Amit Shah to News18 | 'വാക്സിൻ പുറത്തിറക്കുന്നതു വരെ മാസ്കും സാമൂഹിക അകലവും കോവിഡിന് എതിരായ ആയുധം'; അമിത് ഷാ
“മാസ്ക് ധരിക്കണമെന്നും കൈകൾ കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന അനുസരിക്കുക മാത്രമാണ് വാക്സിൻ കണ്ടെത്തുന്നതുവരെ കൊറോണയ്ക്കെതിരായ ഏക മരുന്ന്. ”

അമത് ഷാ
- News18 Malayalam
- Last Updated: October 17, 2020, 8:54 PM IST
ന്യൂഡൽഹി: നവരാത്രിയും ദീപാവലിയും പോലുള്ള ഉത്സവങ്ങൾ ജനങ്ങൾ ആഘോഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ മാസ്ക് ധരിച്ചും സമൂഹിക അകലം പാലിച്ചും കൈകൾ ശുചീകരിച്ചും വേണം ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടത്. ഇതിലൂടെ കൊറോണ വൈറസ് ബാധ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ശേഷം CNN-News18 ന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഓഗസ്റ്റിൽ കോവിഡ് പോസ്റ്റീവ് ആയതിനു പിന്നാലെ ഗുഡ്ഗാവിലെ ആശുപത്രിയിലാണ് ആദ്യം അമിത് ഷായെ പ്രവേശിപ്പിച്ചത്. തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റുകയും ഓഗസ്റ്റ് അവസാനം ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്തു. സെപ്റ്റംബറിൽ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ്ണ വൈദ്യപരിശോധനയ്ക്കു വേണ്ടിയായിരുന്നു ഇതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.
“മാസ്ക് ധരിക്കണമെന്നും കൈകൾ കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന അനുസരിക്കുക മാത്രമാണ് വാക്സിൻ കണ്ടെത്തുന്നതുവരെ കൊറോണയ്ക്കെതിരായ ഏക മരുന്ന്. ”- അമിത് ഷാ പറഞ്ഞു.
“പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊറോണയ്ക്കെതിരെ ശക്തമായ പോരാട്ടമാണ് സർക്കാർ നടത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കൊറോണ വൈറസിനെതിരായ പോരാട്ടം പൂർണമായും വിജയിക്കണമെങ്കിൽ അതിന് വേണ്ടി രാജ്യത്തെ ജനങ്ങളും തീരുമാനം എടുക്കണം. മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക എന്നീ മൂന്ന് മന്ത്രങ്ങൾ പിന്തുടർന്നാൽ ഈ വൈറസിൽ നിന്ന് നിരവധി പേരെ രക്ഷിക്കാൻ ഇതിന് കഴിയും”- ഷാ കൂട്ടിച്ചേർത്തു.
ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ വൈറസിനെതിരായ പ്രതിരോധ മാർഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വൈറസിനെ അതിജീവിക്കുന്നതിൽ ശ്രദ്ധ പുലർത്തി വേണം ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിൻ സംബന്ധിച്ച ചോദ്യത്തിന്, ഇതേക്കുറിച്ച് താനല്ല പറയേണ്ടതെന്നും അമിത് ഷാ പറഞ്ഞു. കോവിഡിനെതിരായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ വാക്സിൻ കൊണ്ട് പ്രയോജനമില്ലെന്നാണ് തൻരെ വ്യക്തിപരമായ അഭിപ്രായമെന്നും അമിത് ഷാ പറഞ്ഞു. വാക്സിൻ എപ്പോൾ പുറത്തിറക്കണമെന്നതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അന്താരാഷ്ട്ര സ്ഥാപനങ്ങളും ഐസിഎംആറുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.