പരമ്പരാഗത - ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ആയുഷ് മന്ത്രാലയത്തിന്റെ പണി വരുന്നു; 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പാടില്ല'

Last Updated:

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന പരമ്പരാഗത-ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി ആയുഷ് മന്ത്രാലയം. ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോ മരുന്ന് നിര്‍മാതാക്കള്‍ക്കാണ് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ സുപ്രീം കോടതി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ആയുഷ് മന്ത്രാലയത്തിന്റെ ഇടപെടല്‍. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതാണ്, 100 ശതമാനം വെജിറ്റേറിയനാണ് എന്നിങ്ങനെ വ്യാജ പരസ്യം നല്‍കാന്‍ പാടില്ലെന്നാണ് ആയുഷ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്.
''മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വകവെയ്ക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും'' എന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്ക് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന അധികൃതര്‍ പരിശോധിക്കണമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു. ചില മരുന്ന് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ആയുഷ് മന്ത്രാലയം അംഗീകരിച്ചതെന്നും മറ്റും കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇത്തരം മരുന്നുകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
ആയുര്‍വേദ-യുനാനി-സിദ്ധ-ഹോമിയോ മരുന്നുകളുടെ നിര്‍മ്മാണത്തിന് ലൈസന്‍സോ അംഗീകാരമോ നല്‍കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ പേരില്‍ അവകാശ വാദം ഉന്നയിക്കുന്ന നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
100 ശതമാനം സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല, ശാശ്വത പരിഹാരം, എന്നിങ്ങനെ അവകാശപ്പെടുന്ന ആയുഷ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ തെറ്റാണെന്ന് മന്ത്രാലയം പറഞ്ഞു. സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിയുടെ അംഗീകാരം ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമായി കണക്കാക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
advertisement
1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ച് ഒരു മരുന്ന് നിര്‍മ്മിക്കാനോ വില്‍ക്കാനോ ഉള്ള അനുമതി നല്‍കുക മാത്രമാണ് ഒരു സംസ്ഥാന അതോറിറ്റി നല്‍കുന്ന ലൈസന്‍സിലൂടെ ഉദ്ദേശിക്കുന്നത്. നിലവില്‍ പുറത്തിറക്കിയ നിര്‍ദ്ദേശം മറ്റ് വകുപ്പുകളിലേക്ക് കൂടി എത്തിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
നാഷണല്‍ ഫാര്‍മകോ വിജിലന്‍സ് കോര്‍ഡിനേഷന്‍ സെന്ററിലേക്കും ഈ നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. ഏതെങ്കിലും മരുന്നുകള്‍ പാര്‍ശ്വഫലമുണ്ടാക്കുന്നുവെന്ന് കണ്ടാല്‍ അത്തരം മരുന്നുകളെ കര്‍ശനമായി നിരീക്ഷിച്ച് വരുന്ന സ്ഥാപനം കൂടിയാണിത്.
advertisement
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന നിയമങ്ങളെപ്പറ്റിയും നിര്‍ദ്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1945ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സിലെ 106 എ വകുപ്പില്‍ ഹോമിയോപ്പതി മരുന്നുകളുടെ പരസ്യവുമായി ബന്ധപ്പെട്ട ചട്ടങ്ങളെപ്പറ്റി പറയുന്നുണ്ട്. ആയുഷ് മരുന്നുകളുടെ പരസ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് 1954-ലും പ്രതിപാദിച്ചിട്ടുണ്ടെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
''ഇതിനെല്ലാം പുറമെ 2019ലെ ഉപഭോക്തൃ നിയമം, 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട്, എന്നിവയിലും തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളെപ്പറ്റി പറയുന്നുണ്ട്,'' എന്നും ആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പരമ്പരാഗത - ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ആയുഷ് മന്ത്രാലയത്തിന്റെ പണി വരുന്നു; 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പാടില്ല'
Next Article
advertisement
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
താലിബാൻ മന്ത്രി ആദ്യമായി ഇന്ത്യയിലേക്ക്; അറിയുമോ അമീര്‍ ഖാന്‍ മുത്താഖിയെ?
  • താലിബാൻ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നു.

  • മുത്താഖി-ജയ്ശങ്കര്‍ കൂടിക്കാഴ്ചയിൽ താലിബാനുമായുള്ള ബന്ധം, ഭീകരവാദം, വ്യാപാരം തുടങ്ങിയവ ചര്‍ച്ചയാകും.

  • മുത്താഖി ഇന്ത്യയില്‍ നിന്ന് വൈദ്യശാസ്ത്രം, അടിസ്ഥാന വികസനം, വികസന സംരംഭങ്ങള്‍ എന്നിവയില്‍ സഹകരണം തേടും.

View All
advertisement