സിഎഎ മുസ്ലീം വിരുദ്ധമെന്ന് അല്‍-ജസീറ; പ്രതികരിച്ച് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം 

Last Updated:

''മതത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം ഇല്ലാതാക്കാന്‍ ഈ നിയമത്തിന് കഴിയില്ല. ഈ നിയമം ഒരു മതത്തിനും എതിരെയുള്ളതല്ല''

കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൗരത്വ ഭേദഗതി നിയമത്തെ മുസ്ലീം വിരുദ്ധമെന്ന് മുദ്രകുത്തിയ അല്‍-ജസീറയ്‌ക്കെതിരെ മറുപടിയുമായി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് മറുപടിയുമായി രംഗത്തെത്തിയത്. തെറ്റായ വിവരമാണ് അല്‍-ജസീറയുടേതെന്ന് പിഐബി പ്രതികരിച്ചു. ''പൗരത്വ ഭേദഗതിയെപ്പറ്റി തെറ്റായ വിവരമാണ് അല്‍-ജസീറ നല്‍കിയിരിക്കുന്നത്,'' എന്നാണ് പിഐബി പ്രതികരിച്ചത്. ''മതത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം ഇല്ലാതാക്കാന്‍ ഈ നിയമത്തിന് കഴിയില്ല. ഈ നിയമം ഒരു മതത്തിനും എതിരെയുള്ളതല്ല,'' എന്നും പിഐബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
''അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന നിയമമാണിത്,'' എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- ഐയുഎംഎല്‍) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ നീക്കം.
advertisement
2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ ഏകപക്ഷീയമാണെന്നും അവ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങള്‍ക്ക് കീഴില്‍ അനുവദിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന 250 ഓളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും പുതിയ ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ മുസ്ലീം ലീഗ് പറഞ്ഞു. പുതിയ നിയമത്തിനും ചട്ടങ്ങള്‍ക്കും കീഴില്‍ പൗരത്വം ലഭിക്കുന്ന ആളുകളെ വേര്‍തിരിച്ചു കാണുന്ന ''അസാധാരണമായ സാഹചര്യം'' ഉടലെടുക്കുമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.
advertisement
' ബഹുമാനപ്പെട്ട കോടതി ഈ വിഷയം അന്തിമമായി തീരുമാനിക്കുന്നത് വരെ സിഎഎയും അതിന്റെ വ്യവസ്ഥകളും നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് താത്പര്യപ്പെടുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. കൂടാതെ ഇതിനെതിരെയുള്ള റിട്ട് ഹര്‍ജികള്‍ കഴിഞ്ഞ നാലര വര്‍ഷമായി തീര്‍പ്പാക്കാതെ കിടക്കുകയാണ്,'' മുസ്ലീം ലീഗ് ഹര്‍ജിയില്‍ വ്യക്തമാക്കി. 2019 ലാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നത്.
advertisement
നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
സിഎഎ മുസ്ലീം വിരുദ്ധമെന്ന് അല്‍-ജസീറ; പ്രതികരിച്ച് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം 
Next Article
advertisement
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
  • പ്രധാനമന്ത്രി മോദി ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു, ദീർഘകാല സമാധാനത്തിലേക്കുള്ള വഴി.

  • പാലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാല സമാധാനത്തിനുള്ള പ്രായോഗികമായ വഴി.

  • 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ; ഗാസ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ.

View All
advertisement