സൗജന്യ ഹെലികോപ്ടർ, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് വെക്കേഷൻ തുടങ്ങി വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് 'ആഢംബര'വാഗ്ദാനങ്ങൾ. സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടർ, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോൺ, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങൾ. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നൽകുന്നുണ്ട്.
ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാൻ സ്വന്തം മണ്ഡലമായ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. രാഷ്ട്രീയത്തിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്‍റെ മുഖ്യ ലക്ഷ്യമെന്നാണ് 34 കാരനായ ഈ സ്ഥാനാർത്ഥി പറയുന്നത്.
Also Read-
JEE Main Result | മുഴുവൻ മാർക്കും നേടി ഡൽഹി സ്വദേശിനി കാവ്യ; ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ പെൺകുട്ടി'തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കണമെന്ന് പലർക്കും അറിയില്ല. ഇതിന്‍റെ പ്രക്രിയ എന്താണെന്ന് പഠിക്കുന്നതിനാണ് ഞാനും മത്സരിക്കുന്നത്. ആളുകൾക്ക് ഇതിനെപ്പറ്റി ധാരണ വന്നാൽ രാഷ്ട്രീയക്കാർ ഭയപ്പെട്ടു തുടങ്ങും ഇത് മികച്ച ഭരണത്തിന് വഴിയൊരുക്കും' എന്നാണ് ഇയാളുടെ വാക്കുകൾ.
ഇരുപതിനായിരം രൂപ വായ്പയെടുത്താണ് തെരഞ്ഞെടുപ്പ് ചിലവുകൾ നടത്തുന്നതെന്നും ശരവണൻ പറയുന്നു. ഇതില്‍ പതിനായിരം രൂപ നാമനിര്‍ദേശം ഫയൽ ചെയ്യുന്നതിനായി ചിലവഴിച്ചു. 'സൗത്ത് മധുരയിൽ 2,30,000 വോട്ടുകളാണുള്ളത്. 5000 യുവാക്കൾ മത്സരിച്ച് 50 വോട്ട് വീതം നേടിയാൽ ഒരു പാർട്ടിക്കും തമിഴ്‌നാട്ടിൽ മത്സരിക്കാനാവില്ല. അവർ പൊതുജനങ്ങളെ ഭയപ്പെടും. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്' ശരവണൻ പറയുന്നു.
കഴിഞ്ഞ അൻപത് വർഷങ്ങളായി പലക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ജയിക്കുന്നത്. അവരുടെ സർക്കാർ ജനങ്ങളെ ഒരിക്കലും സേവിച്ചിട്ടില്ല. അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത തരത്തിലുള്ള ഒരു പ്രകടന പത്രിക പുറത്തിറക്കിയത്' തന്‍റെ അസാധാരണ വാഗ്ദാനങ്ങളെക്കുറിച്ച് ശരവണൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ചവറ്റുകുട്ടയാണ് ശരവണന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.