കുവൈത്തിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്
കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്.
നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമീക വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. അഗ്‌നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടര്‍നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Location :
New Delhi,Delhi
First Published :
July 20, 2024 8:56 AM IST