നൂറു കോടിയുടെ അപകീർത്തി കേസിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. ജൂലൈ പത്തിന് ഹാജരാകാനും അദ്ദേഹത്തോട് കോടതി ഉത്തരവിട്ടു. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. പുതിയ കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഖാർഗെക്കെതിരായ കോടതി നടപടി.
ബജ്രംഗ് ദളിനെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പോലുള്ള നിയമവിരുദ്ധ സംഘടനകളുമായും താലിബാനി സംഘടനകളുമായി താരതമ്യം ചെയ്തു എന്നാണ് കോൺഗ്രസ് അധ്യക്ഷനെതിരായ ആരോപണം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലായിരുന്നു പരാമർശം. 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കേസ് നടത്തിപ്പ് സംബന്ധിച്ച ഫീസ് ഇനത്തിൽ 10 ലക്ഷം രൂപ നൽകണമെന്നും പരാതിക്കാരൻ ഖാർഗെയോട് ആവശ്യപ്പെട്ടു.
Also read-കർണാടകയിൽ കട്ടീൽ ഒഴിയുമോ? ശോഭ കരന്ദ്ലജെ ബിജെപി അധ്യക്ഷയാകുമോ?
പോപ്പുലർ ഫ്രണ്ടുമായും മറ്റ് താലിബാനി സംഘടനകളുമായും ബജ്‌റംഗ് ദളിനെ താരതമ്യപ്പെടുത്തുന്നത് കോടിക്കണക്കിന് വരുന്ന ബജ്‌റംഗ് ദൾ, ഹിന്ദു സുരക്ഷാ പരിഷത്ത് അംഗങ്ങളുടെ സൽപേരിനെ തകർക്കുന്നതിനും ഈ സംഘടനകളിലെ അനുയായികളെ അപകീർത്തിപ്പെടുത്തുന്നതിനും തുല്യമാണ് എന്നും ഹർജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ഈ സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. 224 ൽ 66 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് നേടാനായത്. ജനതാദൾ സെക്യുലറിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Karnataka, Mallikarjun Kharge