Abu Dhabi Attack | അബുദാബിയിലെ ആക്രമണം; യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക രാജ്യങ്ങള്‍
- Published by:Karthika M
- news18-malayalam
Last Updated:
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി യുഎഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.
അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനം നടന്നതിന് പിന്നാലെ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി യുഎഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണ മന്ത്രാലയം (UAE Ministry of Foreign Affairs and International Cooperation) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത്.
യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച അമേരിക്ക, രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളെയും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍, യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ സംസാരിച്ചു.
സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്ട്ര - മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചുള്ളവയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുണ്ടെറസ് അഭിപ്രായപ്പെട്ടു. യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
advertisement
ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ആക്രമണത്തിന്റെ പ്രത്യാഘാതത്തിനും അവരെ ഉത്തരവാദികളാക്കാന്‍ യുഎഇയുമായും അന്താരാഷ്ട്ര സഹകാരികളുമായും ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
Also Read - അബുദാബിയിലെ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര് മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
advertisement
അബുദാബിയിലെ ആക്രമണത്തിന് പിന്നാലെ ശക്തമായി അപലിച്ചുകൊണ്ട് സൗദി അറേബ്യയും രംഗത്തെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ അപലപിച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
Also Read - അബുദാബിയില്‍ സ്‌ഫോടനം; വിമാനത്താവളത്തിലും തീപിടിത്തം; ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു
advertisement
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും യെമന്‍ വിദേശകാര്യ മന്ത്രാലയവും, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് പാര്‍ലമെന്റ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ എന്നിവയും ആക്രമണത്തെ അപലപിക്കുകയും യുഎഇക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് അബുദാബിയില്‍ ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന (Arab coalition forces) ശക്തമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
Location :
First Published :
January 18, 2022 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Abu Dhabi Attack | അബുദാബിയിലെ ആക്രമണം; യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക രാജ്യങ്ങള്‍