അയോധ്യയിലെ രാമക്ഷേത്രം; നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗുഹാവാസിയായ വയോധികൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒരുകോടി രൂപയുടെ ചെക്കുമായി ഒരു സ്വാമി എത്തിയപ്പോൾ ഞെട്ടിപ്പോയെന്നാണ് ബാങ്ക് അധികൃതരും പറയുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
ഋഷികേശ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന ചെയ്ത് വയോധികൻ. പുണ്യനഗരമായ ഋഷികേശിലെ ഗുഹകളിൽ ഋഷിതുല്യ ജീവിതം നയിക്കുന്ന സ്വാമി ശങ്കർദാസ് എന്ന 83കാരനാണ് ഇത്രയും ഭീമമായ ഒരു തുക നല്‍കി ഞെട്ടിച്ചിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനായി വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ സംഭാവന പിരിവ് ആരംഭിച്ചിരുന്നു. ഇതിലേക്കാണ് ശങ്കര്‍ദാസ് ഒരുകോടി സംഭാവനയായി നല്‍കിയത്. ഉത്തരാഖണ്ഡിൽ നിന്നും മാത്രം ഇതുവരെ അഞ്ചുകോടിയോളം രൂപയാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ചത്.
'അരനൂറ്റാണ്ടിലധികമായി ഞാൻ ഒരു ഗുഹയിലാണ് കഴിഞ്ഞുവരുന്നത്. സന്യാസിയായ ഞാൻ ഈ ഗുഹകള്‍ സന്ദർശിക്കാനെത്തുന്ന ഭക്തർ നൽകുന്ന ദാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. വിഎച്ച്പിയുടെ ക്യാംപെയ്നെക്കുറിച്ച് അറിഞ്ഞതോടെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വപ്നം കണ്ടുവരുന്ന രാമക്ഷേത്രത്തിനായി ഒരുതുക സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു'. ശങ്കർദാസ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
advertisement
ഒരുകോടി രൂപയുടെ ചെക്കുമായി ഒരു സ്വാമി എത്തിയപ്പോൾ ഞെട്ടിപ്പോയെന്നാണ് ബാങ്ക് അധികൃതരും പറയുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ തന്നെ സ്ഥലത്തെ ആർഎസ്എസ് നേതാക്കളെ വിവരം അറിയിച്ചു. ഇവർ ബാങ്കിലെത്തിയാണ് രാം മന്ദിർ ട്രസ്റ്റിലേക്ക് സംഭാവന നൽകാന്‍ വേണ്ട സഹായങ്ങൾ സ്വാമിക്ക് ചെയ്തു കൊടുത്തത്.
advertisement
'സംഭാവന ശേഖരിക്കുക എന്നതിലുപരി, ദാസിനെപ്പോലെയുള്ള രാമഭക്തർക്കിടയിൽ ഐക്യവും സേവനവും ഉണ്ടാക്കുക എന്നതാണ് വിഎച്ച്പിയുടെ പ്രചാരണത്തിന്റെ ലക്ഷ്യം'എന്നാണ് വിഎച്ച്പി രാം മന്ദിർ ഡൊണേഷൻ ക്യാംപെയ്ൻ ഉത്തരാഖണ്ഡ് ഇൻ ചാർജ് രൺദീപ് പൊഖ്രിയ അറിയിച്ചത്. 'ഇതുവരെ അഞ്ചുകോടി രൂപയാണ് ഞങ്ങൾ ശേഖരിച്ചത്. മനസിൽ ഉദ്ദേശിച്ചതിനെക്കാൾ മൂന്നിരട്ടി തുകയാണിത്. എന്നിരുന്നാലും എത്ര രൂപ ലഭിച്ചു എന്നതിൽ അല്ല അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി രാമഭക്തരായ എത്ര ആളുകള്‍ മുന്നോട്ട് വരുന്നു എന്നതിലാണ് കാര്യം'പൊഖ്രിയ കൂട്ടിച്ചേർത്തു.
advertisement
അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്‍തുകകൾ തന്നെ സംഭാവനയായി ലഭിക്കുന്നുണ്ട്. ഈയടുത്ത് സൂറത്തിൽ നിന്നുള്ള ഒരു വജ്രവ്യാപാരി 11 കോടി രൂപയാണ് സംഭാവന നൽകിയത്. വിഎച്ച്പിയും ആർഎസ്എസും ചേർന്ന് രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ച സാഹചര്യത്തിൽ, സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്ന വ്യാപാരി ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നൽകിയത്. ആർഎസ്എസ് സഹയാത്രികൻ കൂടിയാണിയാൾ.
advertisement
ഗോവിന്ദ്ഭായിക്ക് പുറമേ, ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നൽകിയിട്ടുണ്ട്. സൂറത്തിൽ തന്നെയുള്ള മഹേഷ് കബൂത്തർവാല എന്നയാൾ അഞ്ച് കോടി രൂപയാണ് സംഭാവന നൽകിയത്. ലൊവേജി ബാദ്ഷാ എന്നയാൾ ഒരു കോടി രൂപയും സംഭാവന നൽകി. രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സംഭാവന നൽകിയത്. അതുപോലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2021 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെ രാമക്ഷേത്രം; നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗുഹാവാസിയായ വയോധികൻ