ചെന്നൈ: ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും തമിഴ് കവി വൈരമുത്തു. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.
വിവാദത്തിനിടെ വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്കാരം പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എന്നാൽ ഇതിനെതിരെ
സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയർന്നിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി.
17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്.
തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്കാരം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്‍റ് അടൂര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്താക്കുറിപ്പ് വഴി തീരുമാനമറിയിച്ചത്. എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
പുരസ്കാരനിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവര്‍ക്കായിരുന്നു മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
#മീടൂ ആരോപിതൻ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതിനെതിരെ പ്രതിഷേധം കടുക്കുന്നു. ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരായി പാർവതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവർ പ്രതിഷേധമറിയിച്ചു. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയർത്തിയവരിൽ ഒരാളാണ് ഗായിക ചിന്മയി ശ്രീപദ.
"കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ." മീന കന്ദസാമി കുറിച്ചു.