മുംബൈ:
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരി മരുന്ന് കേസിൽ നടി
റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി.
റിയയുടെയും സഹോദരൻ ഷോവിക് ചക്രബർത്തിയുടേയും അടക്കം ആറ് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
റിയ ചക്രബർത്തി, ഷോവിക് ചക്രബർത്തി, അബ്ദുൽ ബാസിത്, സയ്ദ് വിലാത്ര, ദീപേഷ് സാവന്ത്, സാമുവൽ മിരാൻഡ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകൻ വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് റിയയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയയെ സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചൊവ്വാഴ്ച്ചയാണ് റിയയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് റിയ ചക്രബർത്തി.
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് അന്വേഷണവും നടക്കുന്നുണ്ട്.
അറസ്റ്റിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾ റിയയ്ക്ക് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. റിയയ്ക്കെതിരെ നടക്കുന്നത് ക്രൂരമായ മാധ്യമവിചാരണയാണെന്ന് താരങ്ങൾ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.