പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ. മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. രാജ്യ ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമെടുത്ത തീരുമാനം ആണിതെന്നാണ് മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറയുന്നത്. നേരത്തെ സമാനമായ നിർദേശപ്രകാരം രാജ്യത്ത് ചാട്ടവാറടി നിർത്തുന്നതായി അറിയിച്ചിരുന്നു. പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത സമയത്തുള്ള കുറ്റ കൃത്യങ്ങള്‍ക്ക് വധശിക്ഷ നൽകുന്നതും നിർത്തലാക്കിയെന്നറിയിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റത്തിന് വധശിക്ഷ ലഭിച്ചവർക്ക് ജുവനൈൽ ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ പത്തുവർഷത്തില്‍ കുറയാത്ത തടവുശിക്ഷയാകും ലഭിക്കുക. പുതിയ തീരുമാനം എന്നു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാൽ നിരവധി ആളുകളാകും വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുക. പ്രത്യേകിച്ചും സൗദിയിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിൽ നിന്നുള്ളവർ.
പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത കുറ്റങ്ങളുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന സൗദി നിയമം ആഗോള തലത്തിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുള്ളതാണ്. അത്തരത്തിൽ പ്രതിഷേധം ഉയർത്തിയ കേസുകളിലൊന്നാണ് അലി അല്‍ നിമ്രിന്‍റേത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കാളിയായതിന്റെ പേരിൽ പതിനേഴാം വയസിലാണ് അലിയെ അറസ്റ്റ് ചെയ്തത്. വധശിക്ഷയ്ക്ക് വിധേയനായ പ്രമുഖ ഷിയാ പണ്ഡിതൻ നിമ്ര് അൽ നിമ്രിന്റെ സഹോദരപുത്രനായ അലിക്ക് പിന്നീട് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
സമാനമായ കേസ് തന്നെയായിരുന്നു മുർതജ ഖുറൈറ്റിസിന്‍റെതും. അറബ് വിപ്ലവകാലത്ത് പ്രതിഷേധ റാലിയിൽ അന്ന് പത്തുവയസുകാരനായ മുർത്തജ പങ്കെടുത്തു എന്നാതായിരുന്നു കുറ്റം. 2014 ൽ പതിമൂന്നാം വയസിലാണ് ഇതിന്റെ പേരിൽ കുട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത്. മുർത്തജയ്ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. എന്നാൽ ആഗോള തലത്തിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഈ വധശിക്ഷ സൗദി ഇളവ് ചെയ്തിരുന്നു.
അതേസമയം രാഷ്ട്രീയ കുറ്റവാളികൾക്ക് പുതിയ നിർദേശം ബാധകമാണോയെന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്. ' എപ്പോഴത്തെയും പോലെ ഇതും പൊള്ളയായ വാക്കുകൾ മാത്രമായിരിക്കുമെന്നും വധശിക്ഷയിൽ ഇളവുകൾ വരുത്തുമെന്ന് കഴിഞ്ഞ കുറെക്കാലമായി സൗദി രാജകുമാരനായ മുഹമ്മദ് ബിൻ സൽമാൻ പറയുന്നുണ്ട്. എന്നിട്ടും സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ആളുകളെ പോലും വധശിക്ഷയ്ക്ക് വിധേയരാക്കുന്ന നടപടി തുടർന്ന് വരികയാണ്' എന്നാണ് പുതിയ നിർദേശത്തെ സംബന്ധിച്ച് ചിലർ പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ തന്നെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കാര്യത്തിൽ പുതിയ നിർദേശം ബാധകമാണോയെന്നും പ്രസ്താവനയിൽ പറയുന്നില്ല. കൂടുതൽ പരിഷ്കരണങ്ങൾ നടപ്പാക്കി വരികയാണെന്ന് മാത്രമാണ് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് അവ്വാദ് അലവ്വാദ് പ്രതികരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.