ദീപാവലിക്ക് പടക്കം പൊട്ടിച്ചു; 650 പേർ അറസ്റ്റിൽ, 2100 കേസുകൾ രജിസ്റ്റർ ചെയ്തു
Last Updated:
ചെന്നൈ: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചതിന് 650 പേരെ തമിഴ് നാട്ടിൽ അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിനാണ് ഇത്രയധികം ആളുകളെ അറസ്റ്റ ചെയ്തത്. 2100 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാവിലെ ആറുമണി മുതൽ ഏഴുമണി വരെയും വൈകുന്നേരം ഏഴുമണി മുതൽ എട്ടുമണി വരെയും ആയിരുന്നു തമിഴ്നാട്ടിൽ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ, ഈ സമയപരിധി ലംഘിച്ചതിനാണ് ഇത്രയധികം ആളുകൾക്ക് എതിരെ കേസെടുത്തത്.
ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 344 കേസുകളാണ് ചെന്നൈയിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത തേനി ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്.
സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പടക്കം പൊട്ടിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തിയത്. സമയനിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം ആശുപത്രി പരിസരങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പടക്കം പൊട്ടിക്കരുതെന്ന നിർദ്ദേശവും സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നു.
advertisement
ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെ മാത്രമേ പടക്കം പൊട്ടിക്കാവൂവെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാൽ, സമയക്രമത്തിൽ മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദീപാവലിക്ക് പുലർച്ചെ 4.30 മുതൽ 6.30 വരെയും പടക്കം പൊട്ടിക്കാൻ അനുവദിക്കണമെന്നായിരുന്നു തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഇത് ഭാഗികമായി അംഗീകരിച്ച സുപ്രീംകോടതി രണ്ടുമണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നും അത് ഏതു സമയത്ത് വേണമെന്ന് സംസ്ഥാനസർക്കാരിന് തീരുമാനിക്കാമെന്നും നിർദ്ദേശിച്ചിരുന്നു.
advertisement
ഒക്ടോബർ 23ലെ വിധിയിൽ അമിതശബ്ദവും കൂടിയ അന്തരീക്ഷ മലിനീകരണവുമുണ്ടാക്കുന്ന പടക്കങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുന്നു. ദീപാവലി ഉൾപ്പെടെ ഏത് ആഘോഷങ്ങൾക്കും രാത്രി എട്ടുമണി മുതൽ പത്തുമണി വരെയും ക്രിസ്മസ്, പുതുവത്സര ദിവസങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെയും മാത്രം പടക്കം പൊട്ടിക്കാൻ അനുമതി നൽകുന്നതാണ് വിധി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലിക്ക് പടക്കം പൊട്ടിച്ചു; 650 പേർ അറസ്റ്റിൽ, 2100 കേസുകൾ രജിസ്റ്റർ ചെയ്തു