ഇന്റർഫേസ് /വാർത്ത /Kerala / മതിൽ ചരിത്രദൗത്യം; സുപ്രീം കോടതിവിധി വിശ്വാസിക്ക് അംഗീകരിക്കാനാവില്ല: വെള്ളാപ്പള്ളി

മതിൽ ചരിത്രദൗത്യം; സുപ്രീം കോടതിവിധി വിശ്വാസിക്ക് അംഗീകരിക്കാനാവില്ല: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

  • Share this:

    തിരുവനന്തപുരം: കാലഘട്ടത്തിന്റെ ദൗത്യമേറ്റെടുത്ത് സർക്കാരിന്റെ 'വനിതാ മതിൽ' വിജയിപ്പിക്കേണ്ടത് ഓരോ ഗുരുവിശ്വാസികളുടെയും യോഗ പ്രവർത്തകന്റെയും കടമയും കർത്തവ്യവുമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിനുവേണ്ടി എസ്എൻഡിപി യോഗത്തിന്റെ എല്ലാ സംഘടനാ സംവിധാനങ്ങളും സജ്ജമാക്കി പ്രവർത്തകരെ ഈ പരിപാടിയുടെ ആവശ്യകത ബോധ്യപ്പെടുത്തി ചരിത്രപരമായ ഈ ദൗത്യത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. യോഗനാദത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

    വനിതാ മതിലും ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തി യോഗം പ്രവർത്തകരുടെ ഇടയിൽ വിള്ളലുണ്ടാക്കാമെന്ന് കരുതേണ്ട. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി അത്യന്തം നിരാശാജനകമാണ്. അതൊരിക്കലും വിശ്വാസ സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. യോഗവും ആ നിലപാടുതന്നെയാണ് നാളിതുവരെ തുടർന്നുവരുന്നത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയും ശബരിമലയിൽ പോകില്ലെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അത് ലംഘിക്കാൻ ശ്രമിക്കുന്നവർ അവിശ്വാസികളാണ്. അവിശ്വാസികൾക്കുള്ള ഇടമല്ല ശബരിമല. എന്നാൽ അതിന്റെ പേരിൽ നിയമലംഘനവും ശബരിമല ക്ഷേത്രത്തിന്‍റെ ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നവും അവിടുത്തെ വരുമാനം മുടക്കുന്ന സമര ആഭാസങ്ങളോടും യോഗം യോജിക്കുന്നില്ല. ഇപ്പോൾ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ അതുവരെ കാത്തിക്കണം. അതിന്റെ പേരിൽ നാട്ടിൽ‌ സംഘർഷമുണ്ടാക്കി കലാപത്തിനും ജനാധിപത്യ ധ്വംസനത്തിനും ഭരണഘടനാവിരുദ്ധപ്രവർത്തനത്തിനും നേതൃത്വം കൊടുക്കാൻ യോഗത്തിനാവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

    നവേത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന വനിതാ മതിൽ എന്ന പരിപാടിയുടെ ചെയർമാനായി യോഗം ജനറൽ സെക്രട്ടറിയെ സർക്കാർ നിർദേശിച്ചതുതന്നെ എസ്എൻഡിപി യോഗത്തിനുള്ള അംഗീകാരമാണ്. ജാതിഭേദവും മതദ്വേഷവും ഗുരുദേവൻ ഇല്ലായ്മ ചെയ്ത നമ്മുടെ നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങളുടെ അവസരം ഉപയോഗിച്ച് വീണ്ടും ജാതിചിന്ത എല്ലാ മേഖലകളിലും രൂപപ്പെട്ടിരിക്കുന്നു. ഇതിന് ഇവിടുത്തെ എല്ലാ മുന്നണികളും ഒരേപോലെ ഉത്തരവാദികളാണ്. ഇന്നത്തെ സർക്കാർ ഇതിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞു എന്നുള്ളത് ആശാവഹമാണ്. ഗുരുദേവൻ തുടങ്ങിവച്ച നവോത്ഥാനമൂല്യങ്ങൾ നിലനിർത്താൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സർവാത്മനാ പിന്തുണ നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഗുരുദേവൻ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ യോഗത്തിന് കടമയുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

    First published:

    Tags: Sndp, Vellappally, Vellappally natesan, Women wall, Women wall kerala, എസ്എൻഡിപി, വനിതാ മതിൽ, വെള്ളാപ്പള്ളി നടേശൻ