്ങൾക്കു വഴങ്ങുന്നതുപോലും അപൂർവം. അപ്പോഴും കർമരംഗത്ത് അചഞ്ചലൻ. എറണാകുളത്തപ്പൻ മൈതാനത്തെ രാജ്യാന്തര പുസ്തകോൽസവത്തിന്റെ മുഖ്യസംഘാടകനായിരുന്നു വർഷങ്ങളോളം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഗുരുപൗർണമി ശ്രീനാരായണ ഗുരുവിന്റെ വേറിട്ട ജീവിത വീക്ഷണമാണ്. തിരുക്കുറളും ചിലപ്പതികാരവും സുബ്രഹ്മണ്യഭാരതി കൃതികളും മലയാളത്തിലേക്ക് എത്തിച്ചയാൾ.
സിനിമകളില്‍ പ്രണയം പൊഴിക്കുന്ന ഗാനങ്ങൾ എഴുതിയപ്പോഴും ഭക്തിഗാനങ്ങളിലൂടെ ദൈവത്തെ തൊട്ട എഴുത്തുകാരൻ.അനേകം ചലച്ചിത്രഗാനങ്ങളിലൂടെ കയ്യൊപ്പിട്ടപ്പോഴും ഭക്തിമാര്‍ഗമായിരുന്നു എസ് രമേശന്‍ നായരെ വേറിട്ടു നിര്‍ത്തിയത്. കൃഷ്ണഭക്തിയുടെ അനന്യമായ കീര്‍ത്തനങ്ങളാണ് രമേശന്‍ നായര്‍ ചിട്ടപ്പെടുത്തിയത്. രാധതന്‍ പ്രേമത്തോടാണോ എന്ന ഗാനമാണ് ആ നിരയില്‍ ഏറ്റവും മുന്നില്‍.
advertisement
രാധതന്‍പ്രേമത്തോടാണോ അതോ ഞാന്‍ പാടും ഗീതത്തോടാണോ എന്ന ചോദ്യം ഒരേസമയം ഭക്തിയുടേയും പ്രണയത്തിന്റേയും കല്‍പനയാണ്. അണിവാകച്ചാര്‍ത്തില്‍ ഞാന്‍ അലിഞ്ഞു കണ്ണാ എന്നെഴുതാന്‍ കൃഷ്ണഭക്തിയില്‍ ലയിച്ച ഒരു കവിക്കുമാത്രമേ കഴിയൂ. ചെമ്പൈക്കു നാദം നിലച്ചപ്പോള്‍ ശംഖം നല്‍കിയ ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗീതം സംഗീതചരിത്രം കൂടിയാണ്.
ഹരികാംബോജി രാജം, യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍, ചന്ദനചര്‍ച്ചിത തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളമുള്ളിടത്തോളം നിലനില്‍ക്കുന്ന ഗീതങ്ങള്‍. പ്രകൃതീ നീയൊരു മാളികപ്പുറത്തമ്മ എന്നെഴുതിയ കവിക്ക് അയ്യപ്പന്‍ ആകാശമാം പുള്ളിപ്പുലിമേലെഴുന്നള്ളുന്ന രാഗാശശാങ്കനാണ്.
advertisement
മലയാളത്തിലെ ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമായ ഒരു ഗാനത്തിന്റെ പിറവിയെ കുറിച്ച് രവി മേനോൻ, മാതൃഭൂമിയിൽ കുറിച്ചത് ഇങ്ങനെ- യുവകവി, ആകാശവാണിയിലെ വയലും വീടും പരിപാടിയുടെ പുതിയ സബ് എഡിറ്റർ, എഴുതിക്കൊണ്ടുവന്ന പാട്ടുകളിലൂടെ കണ്ണോടിച്ച ശേഷം സംഗീതസംവിധായകൻ പി കെ കേശവൻ നമ്പൂതിരി പറഞ്ഞു: ``പാട്ടുകൾ അസ്സലായി. പക്ഷേ ഒരു കുറവുണ്ട്. തുടക്കത്തിലൊരു ഗണപതിസ്തുതി കൂടി വേണം. നിങ്ങളുടെ ആദ്യ ഗാനസമാഹാരമല്ലേ? വിഘ്നങ്ങൾ ഉണ്ടായിക്കൂടല്ലോ..'' പിന്നെ സംശയിച്ചില്ല രമേശൻ നായർ. പേനയും കടലാസും മുന്നിലെത്തേണ്ട താമസമേ ഉണ്ടായുള്ളൂ. നിമിഷങ്ങൾക്കകം ഗണേശ സ്തുതി തയ്യാർ. അന്നെഴുതിയ ഗാനം മലയാള ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമാണിന്ന്: ``വിഘ്നേശ്വരാ ജന്മനാളികേരം മുന്നിൽ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു ....'' മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഭക്തിഗാന ആൽബങ്ങളിലൊന്നായ പുഷ്പാഞ്ജലി (1981) യിലെ സ്വാഗതഗീതം' അവിടെ പിറന്നു.
advertisement
രമേശൻ നായരുടെ സിനിമാ ഗാനങ്ങളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക 'രാക്കുയിലിൻ രാഗസദസ്സിൽ' എന്ന സിനിമയിലെ ‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പാട്ടായിരിക്കും. ഇതേ ചിത്രത്തിലെ ‘ എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ എത്ര നവരാത്രികളിലമ്മേ’ എന്ന ഗാനവും മറക്കാനാവാത്തതാണ്.
പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് രമേശൻ നായർ സിനിമാപ്പാട്ടെഴുത്തിലേക്കു വന്നത്. ധിം തരികിട ധോം എന്ന സിനിമയിലെ 'കിളിയേ കിളിയേ കിളിമകളേ', അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം', വിചാരണയിലെ 'ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു' എന്നിവയൊക്കെ മലയാളി ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും.
advertisement
അനിയത്തിപ്രാവ്, ഗുരു, പഞ്ചാബി ഹൗസ്, സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളും രമേശൻ നായരുടെ സംഭാവനയാണ്. ഇളയരാജ ചിട്ടപ്പെടുത്തിയ 'ഗുരു' വിലെ 'ദേവസംഗീതം നീയല്ലേ', ' ഗുരുചരണം ശരണം' തുടങ്ങിയ ഗാനങ്ങൾ രമേശൻ നായരുടെ പ്രതിഭയുടെ ആഴങ്ങൾ കാണിച്ചുതന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2021 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ ഗാനങ്ങളിൽ പ്രണയം പൊഴിച്ചു; ഭക്തിഗാനങ്ങളിലൂടെ ദൈവത്തെ തൊട്ടു; എസ് രമേശൻ നായരുടെ തൂലികയിൽ വിരിഞ്ഞ പാട്ടുകൾ