Ayodhya Verdict | തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾ

Last Updated:

ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി മൂന്ന് മാസത്തനുള്ളിൽ ട്രസ്റ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ന്യൂഡൽഹി:  അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം രാമക്ഷേത്ര നിർമ്മാണത്തിനായി ഹിന്ദുക്കൾക്ക് നൽകിക്കൊണ്ട് സുപ്രീം കോടതി 150 വർഷം പഴക്കമുള്ള തർക്കത്തിൽ ഉത്തരവിട്ടു. ഇതിനു പകരമായി പള്ളി നിർമ്മാണത്തിനായി മുസ്ലീകൾക്ക് അഞ്ച് ഏക്കർ സ്ഥലം ലഭ്യമാക്കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഐക്യകണ്ഠ്യേന ഉത്തരവിട്ടു.
ചരിത്ര വിധിയിലെ 10 കാര്യങ്ങൾ:
1. നിബന്ധനകൾക്ക് വിധേയമായി മാത്രമെ ഹിന്ദുക്കൾക്ക് ഭൂമി ലഭിക്കൂവെന്നാണ് സുപ്രീംകോടതി വിധി. 2.77 ഏക്കർ സമുച്ചയം ഉൾപ്പെടെയുള്ള ഭൂമി, മൂന്ന് മാസത്തിനുള്ളിൽ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറും. ക്ഷേത്ര നിർമാണത്തിന്റെ നീരീക്ഷണ ചുമതല ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ട്രസ്റ്റ് അംഗങ്ങളെ നിയമിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
2. പള്ളി നിർമ്മിക്കാനായി മുസ്ലീംകൾക്ക് അഞ്ച് ഏക്കർ സ്ഥലം ലഭിക്കും. തർക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അന്തർഭാഗത്ത് അവകാശമുണ്ടെന്ന് തെളിയിക്കാൻ മുസ്ലീംകൾക്ക് സാധിച്ചില്ല. അതേസമയം തർക്ക സമുച്ചയത്തിന്റെ പുറത്തുള്ള മുറ്റം ഹിന്ദുക്കളുടെ കൈവശമാണെന്നും സുപ്രീം കോടതി വിധിച്ചു.
advertisement
3. കേസിലെ മൂന്ന് പ്രധാന കക്ഷികളായ രാം ലല്ലാ വിരാജ്മാൻ, നിർമ്മോഹി അഘാഡ, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് ഭൂമി പകുത്ത് നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും സുപ്രീംകോടതി വിലയിരുത്തി.
4. തർക്ക ഭൂമിയിലെ പള്ളിയിൽ അവകാശവാദം ഉന്നയിച്ചുള്ള ഷിയ വഖഫ് ബോർഡിന്റെ വാദം അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി തള്ളി.
5. 2003 ലെ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്  വെറും ഊഹമാണെന്ന് തള്ളിക്കളയാനാവില്ലെന്നു കോടതി നീരീക്ഷിച്ചു. ബാബറി മസ്ജിദ് നിർമിച്ചത് ഒഴിഞ്ഞു കിടന്ന സ്ഥലത്തല്ലെന്നും അതിനിടയിൽ ഒരു കെട്ടിടം നിലനിന്നിരുന്നു എന്നും കോടതി വ്യക്തമാക്കി.
advertisement
6. കെട്ടിടത്തിന്റെ അടിസ്ഥാന ഘടന ഇസ്ലാമിക മതത്തിന് അനുസൃതമല്ലെന്നും കോടതി പറഞ്ഞു. കരകൗശല വസ്തുക്കൾക്കും വാസ്തുവിദ്യാ തെളിവുകൾക്കും ഇസ്‌ലാമികേതര സ്വഭാവമുണ്ടായിരുന്നെന്നും ജസ്റ്റിസ് ഗഗോയി വായിച്ച വിധിയിൽ വ്യക്തമാക്കി. എന്നാൽ ആർക്കിയോളജിക്കൽ സർവെയുടെ റിപ്പോർട്ടിലും അടിസ്ഥാന ഘടന ഒരുക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞിട്ടില്ല.
7. സന്ന്യാസി സംഘടനായായ നിർമോഹി അഘാഡയ്ക്ക് പ്രതിനിധ്യം ലഭിക്കാൻ ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേക പദ്ധതി ആവ്ഷ്ക്കരിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസിലെ പ്രധാന കക്ഷികളിലൊന്നായ അഘാഡയുടെ ഹർജിയും കോടതി നിരസിച്ചു. തർക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അവകാശം അഘാഡ മനേജർക്കാണെന്ന വാദവും കോടതി തള്ളി. ട്രസ്റ്റ് രൂപീകരിക്കുന്നതു വരെ ഭൂമിയുടെ അവകാശം റിസീവർക്കായിരിക്കുമെന്നും കോടതി ഉത്തരവിട്ടു.
advertisement
8. ഹിന്ദുക്കൾ അയോധ്യയെ ശ്രീരാമന്റെ ജന്മസ്ഥലമായാണ് കണക്കാക്കുന്നത്. ശ്രീരാമൻ ഉള്ളിലെ താഴികക്കുടത്തിനു കീഴിലാണ് ജനിച്ചതെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ശ്രീരാമൻ അയോധ്യയിൽ ജനിച്ചെന്ന വിശ്വാസം തർക്കരഹിതമാണെന്നും കോടതി വിധിച്ചു.
9. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എസ്എ ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ സംയുക്തമായാണ് വിധി പുറപ്പെടുവിച്ചത്.
10. നവംബർ 17 ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് 40 ദിവസത്തെ വാദം കേട്ട ശേഷം മറ്റ് നാല് ജഡ്ജിമാരുമായി കൂടിയാലോചിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഇത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ വാദമായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Ayodhya Verdict | തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾ
Next Article
advertisement
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
  • 2020 ൽ നിർത്തിവച്ച ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനം പുനരാരംഭിക്കുമെന്ന് ഇന്ത്യ.

  • നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ഉപകാരപ്രദമാകും.

  • 2020 ൽ കോവിഡ്-19 കാരണം നിർത്തിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാങ്കേതിക ചർച്ചകൾ നടന്നു.

View All
advertisement