Itikaf | മക്ക പള്ളിയിലെ ഇഅ്തികാഫ്; റമദാൻ ഒന്ന് മുതല്‍ രജിസ്‌ട്രേഷൻ ആരംഭിക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
റമദാന്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലാണ് ഇഅ്തികാഫ് ഇരിക്കാന്‍ സൗകര്യമൊരുക്കുക.
മക്കയിലെ വിശുദ്ധ പള്ളിയില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനുള്ള (itikaf) രജിസ്ട്രേഷന്‍ റമദാൻ മാസത്തിന്റെ (Ramadan) ആദ്യ ദിവസം ആരംഭിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇഅ്തികാഫ് ആരംഭിക്കുന്നത്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പ്രാർത്ഥനയോടെ വിശ്വാസികൾ പള്ളിയിൽ കഴിയുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇത് പ്രവാചകചര്യയിൽ പെട്ടതാണ്.
റമദാന്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലാണ് ഇഅ്തികാഫ് ഇരിക്കാന്‍ സൗകര്യമൊരുക്കുക. വിശുദ്ധ പള്ളിയിലെ ഇഅ്തികാഫ് അനുഷ്ഠാനത്തിനായി റമദാൻ 5 വരെ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം അധികൃതർ ഒരുക്കിയതായി ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഹറമൈന്‍ അല്‍ ഷെരീഫിയന്‍ ആപ്പ് വഴിയോ പ്രസിഡന്‍സി വെബ്സൈറ്റ് വഴിയോ ആണ് രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ലഭ്യമാക്കുക.
ഗൈഡന്‍സ് അഫയേഴ്സ് ഏജന്‍സി ഇഅ്തികാഫ് വിശ്വാസികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഹറമിന്റെ പടിഞ്ഞാറന്‍ മുറ്റത്ത് കിംഗ് അബ്ദുല്ല ഗേറ്റിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇഅ്തികാഫ് ഇരിക്കുന്നവര്‍ ഹറം ജീവനക്കാരുമായി സഹകരിക്കുകയും നിയമ ലംഘനങ്ങള്‍ നടത്താതിരിക്കുകയും വേണം.
advertisement
മാത്രമല്ല, ഇഅ്തികാഫുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും മാനിക്കുകയും വേണം. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വസ്തുവകകൾ നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഹറംകാര്യ വകുപ്പ് വഹിക്കില്ലെന്നും ഡെപ്യൂട്ടി തലവന്‍ ബദ്ര്‍ അല്‍ഫരീഹ് പറഞ്ഞു.
കോവിഡ് 19നെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ് മോസ്‌കിലേക്കും പ്രവാചകന്‍ മുഹമ്മദിന്റെ പള്ളിയിലേക്കും റമദാനില്‍ ഇഅ്തികാഫ് ആരംഭിക്കുന്നതായി കഴിഞ്ഞ ആഴ്ച ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇഅ്തികാഫ് ഇരിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ അതിനുള്ള അനുമതി നേടേണ്ടതുണ്ട്.
advertisement
രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് സൗദി അറേബ്യ ഈ മാസം മിക്ക കോവിഡ് 19 നിയന്ത്രണങ്ങളും നീക്കിയിരുന്നു. മക്ക പള്ളിയിലെയും മുഹമ്മദ് നബിയുടെ പള്ളിയിലെയും വിശ്വാസികള്‍ക്കിടയില്‍ ശാരീരിക അകലം പാലിക്കുന്നത് ഒഴിവാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, വിശ്വാസികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
നേരത്തെ, സൗദിയില്‍ തുറസായ ഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയിലേക്കു വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചു. ഇതുള്‍പ്പെടെ സൗദിയിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷന്‍ നിരക്ക് കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഎഇക്കു പിന്നാലെ സൗദിയിലും തുറസായ ഇടങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Location :
First Published :
April 02, 2022 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Itikaf | മക്ക പള്ളിയിലെ ഇഅ്തികാഫ്; റമദാൻ ഒന്ന് മുതല്‍ രജിസ്‌ട്രേഷൻ ആരംഭിക്കും