ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ആണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ നാലു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടങ്ങളിലും മെയ് രണ്ടിന് ആയിരിക്കും വോട്ടെണ്ണൽ.
അസമിൽ മൂന്ന് ഘട്ടമായിട്ട് ആയിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ട വോട്ടെടുപ്പ് മാർച്ച് 27നും രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ ഒന്നിനും മൂന്നാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനും ആയിരിക്കും. മെയ് രണ്ടിന് ആയിരിക്കും വോട്ടെണ്ണൽ.
കേരളത്തിൽ ഏപ്രിൽ ആറിന് ആയിരിക്കും വോട്ടെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണൽ. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് തന്നെ നടക്കും. കേരളത്തിന് ഒപ്പം തന്നെ ഏപ്രിൽ ആറിന് ആയിരിക്കും തമിഴ്നാട്ടിലും വോട്ടെടുപ്പ് നടക്കുക. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും ഏപ്രിൽ ആറിന് ആയിരിക്കും വോട്ടെടുപ്പ്.
പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പ് മാർച്ച് 27നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ഒന്നിനും മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനും നാലാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ പത്തിനും അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 17നും ആറാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നും ഏഴാം ഘട്ടം ഏപ്രിൽ 26നും അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും ആണ്.
കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. കോവിഡ് പോരാളികൾക്ക് ആദരവ് അർപ്പിച്ച് ആയിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനം ആരംഭിച്ചത്. 80 വയസ് കഴിഞ്ഞവർക്കും തപാൽ വോട്ടിന് അവസരം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കി.
Kerala Assembly Poll 2021 | കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി ആകെ 824 നിയമസഭ സീറ്റുകളിലേക്ക് ആയിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തമിഴ് നാട്, വെസ്റ്റ് ബംഗാൾ, കേരള, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 18.68 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. അസമിൽ 126 സീറ്റുകളിലേക്കും തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും വെസ്റ്റ് ബംഗാളിൽ 294 സീറ്റുകളിലേക്കും കേരളത്തിൽ 140 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കും ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്ന ദിവസം ഒരു മണിക്കൂർ അധികം അനുവദിക്കും.
തെരഞ്ഞെടുപ്പ് സമയത്ത് മതിയായ സി എ പി എഫിനെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
അതേസമയം, പ്രശ്ന സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവിടെ സി എ പി എഫിനെ നിയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പ്രശ്ന ബാധിതമായ പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കും. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമായിരിക്കും അനുവദിക്കുക. വീട് കയറിയുള്ള പ്രചരണത്തിന് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓൺലൈൻ ആയി നാമനിർദ്ദേശം സമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ നിലവിലുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഉടൻ തന്നെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചത് മതപരമായ ആഘോഷങ്ങളും തിയതികളും പരിഗണിച്ചാണെന്നും കമ്മീഷണർ വ്യക്തമാക്കി. സി ബി എസ് ഇ പരീക്ഷകളുടെ തീയതിയും പരിഗണിച്ചു.