എട്ടുപൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജെയിനിൽ നിന്ന് അറസ്റ്റ് ചെയ്ത ഗുണ്ടാത്തലവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വികാസ് ദുബെയുമായി വന്ന വാഹനം തലകീഴായി മറിയുകയും ചെയ്തു. മൃതദേഹം ലാലാ ലജ്പത്റായി ആശുപത്രിയിലേക്കോ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പൊലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലും പുറത്തുമായി വികാസ് ദുബെക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ കൂട്ടാളികളായ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലരെ ഏറ്റുമുട്ടലില്‍ വധിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമര്‍ ദുബെയും കഴിഞ്ഞ ദിവസം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.