മോദിക്കെതിരെ 'വാളെടുത്ത്' രാഹുലും സ്റ്റാലിനും പിണറായിയും

News18 Malayalam
Updated: December 17, 2018, 8:46 AM IST
മോദിക്കെതിരെ 'വാളെടുത്ത്' രാഹുലും സ്റ്റാലിനും പിണറായിയും
  • Share this:
ചെന്നൈ: പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്രഖ്യാപനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ശ്രദ്ധേയമായി. ചെന്നൈയിൽ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിൽ സോണിയ ഗാന്ധിയാണ് കരുണാനിധിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ രജനീകാന്ത്, മുൻ കേന്ദ്രമന്ത്രിയും ബിജെപിയിലെ വിമതശബ്ദവുമായ ശത്രുഘ്നൻ സിൻഹ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി തുടങ്ങിയവരും പങ്കെടുത്തു. ഡിഎംകെ തലവൻ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിലെ പ്രതിപക്ഷനിരയിലെ അംഗങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

ഇന്ത്യയ്ക്ക് ഒരു പുതിയ പ്രധാനമന്ത്രിയായിരിക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനപ്പുറം ഉണ്ടാവുകയെന്നും താൻ നിർദേശിക്കുന്നത് രാഹുൽ ഗാന്ധിയുടെ പേരാണെന്നും റോയപ്പേട്ട വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളത്തിൽ സ്റ്റാലിൻ പറഞ്ഞു. 'പുതിയ പ്രധാനമന്ത്രിക്കായുള്ള ശ്രമങ്ങൾ ഡിഎംകെയുടെ ഭാഗത്തു നിന്നുണ്ടാകും. മോദിയുടെ ഫാസിസ്റ്റ് ഭരണത്തെ എതിർത്തു തോൽപിക്കാൻ ശേഷിയുള്ള രാഹുൽ ഗാന്ധിയെയാണു ഞാൻ പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദേശം ചെയ്യുന്നത്. മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തിനിടെ രാജ്യം 15 വർഷം പിന്നിലേക്കു പോയി. ഇനിയും ഒരവസരം കൂടി നൽകിയാൽ മോദി രാജ്യത്തെ 50 വർഷം പിന്നിലെത്തിക്കും. രാജാവിനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. അതിനാലാണ് എല്ലാവരും രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒത്തുചേരാൻ തീരുമാനിച്ചത്'- സ്റ്റാലിൻ പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. സുപ്രീംകോടതി, റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയെയൊന്നും നശിപ്പിക്കാൻ സമ്മതിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാനൊരുങ്ങുകയാണ്. രാജ്യത്തെ നശിപ്പിക്കുന്ന സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. കരുണാനിധി ജീവിച്ചിരുന്ന കാലത്തു തന്നെ ഇത്തരമൊരു ഐക്യം തന്റെ സ്വപ്നമായിരുന്നെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ വിപ്ലവകാരിയായിരുന്നു കരുണാനിധിയെന്നു പിണറായി വിജയൻ പറഞ്ഞു. എല്ലാ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴ് ഭാഷയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും ഓർമിക്കപ്പെടും. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു കരുണാനിധിയുടേത്. പ്രതിപക്ഷത്തെ എല്ലായിപ്പോഴും ബഹുമാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും പിണറായി പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നതാണ് ബിജെപി ഭരണമെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു. അഴിമതിക്കെതിരെ പോരാടേണ്ട സിബിഐയെ വരെ കേന്ദ്രം നശിപ്പിച്ചു. ഇപ്പോൾ സിബിഐയും അഴിമതിയുടെ നിഴലിലാണ്. രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഉപയോഗപ്പെടുത്തുകയാണു മോദിയെന്നും നായിഡു കുറ്റപ്പെടുത്തി.

First published: December 17, 2018, 8:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading