പഞ്ചാബ്: മുന്നൂറടി താഴ്ച്ചയുള്ള കുഴൽ കിണറിൽ ( borewell )വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം. ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. പഞ്ചാബിലെ ഗദ്രിവാല ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ഋതിക് എന്ന ആറ് വയസ്സുകാരനാണ് കുഴൽകിണറിൽ വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പട്ടിയെ കണ്ട് ഓടുന്നതിനിടയിൽ കുട്ടി കുഴിയിലേക്ക് വീണതാണെന്നാണ് റിപ്പോർട്ടുകൾ. തലകീഴായിട്ടായിരുന്നു കുഞ്ഞ് കുഴിയിലേക്ക് വീണത്. കിണറിന്റെ 65 അടിയോളം താഴ്ച്ചയിലേക്ക് കുഞ്ഞ് എത്തിയിരുന്നു.
ആർമി അടക്കമുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴൽ കിണറിന് സമാന്തരമായി കുഴി എടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ അരമണിക്കൂറിൽ വെറും 15 അടി കുഴിക്കാൻ മാത്രമാണ് ജെസിബി കൊണ്ട് സാധിച്ചത്.
കുഴിക്കുള്ളിൽ കുഞ്ഞിന് ഓക്സിജൻ ലഭിക്കാൻ ആവശ്യമായ നടപടികളും സ്വീകരിച്ചിരുന്നു. പുറത്തെത്തിക്കുമ്പോൾ ബോധരഹിതനായ നിലയിലായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കളിക്കുന്നതിനിടയിലാണ് കുട്ടിയെ പട്ടികൾ ഓടിച്ചത്. പട്ടികളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ കുഴൽകണിറിന് മുകളിൽ വിരിച്ച അടപ്പിൽ കയറുകയായിരുന്നു. കുട്ടി കയറിയതോടെ ഭാരം താങ്ങാനാകാതെ അടപ്പ് പൊട്ടിയാണ് താഴേക്ക് പതിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.