ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് എംഎൽസി കെ. കവിതയെ ഇഡി രണ്ടാമതും ചോദ്യം ചെയ്യാനിരിക്കെ തെലങ്കാനയിൽ ബിജെപി – ബിആർഎസ് പോസ്റ്റർ യുദ്ധം രൂക്ഷമാകുന്നു. കെ. കവിതയെ രണ്ടാം തവണയും ഇഡി ചോദ്യം ചെയ്യലിന് വിധേയയാക്കും എന്നുറപ്പായതോടെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ബിആർഎസും ബിജെപിയും തമ്മിലുള്ള പോസ്റ്റർ യുദ്ധം ഇപ്പോൾ കൂടുതൽ രൂക്ഷമായി. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ ചിത്രത്തിന് മുകളിൽ ‘വാണ്ടഡ്’ എന്ന് എഴുതിയ പോസ്റ്ററുകൾ ഹൈദരാബാദിലെ രണ്ട് സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തേത്.
സന്തോഷ് എം.എൽ.എ. വേട്ടയിൽ കഴിവുള്ളയാളാണെന്നും ഇയാളുടെ വിവരം നൽകുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമായ 15,00,000 രൂപ പാരിതോഷികമായി ലഭിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.
നാല് ദിവസം മുമ്പ് ഹൈദരാബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പരിഹാസത്തോടെയുള്ള ബോർഡ് സ്ഥാപിച്ച് സ്വാഗതം ചെയ്തിരുന്നു. ‘വാഷിംഗ് പൗഡർ നിർമ്മ’ എന്ന പ്രശസ്തമായ പരസ്യചിത്രം സ്ഥാപിച്ചാണ് അമിത്ഷായ്ക്ക് സ്വീകരണം നൽകിയത്. മറ്റ് പാർട്ടികളിൽ നിന്ന് മാറി ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങൾ പരസ്യചിത്രത്തിലെ പെൺകുട്ടിയുടെ ചിത്രത്തിൽ മോർഫ് ചെയ്തു വച്ചു. ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, ഈശ്വരപ്പ തുടങ്ങിയ നേതാക്കൾ വ്യത്യസ്ത അഴിമതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്ററുകളിൽ ആരോപിച്ചിരുന്നു. അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ചേർന്നാൽ വെളുപ്പിച്ച് തരും എന്ന അർത്ഥത്തിലാണ് നിർമ്മയുടെ പരസ്യചിത്രം ഉപയോഗിച്ചത്.
കെ. കവിത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായ ആദ്യ ദിവസം ഹൈദരാബാദിൽ ചില പോസ്റ്ററുകൾ കണ്ടിരുന്നു. പ്രധാനമന്ത്രി മോദിയെ “ജനാധിപത്യം നശിപ്പിക്കുന്നവൻ” എന്നും “കാപട്യത്തിന്റെ പിതാമഹൻ” എന്നും വിളിക്കുന്ന പോസ്റ്ററുകൾ തെലങ്കാന തലസ്ഥാനത്തുടനീളമുള്ള പൊതു സ്ഥലങ്ങളിൽ പതിച്ചിരുന്നു. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളെയും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കവിതയെ ഇഡി വിളിച്ചു വരുത്തിയത്. അതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ സഖ്യകക്ഷിയായി മാറിയെന്ന് പറഞ്ഞ് മാർച്ച് എട്ടിന് ബിആർഎസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമൻസുകളെ “രാഷ്ട്രീയ പ്രേരിതം” എന്നായിരുന്നു ബിആർഎസ് നേതാവ് റവുല ശ്രീധർ റെഡ്ഡി പറഞ്ഞത്. ഇഡിയും ബിജെപിയും ഒഴികെ മറ്റാരും പുതിയ ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് ശരിക്കും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: BJP- BRS poster war in Telangana heightens tension as the ED prepares to question K. Kavitha for a second time
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.