സിപിഎം 15 കോടി അടയ്ക്കണം; സിപിഐ 11 കോടി; കോൺഗ്രസിന് പിന്നാലെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ആദായ നികുതി നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം
ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് സിപിഎമ്മിന് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് വീണ്ടും നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമുള്ള തുകയാണ് അടയ്ക്കേണ്ടത്.
സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിർദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുള്ള കുടിശ്ശികയും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയും അടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്.
advertisement
നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും അറിയിച്ചു. 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ഗോഖലെ എം പി പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാൻ ബിജെപി എല്ലാ വഴികളും നോക്കുകയാണെന്നും ഇഡി നടപടി നടക്കാതായപ്പോൾ ആദായനികുതി വകുപ്പിനെ ഇറക്കിയെന്നും ഗോഖലെ ആരോപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 29, 2024 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സിപിഎം 15 കോടി അടയ്ക്കണം; സിപിഐ 11 കോടി; കോൺഗ്രസിന് പിന്നാലെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ആദായ നികുതി നോട്ടീസ്


