ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1996-ലെ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി. ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ജസ്വന്ത് സിംഗ്.
അഞ്ച് തവണ രാജ്യസഭയിലേക്കും (1980, 1986, 1998, 1999, 2004) നാല് തവണ ലോക്സഭയിലേക്കും (1990, 1991, 1996, 2009) ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. വാജ്‌പേയി ഭരണകാലത്ത് (1998-2004) ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രിസഭാ വകുപ്പുകൾ വിവിധ സമയങ്ങളിൽ അദ്ദേഹം കൈകാര്യം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും (1998–99) അദ്ദേഹം സേവനമനുഷ്ഠിച്ചു.
Deeply pained by the passing away of veteran BJP leader & former Minister, Shri Jaswant Singh ji. He served the nation in several capacities including the charge of Raksha Mantri. He distinguished himself as an effective Minister and Parliamentarian.
— Rajnath Singh (@rajnathsingh) September 27, 2020
1998 ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തിനുശേഷം, ആണവ നയവും തന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഎസ്എയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യയുടെ ഏക പ്രതിനിധിയായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി വാജ്‌പേയി അദ്ദേഹത്തെ നിയോഗിച്ചു. 2004 ൽ ബി.ജെപിക്ക് അധികാരം നഷ്ടമായ ശേഷം 2004 മുതൽ 2009 വരെ രാജ്യസഭയിൽ ജസ്വന്ത് സിംഗ് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.
Shri Jaswant Singh ji would be remembered for his intellectual capabilities and stellar record in service to the nation. He also played a key role in strengthening the BJP in Rajasthan. Condolences to his family and supporters in this sad hour. Om Shanti.
— Rajnath Singh (@rajnathsingh) September 27, 2020
2009 ൽ പാർട്ടിയുടെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ പരാജയത്തെക്കുറിച്ച് സമഗ്രമായ ചർച്ച ആവശ്യപ്പെട്ട് ജസ്വന്ത് സിംഗ് രംഗത്തെത്തിയിരുനന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പരാമർശങ്ങളും നേതൃത്വത്തെ ചൊടിപ്പിച്ചു. 2014 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്നും പുറത്താക്കി. 2014 ഓഗസ്റ്റ് 7 ന് ജസ്വന്ത് സിങ് കുളിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്നുമുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്ന ഇദ്ദേഹം കരസേനയിലെ ഉദ്യോഗസ്ഥനായി. ഇതിനു ശേഷമാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. ഭാര്യ ശിതൾകുമാരി. രണ്ട് മക്കളുണ്ട്. ജസ്വന്ത് സിംഗിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.