ദുബായിൽ നിന്നും 18 കോടിയുടെ സ്വർണം കടത്തിയതിന് പിടിയിലായ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രപ്രതിനിധി രാജിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജിവെക്കുകയാണെന്ന് എക്‌സിൽ സാകിയ കുറിച്ചു
ന്യൂഡൽഹി: ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായെന്ന റിപ്പോർട്ടിന് പിന്നാലെ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥയാണ് സാകിയ. തനിക്ക് നേരെ വ്യക്തിപരമായ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സ്ഥാനം ഒഴിഞ്ഞത്.
കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായിൽനിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ ഡിആർഐയുടെ പിടിയിലായെന്നാണ് റിപ്പോർട്ട്.
മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ഓഫീസിൽ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷംമുതൽ ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ ആക്ടിങ് അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജിവെക്കുകയാണെന്ന് എക്‌സിൽ സാകിയ കുറിച്ചു. എന്നാൽ, ഏപ്രിൽ 25 ന് ഡിആർഐ സാകിയയുടെ കൈയിൽ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ല.
advertisement
ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കൾക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങൾ, തന്റെ കർത്തവ്യനിർവഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.
“എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും എന്റെ പരിശ്രമങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളുടെ നിരന്തരവും ഏകോപിതവുമായ സ്വഭാവം, സഹിക്കാവുന്ന പരിധി മറികടന്നിരിക്കുന്നു. ക്രിയാത്മകമായ സഹായത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ സംവിധാനത്തിനുള്ളിലെ ഏക വനിതാ പ്രതിനിധിയെയാണ് അന്യായമായി ലക്ഷ്യമിടുന്നതെന്ന് കൂടുതൽ വ്യക്തമാണ്," - സാകിയ ആരോപിച്ചു.
advertisement
തന്റെ ഭരണകാലത്ത് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നതായും സാകിയ വ്യക്തമാക്കി. "കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ പദവിയാണ്. നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണപരമായ ശ്രമങ്ങൾക്കും പങ്കിട്ട കാഴ്ചപ്പാടിനും ഞാൻ നന്ദിയുള്ളവളാണ്''- സാകിയ പറഞ്ഞു.
2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താൻ എംബസിയിൽ ആക്ടിങ് അംബാസിഡറായി ചുമതലയേറ്റത്. സാകിയയുടെ രാജിസംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Summary: Days after being caught by the Directorate of Revenue Intelligence (DRI) for allegedly trying to smuggle gold worth Rs 18 crore into India from Dubai, Zakia Wardak, Afghanistan’s Consul General in Mumbai, stepped down from the post alleging “personal attacks and defamation”.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 05, 2024 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദുബായിൽ നിന്നും 18 കോടിയുടെ സ്വർണം കടത്തിയതിന് പിടിയിലായ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രപ്രതിനിധി രാജിവച്ചു