• HOME
  • »
  • NEWS
  • »
  • film
  • »
  • നമ്മുടെ നെടുമുടി വേണു; നെടുമുടിക്കാരുടെ സ്വന്തം ശശിചേട്ടൻ

നമ്മുടെ നെടുമുടി വേണു; നെടുമുടിക്കാരുടെ സ്വന്തം ശശിചേട്ടൻ

നക്ഷത്ര തിളക്കത്തിലും അടിമുടി കുട്ടനാട്ടുകാരനായിരുന്ന നെടുമുടി വേണു

നെടുമുടി വേണുവും ഫാസിലും കോളേജ് നാളുകളിൽ

നെടുമുടി വേണുവും ഫാസിലും കോളേജ് നാളുകളിൽ

  • Share this:
താരത്തിളക്കത്തിൻ്റെ നെറുകയിൽ നിൽക്കുമ്പോഴും അടിമുടി ഒരു കുട്ടനാട്ടുകാരനായിരുന്നു നെടുമുടി വേണു. ബാല്യകൗമാരങ്ങൾക്ക് ശേഷം കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി കാവാലത്തിനൊപ്പം തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോഴും അദ്ദേഹത്തിൻ്റെ വേരുകൾ നെടുമുടിയിലെ വാലേഴം തറവാട്ടിൽ പൂർവ്വാധികം ശക്തിയോടെ ഉറച്ചു നിന്നു.

ഓരോ നാട്ടിൻപുറത്തുകാരനെയും പേരെടുത്ത് നീട്ടി വിളിച്ച് വേണു ഇനി ആ വഴി വരവില്ലല്ലോ എന്നോർക്കുമ്പോൾ തികഞ്ഞ സങ്കടമാണ് ഈ നാടിന്. കാവാലത്തിൻ്റെ പാട്ടും കുട്ടനാടിൻ്റെ തുഴ താളവും, നാട്ടിൻപുറത്തിൻ്റെ വിശുദ്ധിയുംകൊണ്ട് അഭ്രപാളികളിൽ വേറിട്ട വഴികളിലൂടെ നടന്നു നീങ്ങിയ കലാകാരനാണ് നെടുമുടി വേണു. അതിഭാവുകത്വം ഒട്ടുമില്ലാത്ത നാമെവിടെയൊക്കെയോ കണ്ടു മറന്ന, നൈർമല്യമുള്ള ഒരു കുട്ടനാട്ടുകാരനെ പോലെയായിരുന്നു വേണുവിൻ്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും.

ജീവിതത്തിലും ഒട്ടും വേറിട്ട് നിന്നില്ല. ജീവിതയാത്രയിൽ അവസാനം വരെയും ഓരോ അയൽപക്കക്കാരനെയും പേരെടുത്ത് നീട്ടി വിളിച്ച് കുശലം പറഞ്ഞ്, മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാവാത്ത കലാകാരന് ജന്മം നൽകിയ നെടുമുടിയിലെ വാലേഴം തറവാട്ടിലേക്ക് വേണു മടങ്ങി വന്നു കൊണ്ടേയിരുന്നു. ഓരോ മടക്കവും ഈ നാടിൻ്റെ ആഘോഷമായിരുന്നു.

വേണു വാലേഴത്തേക്ക് വരും വഴി തന്നെ ആളൊന്നൊന്നായി കൂടും. പടി കടക്കുമ്പോൾ ഒരു കൂട്ടം തന്നെ ഉണ്ടാകും. നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോഴും നാടും നാട്ടുകാരുമായുള്ള സൗഹൃദം ഒന്നിനൊന്നു കൂടിയിട്ടേയുള്ളു. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തെ 'തമ്പിൽ' വേണു നിശബ്ദനായി കിടക്കുമ്പോൾ ഇങ്ങ് ആലപ്പുഴയിൽ നെടുമുടിയും തേങ്ങുന്നത്.

ഫാസിലും, ബോബൻ കുഞ്ചാക്കോയുമൊക്കെ രാവോളം കഥകൾ പറഞ്ഞിരുന്ന കളിത്തട്ടുകൾ ഉണ്ട് വാലേഴത്തു വീട്ടിലും നെടുമുടിയിലും. സൗഹൃദവട്ടങ്ങളുടെ താളം ഉറക്കെ ഉയർന്ന വാലേഴത്തിൻ്റെ വരാന്ത ഇന്ന് നിശബ്ദമാണ്.

മഴക്കാറ്റിൽ ആടി ഉലഞ്ഞ് വിഷാദ മൂകമാകുന്നു പ്രകൃതി തന്നെ. നാടൻ പാട്ടിൻ്റെ ശീലുകളില്ലാത്ത, വേണുവിൻ്റെ കൈകൾ താളം പിടിക്കാത്ത വാലേഴം അത്രമേൽ ശൂന്യമാണ് നെടുമുടിക്കാർക്ക്.

വെള്ളിത്തിരയ്ക്ക് മുന്നേ നാടിൻ്റെ താരമായായിരുന്നു നാം എല്ലാം നെടുമുടി വേണു എന്ന് വിളിച്ച ഇവരുടെ സ്വന്തം ശശിചേട്ടൻ. വാലേഴത്തെ പി.കെ. കേശവൻ പിള്ളയുടേയും കുഞ്ഞിക്കുട്ടിയുടേയും മകൻ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ നടവൈഭവത്തിൻ്റെ കൊടുമുടി കയറും മുമ്പേ സജീവ സാന്നിധ്യമായിരുന്നു.

തിരുവനന്തപുരത്ത് എന്ത് ആഘോഷമുണ്ടെങ്കിലും നാട്ടിലേക്ക് വേണുവിൻ്റെതായി ഒരു വണ്ടി വരും. കൂട്ടുകാരും ബന്ധുക്കളുമായി ഒരു വലിയ സംഘം തന്നെ അങ്ങോട്ട് തിരിക്കും. നാടില്ലാത്ത ആഘോഷങ്ങളില്ലായിരുന്നു വേണുവിന്. ഒരു വർഷം മുമ്പാണ് ഒടുവിലായി വാലേഴത്തെത്തിയത്. ഇന്ന് പുലർച്ചെ വേണു അയക്കാതെ തന്നെ ഒരു വണ്ടി നിറയെ ആളുകൾ തലസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. താളം നിലച്ച, നൈർമല്യം നിറഞ്ഞ ആ ചിരിയുള്ള ആ മുഖം ഒടുവിലായൊന്നു കാണാൻ. എപ്പോഴത്തേയും പോലെ ചേർന്നു തന്നെ അവസാന യാത്രയപ്പും. എത്താനാകാത്ത എത്രയോ സ്നേഹങ്ങൾ കുട്ടനാടിൻ്റെ വീഥികളിലും കണ്ണീർ വാർക്കുന്നു.
Published by:user_57
First published: