ദുബായിൽ ഭാര്യയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി
- Published by:meera_57
- news18-malayalam
Last Updated:
സമ്മതമില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ യുഎഇ പരമോന്നത കോടതി റദ്ദാക്കി
ദുബായില്‍ (Dubai) യൂറോപ്യന്‍ ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അസാധാരണമായ നിയമയുദ്ധം അവസാനിച്ചു. സമ്മതമില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ യുഎഇ പരമോന്നത കോടതി റദ്ദാക്കി. കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയ കോടതി അദ്ദേഹത്തെ വെറുതേവിടുകയും ചെയ്തു.
ഭര്‍ത്താവ് തന്റെ സ്വകാര്യത ലംഘിച്ചുവെന്ന് ആരോപിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസ് ആരംഭിച്ചത്. സംഭവം ദാമ്പത്യ ബന്ധങ്ങളിലെ അതിരുകളെയും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളെയും വ്യക്തിപരമായ സ്വകാര്യതയെയും കുറിച്ചുള്ള യുഎഇ നിയമങ്ങളിലെ വ്യാഖ്യാനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി.
കേസ് പ്രകാരം 38-കാരനായ ഭര്‍ത്താവ് തന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതില്‍ ആസക്തി വളര്‍ത്തിയെടുത്തതായി ഭാര്യ ആരോപിക്കുന്നു. താന്‍ സ്വകാര്യതയിലായിരിക്കുമ്പോഴും, വൈകാരികമായി ദുര്‍ബലമായ അവസ്ഥയിലിരിക്കുമ്പോഴും, കരയുമ്പോഴും, വഴക്കിടുമ്പോഴുമെല്ലാം അയാള്‍ തന്റെ ചിത്രങ്ങള്‍ ആവര്‍ത്തിച്ച് പകര്‍ത്തുന്നതായി ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
വീട്ടുജോലിക്കാരിയെ നിരീക്ഷിക്കാനെന്ന തരത്തില്‍ തന്റെ നീക്കങ്ങള്‍ അറിയാനായി ഭര്‍ത്താവ് വീട്ടില്‍ മുഴുവനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതായും യുവതി അവകാശപ്പെട്ടു. യുഎഇയിലെ സൈബര്‍ കുറ്റകൃത്യ നിയമങ്ങളും സ്വകാര്യത നിയമങ്ങളും പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ദുബായ് പോലീസിലെ ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഭർത്താവിന്റെ ഫോണിൽ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതെല്ലാം തന്റെ സമ്മതമില്ലാതെ എടുത്തതാണെന്ന് യുവതി പറഞ്ഞു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അവരുടെ വാദം ശരിവച്ച് ഭര്‍ത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയും ചെയ്തു. 5,000 ദിർഹം അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തു. സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള ഭാര്യയുടെ ആവശ്യം പരിഗണിക്കാന്‍ കേസ് സിവില്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു.
advertisement
റെക്കോര്‍ഡിംഗുകള്‍ ഉഭയസമ്മതപ്രകാരമോ ദാമ്പത്യ ജീവിതത്തിന്റെ പരിധിക്കുള്ളിലോ ഉള്ളതാണെന്ന ഭാര്‍ത്താവിന്റെ വാദം തള്ളിക്കളഞ്ഞ അപ്പീല്‍ കോടതി പിന്നീട് കീഴ്ക്കോടതി വിധി ശരിവച്ചു. കോടതി വിചാരണയ്ക്കിടെയെല്ലാം ഭര്‍ത്താവ് തന്റെ തെറ്റ് ആവർത്തിച്ചു നിഷേധിച്ചു. ഭാര്യ ചിത്രങ്ങള്‍ തനിക്ക് സ്വമേധയാ തന്നതാണെന്നും ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അവർ തനിക്കെതിരെ കേസ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. കീഴ്‌ക്കോടതികള്‍ നിയമം തെറ്റായി പ്രയോഗിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
വര്‍ഷങ്ങള്‍ വീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കേസ് ദുബായിലെ കാസേഷന്‍ കോടതിയിലെത്തി. അവിടെ ഭര്‍ത്താവിന് അനുകൂലമായ വിധി വന്നു. കീഴ്ക്കോടതി വിധികളെല്ലാം റദ്ദാക്കിക്കൊണ്ട് പരമോന്നത കോടതി അസാധാരണമായ നടപടി സ്വീകരിച്ചു. ദുബായ് നിയമത്തിനുമുന്നില്‍ വരുന്ന ഏറ്റവും വിചിത്രമായ ദാമ്പത്യ തര്‍ക്കങ്ങളിലൊന്നായാണ് ഈ കേസിനെ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. കേസില്‍ ഭാര്യയുടെ ആരോപണമായ സ്വകാര്യതാ ലംഘന കുറ്റം തള്ളിയ പരമോന്നത കോടതി ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി.
Location :
Thiruvananthapuram,Kerala
First Published :
September 01, 2025 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ഭാര്യയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി