അഞ്ചു വയസുകാരൻ കളിക്കുന്നതിനിടെ 13ാം നിലയിലെ ജനലില്‍ കുടുങ്ങി; രക്ഷകനായി വാച്ച്മാൻ
- Published by:Rajesh V
- news18-malayalam
Last Updated:
പിടി വിട്ടാൽ താഴേക്ക് പതിക്കുമെന്ന അവസ്ഥയിലായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഇവിടെ എത്തിപ്പെടുകയായിരുന്നു
ഷാർജ: കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനലിൽ അപകടകരമായ നിലയിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ വാച്ച്മാനും താമസക്കാരും ചേർന്ന് രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ പുറത്തേക്ക് തൂങ്ങി നിൽക്കുന്ന നിലയിൽ അയൽക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസിനെയും വാച്ച്മാനെയും ഉടൻ വിവരം അറിയിച്ചു. പിടി വിട്ടാൽ താഴേക്ക് പതിക്കുമെന്ന അവസ്ഥയിലായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഇവിടെ എത്തിപ്പെടുകയായിരുന്നു.
അധികൃതർ എത്താൻ കാത്തുനിൽക്കാതെ താമസക്കാരും വാച്ച്മാനും ചേർന്ന് അപാർട്ട്മെന്‍റിൽ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് കുട്ടിയുടെ പിതാവിനെ വിളിച്ച് സംഭവം പറഞ്ഞതോടെ വാതിൽ പൊളിച്ച് രക്ഷപ്പെടുത്താൻ പറയുകയായിരുന്നു. ഇതിനിടെ കുട്ടി താഴെ വീണാൽ രക്ഷപ്പെടുത്താനായി ഒരു സംഘം പുതപ്പും മെത്തയും സജ്ജീകരിക്കുകയും ചെയ്തു.
advertisement
വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ കുട്ടി ജനലിന്‍റെ അറ്റത്ത് പ്രയാസപ്പെട്ട് പിടിച്ച് നിൽക്കുന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. വാച്ച്മാനും മറ്റുള്ളവരും ചേർന്ന് രക്ഷിക്കുമ്പോഴേക്കും പൊലീസും രക്ഷാപ്രവർത്തകരും കുട്ടിയുടെ മാതാവും എത്തി. സംഭവത്തിൽ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടുവെന്നും എന്നാൽ കുട്ടിയെ രക്ഷപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്നും ഷാർജ സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.
advertisement

കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ വാച്ച്മാനെയും താമസക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു. നേപ്പാൾ സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് റഹ്മത്തുല്ലയെയും ആദിൽ അബ്ദുൽ ഹഫീസ് എന്നയാളെയുമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകമായി ആദരിച്ചത്. ഇരുവരും നിർവഹിച്ചത് വീരകൃത്യമാണെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സാരി അൽ ഷംസി പറഞ്ഞു.
Location :
First Published :
September 15, 2022 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അഞ്ചു വയസുകാരൻ കളിക്കുന്നതിനിടെ 13ാം നിലയിലെ ജനലില്‍ കുടുങ്ങി; രക്ഷകനായി വാച്ച്മാൻ