വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല; തമിഴ്നാട് സ്വദേശിക്ക് 3 മാസം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
'ഭാര്യക്ക് ചിലവിന് നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഭർത്താവിന് വിട്ടുനിൽക്കാനാവില്ല അത് അയാളുടെ കടമയാണ്'
ന്യൂഡൽഹി: വേർപിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നൽകാത്തയാള്‍ക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. തമിഴ്നാട് സ്വദേശിനിയായ ആൾക്കാണ് മുന്‍ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചത്. വിവാഹമോചന സമയത്ത് ഭാര്യക്ക് ജീവനാംശമായി 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം ചിലവുകൾക്കായി മാസം 1.75 ലക്ഷം രൂപയും. ഈ തുക നൽകാൻ ഇയാൾ പരാജയപ്പെട്ടതോടെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
തുക നൽകാൻ ഏറെ നാളത്തെ സമയം നൽകിയെന്നും അതൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് ശിക്ഷാനടപടിയെന്നുമാണ് കോടതി വ്യക്തമാക്കിയത്. 'ഇതിനോടകം തന്നെ നീണ്ട നാളുകൾ ഞങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ അവസരങ്ങൾ അയാള്‍ ഉപയോഗപ്പെടുത്തിയില്ല. അതിനാൽ കോടതിയെ അവഹേളിച്ച കുറ്റത്തിന് ഇയാളെ മൂന്ന് മാസത്തെ തടവിന് വിധിച്ചിരിക്കുകയാണ്' ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു,
advertisement
കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഇയാൾ പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ശേഷമായിരുന്നു കോടതി ഉത്തരവ്, കുടിശ്ശികയുള്ള തുകയും കോടതി നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പ്രതിമാസ ചിലവ് തുകയും അടയ്ക്കാൻ അവസാന അവസരവും നൽകിയിരുന്നു. വിവാഹമോചനം നേടിയ ഭാര്യക്ക് ചിലവിന് നല്‍കാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഭർത്താവിന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ലെന്നും അതിൽ പരാജയപ്പെട്ടാൽ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു തുക നൽകാൻ അന്ത്യശാസനം നൽകിക്കൊണ്ട് ഫെബ്രുവരി 19 ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞത്. എന്നാൽ ഇതും പാലിക്കാത്ത സാഹചര്യത്തിലാണ് ശിക്ഷാ നടപടി.
advertisement
ടെലകോം മേഖലയില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശി, തനിക്ക് ഇത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചിരുന്നു. രണ്ട് വർഷത്തെ സമയവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പാലിക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട ഇയാളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഇത്തരത്തിൽ കേസുകളുള്ള ഒരാൾ ദേശസുരക്ഷയുമായ ബന്ധപ്പെട്ട ഒരു പദ്ധതിയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
advertisement
'ഭാര്യക്ക് ചിലവിന് നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഭർത്താവിന് വിട്ടുനിൽക്കാനാവില്ല അത് അയാളുടെ കടമയാണ്' എന്ന് കോടതിപറഞ്ഞിരുന്നു. പ്രതിമാസം 1.75 ലക്ഷം രൂപയും മുൻകാല കുടിശ്ശികയെല്ലാം ചേർത്ത് 2.60 കോടി രൂപയും നൽകണമെന്ന ഉത്തരവ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും ശരിവച്ചതാണ്. ഇത് തെറ്റിച്ചാൽ ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു എന്നിട്ട് പോലും ഒരു ഉത്തരവും ഭർത്താവ് പാലിച്ചിട്ടില്ലെന്നാണ് യുവതിയുടെ പരാതി.
2009 ലാണ് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ യുവതി ആദ്യമായി ഭർത്താവിനെതിരെ ഹർജി സമർപ്പിക്കുന്നത്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആയിരുന്നു കേസ്. ഈ കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഇതിനെതിരെ ഭര്‍ത്താവ് സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂലഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവിടെയും ഹർജി തള്ളിയ കോടതി എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 29, 2021 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല; തമിഴ്നാട് സ്വദേശിക്ക് 3 മാസം തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി