തമിഴ് കവി വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകനും ഗാനരചയിതാവുമായ മദൻ കാർകി. ഇതാദ്യമായാണ് വിവാദത്തിൽ വൈരമുത്തുവിന്റെ മകൻ പരസ്യപ്രതികരണം നടത്തുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ പിതാവിനെ പൂർണമായി വിശ്വസിക്കുന്നുവെന്നാണ് മദന്റെ പ്രതികരണം.
ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണ് വിശ്വസിക്കുക?
ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു.
ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
മദൻ തന്റെ ട്വീറ്റിൽ പറയുന്നു.
If a group of people hate your family and throw baseless accusations on your dad or mom, and your parent denies those accusations, who will you trust?
I trust my dad.
If the concerned people believe they have truth on their side, let them take it to the legal authorities.
— Madhan Karky (@madhankarky) May 29, 2021
ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ പതിനേഴോളം സ്ത്രീകളാണ് വൈരമുത്തുവിനെതിരെ മൂന്ന് വർഷം മുമ്പ് മീ ടൂ ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാൻ തീരുമാനിച്ചതോടെയാണ് മീടൂ വീണ്ടും ചർച്ചയായത്.
പുരസ്കാരം നൽകുന്നതിനെ ചിന്മയി പരിഹസിച്ചിരുന്നു. വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു പരിഹാസരൂപേണയുള്ള ചിന്മയിയുടെ ട്വീറ്റ്.
You may also like:'ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചത്: മൂന്നുവര്‍ഷമായിട്ടും കേസെടുത്തിട്ടില്ല': വൈരമുത്തു
പുരസ്കാരം വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. വൈരമുത്തുവിന് പുരസ്കാരം പ്രഖ്യാപിച്ചതു മുതൽ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‍കാരമെന്നും എഴുത്തിലെ മികവാണ് മാനദണ്ഡമെന്നുമായിരുന്നു വിവാദങ്ങളോട് അടൂർ ഗോപലാകൃഷ്ണന്റെ പ്രതികരണം. ഈ പ്രസ്താവനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടി എഴുത്തുകാരി കെആർ മീര ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായിക ഗീതു മോഹൻദാസ്, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ വൈരമുത്തുവിന് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇതിനെതിരെ രംഗത്തെത്തി.
എന്നാൽ ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നുമാണ് വൈരമുത്തുവിന്റെ പ്രതികരണം. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #MeToo, Vairamuthu